മമത സൃഷ്ടിച്ച മാള്‍ഡ കലാപം

Thursday 14 January 2016 12:39 am IST

'ഞങ്ങള്‍ ഒരു അഗ്നിപര്‍വതത്തിന്റെ മുകളിലാണിരിക്കുന്നത്.'' കല്‍ക്കട്ട ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ഭഗവതി പ്രസാദ് ബാനര്‍ജിയുടെ വാക്കുകളാണിത്. മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളിലെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് കൃത്യമായി വിരല്‍ചൂണ്ടുന്നതാണ് ന്യായാധിപനായിരുന്ന ഒരാള്‍ പങ്കുവെയ്ക്കുന്ന ഈ ആശങ്ക. ഇസ്ലാമിക മതമൗലികവാദികളെയും മാവോയിസ്റ്റ് തീവ്രവാദികളെയും തന്റെ ഇടംവലം ചേര്‍ത്തുനിര്‍ത്തിയാണ് മമതാ ബാനര്‍ജി 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചത്. മൂന്നരപതിറ്റാണ്ടോളം നീണ്ട അധികാരത്തിന്റെ പിന്‍ബലത്തില്‍ സിപിഎം അടിച്ചേല്‍പ്പിച്ച ഇടതുഫാസിസത്തെ നേരിടാന്‍ സായുധ സമരത്തിന്റെ പാത സ്വീകരിച്ച മാവോയിസ്റ്റുകള്‍ക്ക് മമതയുടെ വിജയത്തില്‍ വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ മമത മാവോയിസ്റ്റുകളെ തന്ത്രപൂര്‍വം അകറ്റിനിര്‍ത്തി. തന്റെ ഭരണത്തിനെതിരെ അസുഖകരമായ ചോദ്യങ്ങളുന്നയിക്കുന്നവരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി. മാവോയിസ്റ്റ് നേതാവായിരുന്ന കിഷന്‍ജി (വ്യാജ) ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതുവരെയെത്തി കാര്യങ്ങള്‍. കിഷന്‍ജിയെ സര്‍ക്കാര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി വെളിപ്പെടുത്തുകയുണ്ടായി. മാവോയിസ്റ്റുകളെ അകറ്റിനിര്‍ത്തിയ മമതാ ബാനര്‍ജി പക്ഷെ ഇസ്ലാമിക മതമൗലികളോട് കൂടുതല്‍ അടുക്കുന്നതാണ് കണ്ടത്. മാവോയിസ്റ്റുകള്‍ വോട്ടുബാങ്ക് അല്ലാത്തതും മുസ്ലിം തീവ്രവാദികളെ ആശ്രയിച്ച് വലിയൊരു വോട്ടുബാങ്കുള്ളതുമാണ് ഇതിന് കാരണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ അനകൂലാന്തരീക്ഷം മുതലെടുത്ത് ഇസ്ലാമിക തീവ്രവാദികള്‍ കെട്ടഴിച്ചുവിട്ട പലതരം അക്രമപരമ്പരകള്‍ മുഖ്യമന്ത്രിയായ മമത കണ്ടില്ലെന്ന് നടിച്ചു. ഹൈന്ദവ നവോത്ഥാനത്തിന്റെ കളിത്തൊട്ടിലായ നാട്ടില്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് ഈ ആക്രമങ്ങളത്രയും നടന്നത്. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏത് കോണില്‍ അരങ്ങേറുന്ന നടപടികള്‍ക്കും ബംഗാളില്‍ പ്രതികരണങ്ങളുണ്ടായി. 