മകരവിളക്ക്; അപകട സാദ്ധ്യതയുള്ള ഇടങ്ങളില്‍ സ്വാമിമാര്‍ വിരിവയ്ക്കുന്നത് തടയും

Wednesday 13 January 2016 8:37 pm IST

ശബരിമല: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അപകടസാധ്യതയുള്ള ഇടങ്ങളില്‍ വിരിവയ്ക്കുന്നത് തടയാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചതായി പൊലീസ് ചീഫ് കോ- ഓഡിനേറ്റര്‍ എഡിജിപി കെ. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാഗമായി 15ന് പകല്‍ 12നുശേഷം തീര്‍ഥാടകരെ പമ്പയില്‍നിന്നും കടത്തിവിടില്ല. തിരുവാഭരണം സന്നിധാനത്തെത്തിയശേഷമേ മരക്കൂട്ടത്തുനിന്നും തീര്‍ഥാടകരെ കടത്തിവിടൂ. അന്നേദിവസം ഉച്ചപൂജയ്ക്കുശേഷം ആരെയും പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കില്ല. ദീപാരാധനയും മകരവിളക്കും കഴിഞ്ഞശേഷം മാത്രമേ തീര്‍ഥാടകരെ സോപാനത്തേക്ക് വിടുകയുള്ളു.

15ന് പുലര്‍ച്ചെ 1.27ന് മകര സംക്രമപൂജ നടക്കുന്നതിനാല്‍ 14ന് രാത്രി നടയടച്ചാല്‍പിന്നെ ആരെയും പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. പുലര്‍ച്ചെ മൂന്നിന് നടതുറന്നശേഷം മാത്രമേ തീര്‍ഥാടകരെ കയറ്റിവിടുകയുള്ളു.

14ന് ഉച്ചയ്ക്കുശേഷം ദേവസ്വം ആവശ്യത്തിനുള്ള ട്രാക്ടര്‍ മാത്രമേ കടത്തിവിടൂ. 15ന് പകല്‍ 11മുതല്‍ ട്രാക്ടര്‍സര്‍വീസ് പൂര്‍ണമായും നിരോധിക്കും.

മകരവിളക്ക് കണ്ട് പാണ്ടിത്താവളത്തുനിന്നും ഇറങ്ങുന്നവരെ നാല് ഘട്ടമായി സന്നിധാനത്തേക്ക് വിടും. ഇതിന്റെ നിയന്ത്രണം കേന്ദ്രസേനയ്ക്കാണ്. തിരിച്ചുപോകുന്നവരെ ബെയ്‌ലിപാലം വഴി കടത്തി വിടും. അപ്പര്‍ ഹില്‍ടോപ്പില്‍ ഡബിള്‍ ബാരിക്കേഡ് സ്ഥാപിച്ചു.

വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ പ്രത്യേക സ്‌ക്വാഡുകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി. തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളില്‍ പ്രധാന അറിയിപ്പിനുപുറമെ മേഖല തിരിച്ചും അറിയിപ്പ് നല്‍കും. തീര്‍ത്ഥാടകര്‍ തങ്ങുന്ന ഇടങ്ങളില്‍ പാചകവാതക സിലിന്‍ഡര്‍ ഉപയോഗിക്കുന്നതും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ കയറി ജ്യോതി ദര്‍ശിക്കുന്നതും തടയും. കോഴിക്കാനത്ത് നിന്ന് പുല്ലുമേട്ടിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളൊഴിച്ച് മറ്റൊന്നും വിടില്ല. കോഴിക്കാനത്ത് നിന്നും വണ്ടിപ്പെരിയാറിലേക്ക് കെഎസ്ആര്‍ടിസിയുടെ 50സര്‍ക്കുലര്‍ സര്‍വീസ് മടക്കയാത്രയ്ക്കായി സജ്ജമാക്കി. ആംബുലന്‍സ്, പാമ്പുകടിയേറ്റവര്‍ക്കുള്ള പ്രാഥമിക ശുശ്രൂഷയ്ക്കായുള്ള മരുന്നും ഒരുക്കി.

മകരവിളക്കിനുശേഷം ആദ്യത്തെ 5മണിക്കൂര്‍ പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസിന് മാത്രമാണ് അനുമതി. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. സന്നിധാനം, പമ്പ, പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, ഹില്‍ടോപ്പ്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെനിയോഗിച്ചു. സ്‌പെഷല്‍ ഓഫീസര്‍ ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ, അസിസ്റ്റന്റ് എസ്ഒ ആര്‍ ദത്തന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.