കോണ്‍ഗ്രസിനും സിപിഎമ്മിനും സമനില തെറ്റി: ബിജെപി

Wednesday 13 January 2016 7:42 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസിനും സിപിഎമ്മിനും സമനില തെറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു കക്ഷികള്‍ക്കും വിജയ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങള്‍ അതിനു തെളിവാണ്. ബിജെപി ഇടതുപക്ഷവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കെപിസിസി പ്രസിഡന്റ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി ബിജെപി അടുക്കുന്നുവെന്ന് സിപിഎമ്മും പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ലീഗുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനോ ധാരണയ്‌ക്കോ ഒരുക്കമല്ലെന്നത് ബിജെപി യുടെ പ്രഖ്യാപിത നയമാണ്. അതിലൊരു മാറ്റവും വരുത്തിയിട്ടില്ല. എന്നിട്ടും കുപ്രചരണത്തിനു കോണ്‍ഗ്രസും സിപിഎമ്മും ഒരുങ്ങുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തെ മുച്ചൂടും മുടിച്ച ഭരണത്തിന് നേതൃത്വം നല്‍കിയവരാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും. ജനങ്ങള്‍ അവരെ  തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനിയൊരു അവസരം കൂടി അവര്‍ക്ക് നല്‍കാതിരിക്കാനുള്ള ബോധം ജനങ്ങള്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. മൂന്നാമതൊരു ബദലിനെ ആഗ്രഹിക്കുന്ന ജനങ്ങളുടെ പ്രതീക്ഷയായി ബിജെപി വളര്‍ന്നുകഴിഞ്ഞു. അതിലുള്ള അസഹ്യതയാണ് ബിജെപി യെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്നാണ് യുപിഎ ഉണ്ടാക്കിയത്. അതില്‍ നിന്നും തത്കാലം മാറിനിന്ന കമ്മ്യൂണിസ്റ്റുകാര്‍ ഏതു നിമിഷവും കോണ്‍ഗ്രസുമായി വീണ്ടും കൂടെ ചേരും. കല്‍ക്കത്ത പ്ലീനത്തിന്റെ സൂചനയും അതുതന്നെയാണ്. ഏത് രൂപത്തില്‍ വന്നാലും ബിജെപിയെ തളര്‍ത്താനോ തടുക്കാനോ ഇക്കൂട്ടര്‍ക്ക് ആവില്ലെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.