2011 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഇസ്ലാമിക മതമൗലികവാദികളുടെ വധഭീഷണിയെത്തുടര്‍ന്ന് ഭാരതത്തില്‍ അഭയം തേടിയിരുന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിനെ അവര്‍ സ്വന്തം നാടിനെപ്പോലെ കരുതുന്ന ബംഗാളില്‍നിന്ന് ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നിഷ്‌കരുണം പുറംതള്ളിയത്. മമതയുടെ ഭരണത്തിന്‍ കീഴില്‍ തസ്ലീമ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അതുണ്ടായില്ലെന്നു മാത്രമല്ല, തസ്ലീമയുടെ ചോരയ്ക്കുവേണ്ടിയുള്ള ബംഗാളിലെ മതമൗലിക വാദികളുടെ ദാഹം വര്‍ധിക്കുകയാണുണ്ടായത്. താലിബാന്‍ വാഴ്ചക്കാലത്തെ അഫ്ഗാനില്‍ നടമാടിയതുപോലുള്ള അക്രമപരമ്പരകളാണ് മമതയുടെ ഭരണത്തിന്‍ കീഴിലെ ബംഗാളില്‍ അരങ്ങേറുന്നതെന്നു പറഞ്ഞാല്‍ തെല്ലും അതിശയോക്തിയാവില്ല. 2011 മെയ് മാസത്തിലാണ് മമത മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഒരുവര്‍ഷം തികയുന്നതിനുമുമ്പ് ഇസ്ലാമിക തീവ്രവാദികള്‍ അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. 2012 മെയ് 14 ന് താരാനഗറിലെ മുസ്ലിമായ എസ്‌യുസിഐ നേതാവ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി രണ്ട് ഗ്രാമങ്ങളിലെ നൂറോളം ഹിന്ദുവീടുകള്‍ കൊള്ളയടിച്ചുകൊണ്ടായിരുന്നു ഇത്. തുടര്‍ന്ന് ഒന്നിനുപുറകെ ഒന്നായി നിരവധി അക്രമങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്നു. ഇതിനെതിരെ ശക്തമായ നടപടി എടുത്തില്ലെന്ന് മാത്രമല്ല, ഇസ്ലാമിക തീവ്രവാദികളുടെ കേന്ദ്രങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളെപ്പോലും മമത ന്യായീകരിച്ചു. ഏറ്റവും ഒടുവിലാണ് മിനി അഫ്ഗാനിസ്ഥാന്‍ എന്നറിയപ്പെടുന്ന മാള്‍ഡയില്‍ ജനുവരി മൂന്നിന് നടന്ന കലാപം. പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചുവെന്ന് ആരോപിച്ച് രണ്ടരലക്ഷത്തോളം വരുന്ന മുസ്ലിങ്ങള്‍ അഞ്ജുമാന്‍ അഹ്‌ലെ ജമാഅത്ത് (എഎസ്‌ജെ) എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിച്ച് മാള്‍ഡയില്‍ കലാപം നടത്തുകയായിരുന്നു. കാലിയാചക് പോലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കിയ അക്രമികള്‍ ആയുധങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും കേസ് ഡയറികള്‍ നശിപ്പിക്കുകയും ചെയ്തു. പോലീസിന്റെതടക്കം മൂന്ന് ഡസനോളം വാഹനങ്ങള്‍ കത്തിച്ചു. പ്രദേശത്തെ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസും ഹിന്ദുക്കളുടെ കടകളും ആക്രമിച്ചു. ഒരു ക്ഷേത്രവും നശിപ്പിച്ചു. പോലീസ് ഓഫീസര്‍മാരടക്കം 35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കമലേഷ് തിവാരി എന്നയാള്‍ നടത്തിയതായി പറയപ്പെടുന്ന മതനിന്ദാപരമായ പരാമര്‍ശമാണത്രെ കാലിയാചക്കിലെ മുസ്ലിങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചത്. നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തു കിടക്കുന്ന ഉത്തര്‍പ്രദേശുകാരനാണ് ഈ തിവാരി. സമാജ്‌വാദിപാര്‍ട്ടി നേതാവും യുപി മന്ത്രിയുമായ അസംഖാന്‍ നടത്തിയ അങ്ങേയറ്റം അപകീര്‍ത്തികരമായ ഒരു പരാമര്‍ശത്തോട് പ്രതികരിക്കുകയാണ് തിവാരി ചെയ്തത്. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കാതിരുന്ന മന്ത്രിക്ക് മറുപടി പറയുകയാണ് താന്‍ ചെയ്തതെന്ന് തിവാരി വിശദീകരിക്കുകയുണ്ടായെങ്കിലും അത് ചെവിക്കൊള്ളാന്‍ ആരുമുണ്ടായില്ല. 2015 ഡിസംബര്‍ രണ്ടിന് തിവാരി അറസ്റ്റ് ചെയ്യപ്പെട്ടു. ദാറുള്‍ ഉലൂം ദേവബന്ദ് മദ്രസ നല്‍കിയ പരാതിയെത്തുടര്‍ന്നാണിത്. ബിജ്ന്നൂരില്‍ സംഘടിച്ച പതിനായിരക്കണക്കിന് മുസ്ലിങ്ങള്‍ തിവാരിയുടെ ചോരക്കുവേണ്ടി മുറവിളി കൂട്ടി. ജാമിയത് ഷബാദുല്‍ ഇസ്ലാം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി മൗലാന അന്‍വര്‍ഹഖ,് തിവാരിയെ വധിക്കുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.  ഈ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ യാതൊരു പ്രതികരണവുമില്ലാതിരുന്ന മാള്‍ഡയില്‍ ഒരുമാസത്തോളം കഴിഞ്ഞാണ് പ്രവാചകനിന്ദയുടെ പേരുപറഞ്ഞ് മുസ്ലിങ്ങള്‍ കലാപത്തിനിറങ്ങിയത്! അതും പ്രതിയായ കമലേഷ് തിവാരി അയാള്‍ ചെയ്ത 'കുറ്റ'ത്തിന് ഉത്തര്‍പ്രദേശിലെ ജയിലില്‍ കിടക്കുമ്പോള്‍!! ഉത്തര്‍പ്രദേശിലെ 'പ്രവാചക നിന്ദ' ഒരു മറമാത്രമായിരുന്നു. കലാപത്തിനിറങ്ങാനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റ് ചിലതാണ്. ബംഗ്ലാദേശ് അതിര്‍ത്തിയോട്  ചേര്‍ന്നുകിടക്കുന്ന മാള്‍ഡ ജില്ലയില്‍ ജനസംഖ്യയിലെ 52.2 ശതമാനവും മുസ്ലിങ്ങളാണ്. നൂറുകണക്കിന് നിയമവിരുദ്ധ മദ്രസകള്‍ ഇവിടെയുണ്ട്. ലഹരിവസ്തുവായ കറുപ്പാണ് ഇവിടുത്തെ  പ്രധാന കാര്‍ഷിക വിള. ജില്ലയുടെ ഗോപാല്‍ഗഞ്ച് പ്രദേശത്തു ചെന്നാല്‍ ഏക്കറുകണക്കിനുള്ള കറുപ്പ് കൃഷിയിടങ്ങള്‍ കാണാം. ഗോപാല്‍ ഗഞ്ച്, സുജാപൂര്‍, ബൈഷ്ണവ് നഗര്‍, കാലിയാചക് എന്നിവിടങ്ങളിലെ ആയിരത്തിലേറെ വരുന്ന ഫുട്‌ബോള്‍ മൈതാനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ കറുപ്പ് കൃഷിയിടങ്ങളായി മാറുകയാണ് പതിവ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. സീസണ്‍കാലത്ത് ഒരു കിലോ കറുപ്പിന് 60,000-70,000 രൂപയാണ് വില. പാക്കിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകളുടെയും ആയുധ ഇടപാടുകളുടെയും സിരാകേന്ദ്രവുമാണ് മാള്‍ഡ. ബംഗ്ലാദേശിലെയും ഭാരതത്തിലെയും ഇസ്ലാമിക ഭീകരര്‍ക്ക് അഫ്ഗാനിസ്ഥാനില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും പണവും ആയുധവും എത്തുന്നത് മാള്‍ഡ വഴിയാണ്. മാള്‍ഡയിലെ മുസ്ലിം വോട്ടുബാങ്കിന്റെ പിന്തുണ മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമായതിനാല്‍ അവിടുത്തെ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടയ്ക്കുകയാണ് പതിവ്. എന്നാല്‍ കറുപ്പ് കൃഷി ചെയ്യുന്ന ചിലര്‍ക്കെതിരെ കാലിയാചക് പോലീസ് നടപടിയെടുത്തിരുന്നു. 