സംസ്‌കാരത്തെ അവഗണിച്ചുള്ള പരിഷ്‌ക്കാരം വലിയ ശാപം: മാതാ അമൃതാനന്ദമയി

Tuesday 12 January 2016 9:59 pm IST

കോഴിക്കോട്: മൂല്യങ്ങളെ അവഗണിച്ചുള്ള വിദ്യാഭ്യാസവും സംസ്‌ക്കാരത്തെ അവഗണിച്ചുള്ള പരിഷ്‌ക്കാരവുമാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ശാപമെന്ന് മാതാ അമൃതാനന്ദമയി അഭിപ്രായപ്പെട്ടു. കോഴിക്കോട് ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. പ്രകൃതിയെ അവഗണിച്ചുള്ള വികസനവും ആരോഗ്യത്തെ അവഗണിച്ചുള്ള ജീവിതരീതിയും മനുഷ്യനെ ഇന്ന് ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു പണ്ട് നമുക്കുണ്ടായിരുന്നത്. എന്നാല്‍ അതിന്ന് ഇല്ലാതായി. വിനയമാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്. എന്നാല്‍ വിദ്യാഭ്യാസമുള്ളവരില്‍ വിനയം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സംസ്‌കാരത്തെ മറന്നുള്ള പരിഷ്‌ക്കരണമാണുള്ളത്. ഇവിടെയെല്ലാം അനുകരണമാണ്. നമ്മള്‍ എന്തെന്ന് അറിയാതെ പാശ്ചാത്യരെ അനുകരിക്കാനുള്ള ശ്രമവും ഭ്രമവുമാണിവിടെ. പ്രകൃതിയെ മറന്നുള്ള വികസനം മൂലം മണ്ണും വെള്ളവും വായുവുമെല്ലാം ദിനംപ്രതി മലിനമാകുന്നു. വളമില്ലാതെ കൃഷിയിറക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിട്ടുണ്ട് ഇന്ന്. ലാഭക്കൊതിമൂലം കൃഷിക്കൊപ്പം വിഷമാണ് പ്രയോഗിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും യുവതലമുറ അടിമപ്പെടുന്ന കാഴ്ചയും കാണാനാകുന്നു. വ്യായാമത്തിന്റെയും അദ്ധ്വാനത്തിന്റെയും കുറവും ഭക്ഷണരീതിയും കാരണം കുട്ടികളടക്കമുള്ളവര്‍ രോഗങ്ങള്‍ക്ക് അടിമകളാകുന്നു. ദുഷ്ചിന്തയും അഹങ്കാരവും വെടിയണം. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. ആരോഗ്യമുള്ള വ്യക്തികള്‍ ഉണ്ടായാലേ ആരോഗ്യമുള്ള സമൂഹവും രാഷ്ട്രവും ഉണ്ടാവുകയുള്ളൂയെന്നും അമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.