ശബരിമലയില്‍ യുവതികളുടെ പ്രവേശനം; ദേവഹിതമറിഞ്ഞുള്ള ഏകോപന ചര്‍ച്ചകള്‍ ഉണ്ടാകണം: കുമ്മനം

Wednesday 13 January 2016 7:23 pm IST

എരുമേലി: ശബരിമല ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് കീഴ്‌വഴക്കങ്ങളും ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള ദേവഹിതവും അറിഞ്ഞുള്ള ഹൈന്ദവ സമൂഹത്തിന്റെ ഏകോപന ചര്‍ച്ചകള്‍ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമലയുടെ കാര്യങ്ങള്‍ വിശ്വാസികളുടെ പ്രശ്‌നങ്ങളാണ്. എന്നാല്‍ മതേതരമെന്ന് പറയുന്ന ഇടത്-വലത് മുന്നണി സര്‍ക്കാര്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന നിലപാടാണ് നാളിതുവരെ സ്വീകരിച്ചിരിക്കുന്നത്.  ശബരിമല  മറ്റ് ക്ഷേത്രങ്ങളെപ്പോലെയല്ല. മറ്റ് ക്ഷേത്രങ്ങളില്‍ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും ദര്‍ശനം നടത്താം. എന്നാല്‍ ശബരിമലയില്‍ 41 ദിവസത്തെ വ്രതശുദ്ധി നിര്‍ബന്ധവും ഇതുവഴിയുള്ള ആചാരാനുഷ്ഠാനവുമാണ് ഉണ്ടാവേണ്ടത്്. ശബരിമലയില്‍ സ്ത്രീകളെയും കുട്ടികളേയും പ്രായമായവരെയും ദര്‍ശനത്തിന് സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ക്ഷേത്രങ്ങളിലും ഹൈന്ദവ സമൂഹത്തിലേതടക്കം ഏതൊരു സ്ത്രീകള്‍ക്കും ദര്‍ശനം നടത്താം. എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ ഇരുമുന്നണികളും ബോധപൂര്‍വ്വമായ വിവാദങ്ങളുണ്ടാക്കി ഹൈന്ദവ സമൂഹത്തിലെ വിശ്വാസങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. ശബരിമലയില്‍ സ്ത്രീകളെ കയറ്റിക്കൂടെ എന്ന സുപ്രീം കോടതിയുടെ അഭിപ്രായത്തിന് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകകര്‍ മൗനം പാലിച്ചതിനുപിന്നിലും ആ കേസ് കോടതിയിലെത്തിച്ച എല്‍ഡിഎഫ് മുന്നണിയുടെ നീക്കത്തിലും വിശ്വാസികളില്‍ സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ നിലവിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്‌പോലും അടിസ്ഥാന സൗകര്യം ഒരുക്കാതെ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് പറയുന്നതിനു പിന്നിലെ ദുരൂഹത വ്യക്തമാണെന്ന്  അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.