മുന്നണികള്‍ പരാജയഭീതിയില്‍: പി.കെ. കൃഷ്ണദാസ്

Tuesday 12 January 2016 10:53 pm IST

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യുഡിഎഫും എല്‍ഡിഎഫും പരാജയഭീതിയിലാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം സെന്‍ട്രല്‍ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കായുള്ള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പ്കാലത്തും ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്. ഇന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന ചോദ്യത്തിലേക്ക് മാറിയത് സമഗ്ര പരിവര്‍ത്തനത്തിന്റെ സൂചനയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പങ്കാളിത്തമുള്ള സര്‍ക്കാര്‍ അധികാരത്തില്‍വരും.
സത്യവും അസത്യവും തിരിച്ചറിയാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായി കഴിഞ്ഞു. എല്ലാ അനുകൂല ഘടകങ്ങളുമുണ്ടായിട്ടും എന്തുകൊണ്ട് കേരളം പിന്തള്ളപ്പെട്ടുവെന്നും കേരളജനത പാര്‍ശ്വവത്കരിക്കപ്പെട്ടുവെന്നുമുള്ള ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അരപതിറ്റാണ്ട് മാറിമാറി ഭരിച്ച മുന്നണികള്‍ തുടര്‍ന്ന ജനവിരുദ്ധനയങ്ങളും ദുര്‍ഭരണവും അഴിമതിയും ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏകദേശം 28 വര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫും 25 വര്‍ഷം ഭരിച്ച യുഡിഎഫുമാണ് നവകേരളയാത്രയും കേരള രക്ഷായാത്രയും നടത്തുന്നത്. മാര്‍കിസ്റ്റുപാര്‍ട്ടി പഠന കോണ്‍ഗ്രസ് നടത്തി വികസനം പറയുന്നു. കാര്‍ഷികമേഖലയിലെ വളര്‍ച്ച ഇന്ന് -2.60 ശതമാനമാണ്. വ്യവസായിക വളര്‍ച്ച ഒരുശതമാനം. 1,54,000 കോടിരൂപയാണ് പൊതുകടം. ഈ കടം എന്തിനുവേണ്ടി എടുത്തു. യുഡിഎഫും എല്‍ഡിഎഫും നടത്തിയ അഴിമതിയുടെ ബാക്കിപത്രമാണ് ഈ കടം. കാര്‍ഷിക വ്യവസായിക മേഖലകള്‍ മുഴുവന്‍ തകര്‍ന്നു. ഇഎംഎസിന്റെ കാലത്ത് 1957ല്‍ വെറും 55,000 തൊഴില്‍രഹിതര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 48ലക്ഷമായി ഉയര്‍ന്നു. മൂല്യങ്ങള്‍ തകര്‍ന്നു. നന്മകള്‍ മുഴുവന്‍ നശിച്ചു.
രണ്ടാംലോകമഹായുദ്ധകാലത്ത് ആറ്റംബോംബ് വീണ ഹിരോഷിമയെയും നാഗസാക്കിയെയുംപോലെ കേരളം പുല്ലുപോലും മുളക്കാത്ത സംസ്ഥാനമായി യഥാര്‍ത്ഥത്തില്‍ ഇരുമുന്നണികളും ജനങ്ങളോട് വോട്ടുചോദിക്കുകയല്ല, മാപ്പു ചോദിക്കുകയാണ് വേണ്ടത്. ബിജെപി ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇരുമുന്നണികളും തങ്ങള്‍ പിന്തള്ളപ്പെടുമോ എന്ന ഭയത്തോടെയാണ് മത്സരിക്കുന്നത്. 2010നെക്കാള്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 3.5 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 10 ലക്ഷം വോട്ടാണ് കുറഞ്ഞത്.
ബിജെപിക്കാവട്ടെ 17 ലക്ഷം വോട്ടിന്റെ വര്‍ദ്ധനവുണ്ടായി. ബിജെപിയെ വിജയിപ്പിക്കാന്‍ പറ്റിയതരത്തില്‍ രാഷ്ട്രീയമാണ് കേരളത്തില്‍ പാകപ്പെട്ടു കഴിഞ്ഞു. ഇന്ന് ബിജെപിയും ബിജെപി വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ്. ഇരുമുന്നണികളുടെയും മുഖംമൂടി തുറന്നുകാട്ടുന്ന സംസ്ഥാന പ്രസിഡന്റ്കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള വിമോചനയാത്ര രാഷ്ട്രീയ കേരള ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ദേശീയ സമിതി അംഗം എം.എസ്. കുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി.വി.രാജന്‍, ബിജെപി സംസ്ഥാന സെക്രട്ടറി രാധാമണി, സംസ്ഥാനസമിതി അംഗം പി. അശോക് കുമാര്‍, ഭാരവാഹികളായ വലിയശാല പ്രവീണ്‍, വിനോദ് തമ്പി, ശംഖുമുഖം രാധാകൃഷ്ണന്‍, സുനില്‍, വേണുഗോപാല്‍, അഡ്വ മുരളി എന്നിവര്‍ പങ്കെടുത്തു.

 

ബിജെപി തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.