വാഴൂര്‍: കൊടുങ്ങൂരില്‍ വീട് കുത്തിത്തുറന്നു മോഷണം നടത്തിയ രണ്ടു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍.
കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിനു സമീപം അമ്പാടിയില്‍ വിജയകുമാറിന്റെ വീട്ടില്‍ മോഷണം നടത്തിയ തമിഴ്നാട് കമ്പം ടൗണിനു സമീപം റ്റിറ്റിവി ദിനകര്‍ തെരുവില്‍ സൂര്യ(31), ആനന്ദ്(33) എന്നിവരെയാണ് പൊന്‍കുന്നം സിഐ ആര് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 17ന് വിജയകുമാറും കുടുംബവും ചെന്നൈയ്ക്കു പോയി 24ന് തിരികെയെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതികള്‍ പത്തു പവന് സ്വര്‍ണവും 60,000 രൂപയും മൊബൈല്‍ ഫോണും ഒരു ടാബുമാണ് കവര്‍ന്നത്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുരുക്കാനായത്. കൂടുതല്‍ തൊണ്ടിമുതല്‍ കണ്ടെത്താനായി പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ അപേക്ഷ നല്‍കും.
കാഞ്ഞിരപ്പള്ളിയിലും രാമപുരത്തുമുള്പ്പടെ പത്തോളം മോഷണം നടത്തിയതായി പ്രതികള്‍ പോലീസിനു മൊഴിനല്‍കി.
എസ്ഐ എം.കെ. ഷെമീര്‍, ഷാഡോ പോലീസ് എസ്ഐമാരായ പി.പി. വര്‍ഗീസ്, എ.എം. മാത്യു, സിപിഒമാരായ കെ.എസ് അഭിലാഷ്, എം.ജെ. സുനില്കുമാര്എന്നിവര് ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: