മകര വിളക്കിന് ശബരിമല ഒരുങ്ങുന്നു; തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

Wednesday 13 January 2016 4:42 pm IST

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ടു. ആകാശത്തില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. ഇന്ന് രാവിലെ 6.15 ഓടെ പുറത്തെടുത്ത തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ വന്‍ ഭക്തജനതിരക്കാ‍ണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12.30 വരെ തീര്‍ത്ഥാടകര്‍ക്ക് കണ്ടു തൊഴാനുള്ള അവസരം ഉണ്ടായിരുന്നു. പന്തളം കൊട്ടാരത്തില്‍ കുടുംബാംഗത്തിന്റെ മരണം നടന്നതിനാല്‍ പ്രത്യേകം ശുദ്ധിക്രിയകള്‍ക്ക് ശേഷമാണ് തിരുവാഭരണ പേടകങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശിക്കാനായി അവസരം നല്‍കിയത്. ഗുരു സ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിളളയും, സംഘവുമാവും തിരുവാഭരണ പേടകങ്ങള്‍ ശിരസ്സിലേറ്റുക. ശബരിമലയിലേക്കുള്ള വഴി 31 കേന്ദ്രങ്ങളിലായി തിരുവാഭരണങ്ങള്‍ ഭക്തജന ദര്‍ശനത്തിനായി വയ്ക്കും. ഈ മാസം പതിനഞ്ചിനാണ് മകരവിളക്ക്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ശബരിമലയില്‍ ഇന്നാരംഭിക്കും. വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകളും നാളെ ബിംബശുദ്ധി ക്രിയകളുമാണ് നടക്കുക. ശ്രീകോവിലും തിരുമുറ്റവും ക്ഷേത്ര സങ്കേതവും ശുദ്ധീകരിക്കുക എന്നതാണ് പ്രാസാദശുദ്ധിയിലൂടെ നടക്കുക. 14ന് രാവിലെ മുതല്‍ ബിംബശുദ്ധി ക്രിയകള്‍ നടക്കും. ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവയിലൂടെ അയ്യപ്പ വിഗ്രഹം ശുദ്ധീകരിക്കും. മകരവിളക്കിനു മുന്‍പേ സന്നിധാനം പൂര്‍ണ്ണമായും ശുദ്ധമാക്കുന്നതിനാണ് ക്രിയകള്‍ നടക്കുന്നത്. 15ന് പുലര്‍ച്ചെ 1.27നാണ് മകരസംക്രമ പൂജ നടക്കുക. 14ന് രാത്രി അത്താഴപൂജയ്ക്കു ശേഷം ഹരിവാസനം പാടി നട അടച്ചു കഴിഞ്ഞാല്‍ 15ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷം സംക്രമ പൂജയ്ക്കായി നട തുറക്കും. ഈ സമയത്തും ഭക്തര്‍ക്ക് ദര്‍ശനമുണ്ടാകും. വൈകിട്ട് ദീപാരാധന സമയത്തിനു മുന്‍പായി പന്തളം കൊട്ടാരത്തില്‍ നിന്നു കൊണ്ടു വരുന്ന തിരുവാഭരണം സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരധനയ്ക്കു ശേഷമാവും മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുക. ജ്യോതി ദര്‍ശനത്തിനായി ആയിരക്കണക്കിനു ഭക്തര്‍ ഇതിനകം തന്നെ സന്നിധാനത്ത് തമ്പടിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.