പരമ്പരാഗത പാതയില്‍ അയ്യപ്പന്മാര്‍ക്ക് ആശ്രയം സന്നദ്ധ സംഘടനകള്‍ മാത്രം

Tuesday 12 January 2016 8:34 pm IST

ശബരിമല: കല്ലുംമുള്ളും നിറഞ്ഞ പരമ്പരാഗത പാതയി ല്‍ അയ്യപ്പന്മാര്‍ക്ക് ആശ്രയം സന്നദ്ധസംഘടനകള്‍ മാത്രം. പമ്പ- എരുമേലി പരമ്പരാഗത പാതയിലാണ് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം ഭക്ത ര്‍ക്ക് കൈത്താങ്ങാകുന്നത്. കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, മുക്കുഴി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം വഴി പമ്പയിലെത്തുന്ന ഭക്തര്‍ ഏറെ ദുരിതംപേറിയാണ് കാല്‍നടയായി ഇതുവഴി യാത്രചെയ്യുന്നത്. എന്നാല്‍ ഈ വഴിത്താരയില്‍ ദേവസ്വം ബോര്‍ഡിന്റെയോ മറ്റ് സര്‍ക്കാര്‍വകുപ്പുകളുടെയോ യാതൊരു സേവനവും ലഭ്യമല്ലാതെ ഭക്തര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് കുടിവെള്ളവും, അന്നദാനവും നല്‍കുന്നത് സന്നദ്ധ സംഘടനകളാണ്. പരമ്പരാഗത പാതയിലെ കാളകെട്ടി മുതല്‍ വനാന്തരങ്ങളിലൂടെവേണം ഭക്തര്‍ യാത്രചെയ്യുവാന്‍. വനാന്തരങ്ങളില്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്. എന്നാല്‍ ഭക്തര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കാന്‍ വനംവകുപ്പിന്റെ അനുമതിയോടെ സംഘടനകള്‍ക്ക് കഴിയുന്നുണ്ട്. കാളകെട്ടിമുതല്‍ ആദ്യ പത്തുകിലോമീറ്റര്‍ ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. തുടര്‍ന്നുള്ള പ്രദേശമാകട്ടെ പെരിയാര്‍ ടൈഗര്‍ പ്രോജക്ടിന്റെ പരിധിയില്‍ വരുന്നതുമാണ്. കാളകെട്ടി ദേവീക്ഷേത്രത്തില്‍ ഇവിടുത്തെ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്നദാനം ഭക്തര്‍ക്ക് വലിയ ആശ്രയമാകുന്നുണ്ട്. അഴുത, കല്ലിടാംകുന്ന്, കരിമല ടോപ്പ്, പെരിയാനവട്ടം എന്നിവിടങ്ങളില്‍ അഖിലഭാരത അയ്യപ്പസേവാസംഘമാണ് അന്നദാനം നടത്തുന്നത്. പരമ്പരാഗത പാതയില്‍ മറ്റൊരിടത്തും കുടിവെള്ളം പോലും ലഭിക്കില്ലെന്നത് ഭക്തരെ ഏറെകഷ്ടപ്പെടുത്തുന്നുണ്ട്. ഈ പാതയിലൂടെ കടന്നുവരുന്ന അയ്യപ്പന്മാര്‍ക്ക് പിന്നെയുള്ള ഏക ആശ്രയം വനംവകുപ്പ് ലേലത്തില്‍ നല്‍കിയിട്ടുള്ള കടകളാണ്. എന്നാല്‍ ഈ കച്ചവടക്കാരില്‍ പലരും ഭക്തരെ കൊള്ളയടിക്കുന്നതായാണ് പരാതി. ഒരുകുപ്പി കുടിവെള്ളത്തിന് 30രൂപവരെ ഇവര്‍ ഈടാക്കുന്നു. വിരിവയ്ക്കുവാന്‍ ആശ്രയിക്കുന്നതും ഈ കച്ചവടക്കാരുടെ താത്ക്കാലിക ടെന്റുകളെയാണ്. കൂട്ടമായെത്തുന്ന അയ്യപ്പന്മാരുടെ കച്ചവടം പ്രതീക്ഷിച്ച് പകല്‍സമയങ്ങളില്‍ സൗജന്യമായി വിരിവയ്ക്കുവാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ രാത്രിയേറെ ചെന്നാല്‍ പിന്നീട് ഇവരുടെ കച്ചവടക്കണ്ണുകള്‍ അയ്യപ്പന്മാരെ കൊത്തിവലിക്കുകയാണ്. പിന്നെ ഇവിടെ വിരിവയ്ക്കണമെങ്കില്‍ തലയെണ്ണി പണം നല്‍കണം. പല വിരിയിടങ്ങളിലും അമിതനിരക്ക് ഈടാക്കുന്നുണ്ട്. കാനനപാതയില്‍ ഒറ്റപ്പെട്ടുപോയാല്‍ സംഭവിക്കാവുന്ന ഗുരുതരപ്രശ്‌നങ്ങള്‍ മനസ്സില്‍കാണുന്ന ഭക്തര്‍ പിന്നീട് ഇവരുടെ ഇംഗിതത്തിന് വഴങ്ങുകയാണ്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും നോക്കുകുത്തിയാകുമ്പോള്‍ കര്‍മ്മനിരതരാകുവാന്‍ കഴിയുന്ന ചാരിതാര്‍ത്ഥ്യത്തിലാണ് സന്നദ്ധസംഘടനകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.