സ്വാമി വിവേകാനന്ദന്‍ ഭാരതീയ സംസ്‌കാരത്തിന്റെ സഞ്ചരിക്കുന്ന മൂര്‍ത്തരൂപം: ആര്‍. സഞ്ജയന്‍

Tuesday 12 January 2016 10:14 pm IST

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ ഭാരതീയ സംസ്‌കാരത്തിന്റെ സഞ്ചരിക്കുന്ന മൂര്‍ത്തരൂപമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ഭാരതീയ ജ്ഞാന-ഋഷി പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് സ്വാമി വിവേകാനന്ദന്‍. പാരതന്ത്ര്യം വിധി കല്‍പ്പിതമെന്ന് ധരിച്ചിരുന്ന ഭാരതീയ സമൂഹത്തെ തട്ടി ഉണര്‍ത്തിയ അദ്ദേഹം ആധ്യാത്മികതയെ പുനരുജ്ജീവിപ്പിച്ച് സ്വാതന്ത്ര്യത്തിനായി പോരാടാനും ആഹ്വാനം ചെയ്തതായി സഞ്ജയന്‍ ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദന്റെ 153-ാം ജന്മജയന്തിയോടനുബന്ധിച്ച് ദേശീയ യുവജന ദിനത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന്‍ യുവാക്കള്‍ക്ക് ഉത്തമ മാതൃക എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹ്രസ്വകാലംമാത്രമാണ് സ്വാമി വിവേകാനന്ദന്‍ പ്രവര്‍ത്തിച്ചതെങ്കിലും യുഗങ്ങളോളം അത് സ്മരിക്കപ്പെടും. സൂര്യന്‍, കടല്‍ തുടങ്ങിയവയെ പോലെ നിത്യനൂതനമായി നിലകൊള്ളുന്ന പ്രതിഭാസമായ സ്വാമി വിവേകാനന്ദനെ ഉപമിക്കാന്‍ ലോകത്ത് മറ്റൊരു വ്യക്തിത്വമില്ല. യുവാക്കളില്‍ ആത്മവിശ്വാസവും കരുത്തും പുനരാനയിക്കുവാനാണ് അദ്ദേഹം പരിശ്രമിച്ചത്. ആധുനിക ഇന്ത്യന്‍ ദേശീയതയുടെ പ്രഭവസൂര്യനാണ് സ്വാമി. മനുഷ്യനെ ഈശ്വരനായി കണ്ട് ആരാധിക്കാനും ജീവസേവയാണ് യഥാര്‍ഥ ശിവസേവയെന്നും അദ്ദേഹം പഠിപ്പിച്ചു. മുഗള്‍ അടിമത്തത്തെക്കാള്‍ ദുസ്സഹമായിരുന്ന ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാന്‍ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ ചൈതന്യം കാലാതിവര്‍ത്തിയായി ഇന്നും ഭാരതത്തിലും ലോകത്തും നിലനില്‍ക്കുന്നതായി സഞ്ജയന്‍ പറഞ്ഞു. ജീവിതത്തിലുടനീളം ദേശാഭിമാനവും ദേശഭക്തിയും പുലര്‍ത്തിയ യോഗിയായിരുന്നു സ്വാമി വിവേകാനന്ദനെന്ന് സെമിനാറില്‍ ആധ്യക്ഷം വഹിച്ച ഇഗ്നോ റീജിയണല്‍ ഡയറക്ടര്‍ ഡോ ഗിരിജാ ദേവി പറഞ്ഞു. ജീവിതത്തില്‍ ലക്ഷ്യബോധം, ആത്മവിശ്വാസം, ആത്മാര്‍ഥത, ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം എന്നീ നാലുകാര്യങ്ങള്‍ ചെറുപ്പക്കാര്‍ അനുവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഭീരുത്വത്തെ അകറ്റി ധീരമായി മുന്നോട്ടു പോകാനാണ് അദ്ദേഹം നമ്മളോട് ആഹ്വാനം ചെയ്തതെന്നും ഡോ ഗിരിജാദേവി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ സെമിനാറില്‍ സന്നിഹിതനായിരുന്നു. എസ്. പ്രദീപ് സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.