സിപിഎം നയംമാറ്റം വോട്ടിനുവേണ്ടി: കുമ്മനം

Tuesday 12 January 2016 2:58 pm IST

തിരുവനന്തപുരം: വരട്ടുതത്വങ്ങള്‍ കൈവിടാനും നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനും സിപിഎം തയ്യാറായെന്ന തോന്നല്‍ സൃഷ്ടിക്കുന്നത് വോട്ടിനുവേണ്ടി മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. എല്ലാം പൊതുമേഖലയില്‍ എന്ന പഴയനിലപാട് തുടര്‍ന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല. ട്രാക്ടറുകളെയും മെതിയന്ത്രങ്ങളെയും കമ്പ്യൂട്ടറുകളെയും ശക്തമായി എതിര്‍ത്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിയാണ് കേരളത്തെ വികസനത്തില്‍ പിന്നോട്ടു നയിച്ചത്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന പാര്‍ട്ടി ഇപ്പോള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത് ഗതികെട്ടപ്പോഴാണ്. സമീപനം മാറ്റിയാലും അവര്‍ക്ക് സ്വഭാവം ഉപേക്ഷിക്കാന്‍ സാധ്യമല്ല. ഈ കബളിപ്പിക്കല്‍ 1957 മുതല്‍ കണ്ടുവരുന്നതാണ്. ശബരിമല തീവയ്പ് സംഭവത്തില്‍ ഉണര്‍ന്ന ജനവികാരം മുതലെടുക്കാനായിരുന്നു അന്നത്തെ നാടകം. ശബരിമല ചാമ്പലാക്കാന്‍ തുനിഞ്ഞവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അന്ന് നല്‍കിയ ഉറപ്പ് ഇന്നുവരെ പാലിച്ചില്ല. 10 വര്‍ഷം മുമ്പ് എല്‍ഡിഎഫിന്റെ മുദ്രാവാക്യം അഴിമതിയും പെണ്‍വാണിഭവുമായിരുന്നു. കിളിരൂര്‍ കേസിലെ പ്രതികളെ വിലങ്ങിട്ട് നടത്തിക്കുമെന്ന് പറഞ്ഞ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിട്ടും വാക്കു പാലിച്ചില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തിയ പഠന കോണ്‍ഗ്രസ്സില്‍ ഉണ്ടാക്കിയ അടവുനയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യത്തിലാണ് അവസാനിക്കുക. ഇത്രകാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ പ്രത്യയശാസ്ത്രത്തിന്റെ അലകുംപിടിയും മാറ്റിക്കൊണ്ടാണ് പുതിയ സമീപനം സ്വീകരിച്ചിരിക്കുന്നത്. മതനിഷിദ്ധവും ജാതിവിരുദ്ധവുമായ സമീപനമായിരുന്നു അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ജാതിയെയും മതത്തെയും ഉള്‍ക്കൊള്ളാന്‍ മാത്രമല്ല ആരാധനാലയങ്ങളിലും ആചാരപദ്ധതികളിലും സജീവസാന്നിധ്യമുറപ്പിക്കാന്‍ അവര്‍ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും അത് കമ്മ്യൂണിസത്തിന്റെ അധഃപതനമാണ് വ്യക്തമാക്കുന്നത്. മതബിംബങ്ങളെ അംഗീകരിക്കാനും അവതരിപ്പിക്കാനും തയ്യാറാകുന്നത് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുമാത്രമാണ്. സിപിഐ എം എന്നതിലെ എം മാര്‍ക്‌സിനെയല്ല മാരീചനെയാണ് ദ്യോതിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകില്ല. ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല മുസ്ലിംരക്തം എന്നൊക്കെ പാടിപഠിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദുവായും ക്രിസ്ത്യാനിയായും മുസ്ലിമായും പ്രത്യക്ഷപ്പെടുന്നത് കൗതുകകരമാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്നതാണ്. മുന്നണികളുടെ ഒത്തുകച്ചവടത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ശക്തമായ ഒരു ബദല്‍ കണ്ടെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ആ ബദലിലൂടെ അഴിമതിയും ദുര്‍ഭരണവും നടത്തിയ ഇരുമുന്നണികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കുന്നതാവുമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.