700 ഏക്കര്‍ വരുന്ന കറുപ്പ് കൃഷി ഇക്കഴിഞ്ഞ ഡിസംബറില്‍ നശിപ്പിക്കുകയുണ്ടായി.  നിരവധി പേര്‍ക്കെതിരെ കേസെടുത്തു. ഇതിനോടുള്ള പ്രതികാരമായാണ് ജനുവരി മൂന്നിന് മുസ്ലിങ്ങള്‍ കലാപത്തിനിറങ്ങിയത്. കാലിയാചക് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് നശിപ്പിച്ചതില്‍  കറുപ്പ് കൃഷിക്കെതിരെയുള്ള കേസ് രേഖകളും ഉള്‍പ്പെടുന്നു. കാലിയാചക് പോലീസ് സ്റ്റേഷനിലേക്ക് അക്രമകാരികള്‍ ഇരച്ചുകയറിയപ്പോള്‍ പോലീസുകാര്‍ ജീവനുംകൊണ്ട് ഓടുകയായിരുന്നു. ഇതിനുശേഷമാണ് കേസ് രേഖകള്‍ വാരിവലിച്ചിട്ട് അഗ്നിക്കിരയാക്കിയത്. ആയിരക്കണക്കിനാളുകള്‍ മണ്ണെണ്ണ ക്യാനുകളും മൂര്‍ച്ചയേറിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി ഇസ്ലാമിക പതാകയുമേന്തി കാലിയാചക് പ്രദേശത്ത് ഒത്തുകൂടുന്നത് കണ്ടുവെന്നാണ് സ്ഥലവാസിയായ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബംഗാളി ദിനപത്രമായ 'ദൈനിക് ജുഗസങ്ക' റിപ്പോര്‍ട്ട് ചെയ്തത് മുസ്ലിങ്ങളായ പ്രതിഷേധക്കാര്‍ ബോംബെറിഞ്ഞ് കാലിയാചക് പോലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കുകയായിരുന്നു എന്നാണ്. ദേശീയ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബിഎസ്എഫ് വാഹനം കലാപകാരികള്‍ തടഞ്ഞുനിര്‍ത്തി കത്തിച്ചു. ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു. ഇത്തരമൊരു ഭയാനകമായ സംഭവം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് സംഭവം ഓര്‍ത്തെടുക്കുന്നതിനിടെ കുഴഞ്ഞുവീണ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  പറഞ്ഞത്. ''ഇത്തരമൊരു സ്ഥിതിവിശേഷം ഞങ്ങള്‍ ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ല. ഞങ്ങള്‍ അങ്ങേയറ്റം ഭയചകിതരായിരുന്നു.'' കലാപകാരികള്‍ ആക്രമിച്ച് അഗ്നിക്കിരയാക്കിയ ഒരു ബസ്സില്‍നിന്ന് അത്ഭുകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ജില്ലാ ഭരണകൂടത്തെയാണ് കലാപകാരികള്‍ ലക്ഷ്യംവച്ചത്. തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു കലാപം. മാള്‍ഡയിലെ വര്‍ഗീയകലാപത്തെക്കുറിച്ച് ഒരാഴ്ച നിശബ്ദത പാലിച്ചശേഷം മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത് അത് വര്‍ഗീയ കലാപമല്ലെന്നാണ്. മമതയുടെ അഭിപ്രായത്തില്‍ അത് പ്രദേശവാസികളും അതിര്‍ത്തി രക്ഷാസേനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മാത്രമായിരുന്നു. പ്രശ്‌നപരിഹാരത്തിന് പോലീസ് ഇടപെട്ടുവെന്നുമാത്രം. ''നിങ്ങള്‍ക്ക് ലഭിക്കുന്നത് വളച്ചൊടിച്ച വസ്തുതകള്‍ മാത്രമാണ്. കാലിയാചക്കില്‍ വര്‍ഗീയകലാപമൊന്നും ഉണ്ടായിട്ടില്ല. പ്രദേശവാസികളും ബിഎസ്എഫുകാരും തമ്മിലുള്ള സംഘട്ടനമായിരുന്നു അത്. പോലീസിനെ ആരും