ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി ദുരൂഹമെന്ന് പന്തളം കൊട്ടാരം

Tuesday 12 January 2016 8:26 pm IST

പന്തളം: ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ദുരൂഹമാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ പറഞ്ഞു. തീര്‍ത്ഥാടനകാലം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴാണ് വിധിയെന്നത് സംശയത്തിനിട നല്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂരിലും ആചാരങ്ങള്‍ വ്യത്യസ്തവുമാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നിഷേധിച്ചിട്ടില്ല. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ പരിധിക്കു മുമ്പും പിമ്പും സ്ത്രീകള്‍ക്ക് പ്രവേശനമാകാം. ശബരിമല കാനനക്ഷേത്രമാണെന്ന വസ്തുതയും സ്ത്രീകളുടെ നിയന്ത്രണത്തിനു മറ്റൊരു കാരണമാണ്. കഠിനവ്രതമനുഷ്ഠിച്ചെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അതിനു വിഘാതമാവുന്നതൊന്നും ഉണ്ടാവാന്‍ പാടില്ല. അസംബ്ലിയില്‍ തീരുമാനമെടുക്കുന്ന ലാഘവത്തോടെ ക്ഷേത്രാചാരങ്ങള്‍ മാറ്റാനാവില്ല. അതിനു ദേവഹിതം അറിയണമെന്നും കോടതി പരാമര്‍ശം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് അധികൃതരെ തങ്ങളുടെ നിലപാട് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പൂജ ചെയ്തിട്ടില്ല എന്നതിനു തെളിവുണ്ടോയെന്ന കോടതിയുടെ പരാമര്‍ശത്തിനു, പൂജിച്ചിട്ടുണ്ടോയെന്നതിന് തെളിവുണ്ടോയെന്ന് അദ്ദേഹം പ്രതികരിച്ചു. ആചാരങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം: പ്രയാര്‍ പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെകളില്‍ നടന്നുവന്നിരുന്ന പിന്തുടര്‍ച്ചാ ആരാധനാക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പാലിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. ഹൈന്ദവ വിശ്വാസത്തില്‍ അനിതരസാധാരണമായ ദേവതാസങ്കല്‍പമാണ് ശബരിമല ശ്രീ അയ്യപ്പന്‍. നൈഷ്ഠികബ്രഹ്മചാരിയാണ് ശ്രീ അയ്യപ്പന്‍. ആ ശക്തിചൈതന്യം സംരക്ഷിക്കാനും പരിപാലിക്കാനും ദേവസ്വംബോര്‍ഡ് ആഗ്രഹിക്കുന്നു. അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വീക്ഷണത്തില്‍ വിലയിരുത്താന്‍ കോടതിയോട് അപേക്ഷിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വംബോര്‍ഡ് കക്ഷിചേരുകയും പുതിയ അഫിഡവിറ്റ് നല്‍കുകയും ചെയ്യും. 2008ലാണ് ഇതുസംബന്ധിച്ച കേസ് ഉടലെടുക്കുന്നത്. അന്ന് അധികാരത്തിലിരുന്ന സര്‍ക്കാര്‍ ദൈവനാമത്തില്‍ അധികാരത്തിലേറിയവരാണ് എന്നു കരുതുന്നില്ല. ആ സര്‍ക്കാര്‍ കൊടുത്ത അഫിഡവിറ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ശ്രദ്ധചെലുത്തികൊണ്ടാണ് കോടതി ഇത്തരത്തിലൊരു സംശയം ഉന്നയിച്ചത്. അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വിശ്വാസം പുലര്‍ത്താന്‍ ഹൈന്ദവഭക്തര്‍ക്കവകാശം ഉണ്ട്. ജനാധിപത്യ മതേതര രാജ്യമായ ഇവിടെ ഏതുമതത്തിന്റെ വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. പാരമ്പര്യമായ മതവിശ്വാസം സംരക്ഷിക്കാനുള്ള ഭരണഘടനാവിധേയമായ ഉത്തരവാദിത്വം ദേവസ്വംബോര്‍ഡ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.   ശബരിമലയുടെ പ്രത്യേകത കോടതിയെ ബോധ്യപ്പെടുത്തണം: വി.വി. രാജേഷ് തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകത സുപ്രീംകോടതിയെ സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്ന് ബിജെപി വക്താവ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി സര്‍ക്കാരിന്റെ നിലപാട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസില്‍ താല്പര്യം ഇല്ലെന്ന നിലപാടാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതു മാറ്റി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേവഹിതം അനുസരിച്ചാണ് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് എന്നാണ് തന്ത്രി പറയുന്നത്. കോടാനുകോടി ഭക്തരുടെ വിശ്വാസവും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്നതാണ്. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ പരാമര്‍ശത്തിനു കാരണം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാത്തതാണെന്നും രാജേഷ് പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ആചാരങ്ങള്‍ കണക്കിലെടുത്ത്: മന്ത്രി ചെന്നിത്തല തിരുവനന്തപുരം: ആചാരങ്ങള്‍ കണക്കിലെടുത്താണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൂടേ എന്ന സുപ്രീം കോടതി പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. എന്നാല്‍ അതിന് പ്രായപരിധിയുണ്ടെന്നുമാത്രം. പരമ്പരാഗതമായ ആചാരങ്ങളെയും ഭക്തരുടെ വിശ്വാസങ്ങളെയും കണക്കിലെടുത്തുമാത്രമേ സര്‍ക്കാര്‍ ഈ വിഷയത്തില്‍ സത്യവാങ്മൂലം നല്‍കൂ എന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളുടെ വികാരം കണക്കിലെടുത്തുമാത്രമേ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശബരിമലയിലെ ആചാരങ്ങളും പരിഗണിക്കേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തിിയ ശേഷമേ ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.