ആക്രമിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാനാണ് പോലീസ് ശ്രമിച്ചത്. സര്‍ക്കാരിന് അതില്‍ കാര്യമൊന്നുമില്ല. അതൊരു വര്‍ഗീയ പരിപാടിയൊന്നുമായിരുന്നില്ല.'' പ്രതികരണം ചോദിച്ച വാര്‍ത്താലേഖകരോട് മമത പറഞ്ഞതാണിത്. വസ്തുതകള്‍ മറച്ചുപിടിക്കുക മാത്രമല്ല, താന്‍ വഹിക്കുന്ന പദവിക്ക് ചേരാത്ത വിധത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വര്‍ഗീയ കലാപം നടത്തിയവരെ വെള്ളപൂശുകയുമാണ് ഇവിടെ മമത ചെയ്യുന്നത്. 'പ്രദേശവാസികള്‍' എന്ന് മമത ലളിതവല്‍ക്കരിക്കുന്നവര്‍ അക്രമാസക്തരായ ജനക്കൂട്ടമായിരുന്നു. അവര്‍ മുസ്ലിങ്ങളുമായിരുന്നു. രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ മാത്രമേ വര്‍ഗീയ കലാപമാവൂ എന്ന് വാദിക്കുന്നത് എത്ര ആപല്‍ക്കരമാണ്. ഒരു മതത്തില്‍പ്പെട്ടവര്‍ നിയമവിരുദ്ധമായി സംഘടിച്ച് ഏകപക്ഷീയമായി ആക്രമം അഴിച്ചുവിടുന്നതും വര്‍ഗീയ കലാപമാണ്. ഈ സത്യത്തിന് നേരെ ബോധപൂര്‍വം കണ്ണടക്കുകയാണ് മമതയെന്ന് വ്യക്തം. മമതയുടെ വാദം അംഗീകരിച്ചാല്‍ വര്‍ഗീയ കലാപം രണ്ടുതരമുണ്ടെന്നു പറയേണ്ടിവരും; മതേതര വര്‍ഗീയ കലാപവും വെറും വര്‍ഗീയകലാപവും! രണ്ട് മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് കാളിയാചക് വര്‍ഗീയ കലാപത്തിന് മതേതര സര്‍ട്ടിഫിക്കറ്റു കൊടുക്കാന്‍ മമത ബാനര്‍ജിയെ പ്രേരിപ്പിക്കുന്നത്. അധികാരത്തില്‍ തുടരാന്‍ എന്തും ചെയ്യാമെന്ന ഒരു മാനസികാവസ്ഥയിലാണ് അവര്‍. അധികാരം മനസ്സില്‍ ഇത്രയേറെ ഇരുട്ട് നിറച്ച മറ്റൊരു  മുഖ്യമന്ത്രി രാജ്യത്ത് ഉണ്ടാകുമെന്ന് തോന്നുന്നില്ല. സംസ്ഥാന ജനസംഖ്യയിലെ 27 ശതമാനംവരുന്ന മുസ്ലിങ്ങളുടെ പിന്തുണ ഏതുവിധേനയും ഉറപ്പിക്കുകയാണ് മമതയുടെ ലക്ഷ്യം.  ഇതിനായി രാജ്യദ്രോഹത്തിനുവരെ യാതൊരു കൂസലുമില്ലാതെ അവര്‍ കൂട്ടുനില്‍ക്കുന്നു. ബംഗാളിലെ കലാപത്തോട് മതേതരവാദികളും നരേന്ദ്രമോദി ഭരണത്തിന്‍ കീഴിലെ 'അസഹിഷ്ണുതയുടെ' പേരില്‍  മുറവിളി കൂട്ടിയവരും പാലിച്ച  നിശബ്ദതയാണ് ഏറെ ഭയപ്പെടുത്തുന്നത്.  കോണ്‍ഗ്രസ് നേതാവായിരുന്ന ഘനിഖാന്‍ ചൗധരിയുടെ  തട്ടകമായിരുന്നു മാല്‍ഡ. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയും അവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയും ഇവിടെനിന്ന് നിരന്തരം ജയിച്ചുപോന്നയാളായിരുന്നു ഘനിഖാന്‍. മുസ്ലിം വോട്ട് ബാങ്കിന്റെ ആനുകൂല്യം പ്രതീക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം മാള്‍ഡയിലെ വര്‍ഗീയകലാപത്തോട് പ്രതികരിച്ചില്ല. മമത നരകത്തില്‍ പോകേണ്ടവളാണെന്ന് കരുതുന്ന സിപിഎമ്മും കനത്ത നിശബ്ദതയിലാണ്. ബംഗാളില്‍ മാത്രമല്ല കേരളത്തിലും മുസ്ലിം വോട്ടുബാങ്കിലാണല്ലോ അവരുടെയും കണ്ണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.