തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

Thursday 14 January 2016 1:41 am IST

പന്തളം: മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടതോടെയായിരുന്നു തുടക്കം. പരമ്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസംകൊണ്ട് യാത്ര ശബരിമലയിലെത്തും. 15നാണ് മകരവിളക്ക്. കൊട്ടാരത്തിലെ അംഗം മരിച്ചതിലുള്ള അശൂലം കാരണം, സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ചെങ്കിലാത്ത് മഠത്തില്‍ കേശവന്‍ നമ്പൂതിരി ശുദ്ധി വരുത്തി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ കര്‍പ്പൂര ദീപത്തിന്റെ അകമ്പടിയോടെ അശുദ്ധിയില്ലാത്ത കുടുംബാംഗങ്ങള്‍ മേടക്കല്ല് പടിവഴി പുത്തന്‍മേടയിലേക്ക് എഴുന്നള്ളിച്ചു.  12.30വരെ ഭക്തജനങ്ങള്‍ ദര്‍ശനം നടത്തി. പിന്നീട് വലിയകോയിക്കല്‍ ക്ഷേത്ര മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി തിരുവാഭരണ പേടകത്തില്‍ നീരാഞ്ജനവും കര്‍പ്പൂരവുമുഴിഞ്ഞു. അശുദ്ധി കാരണം മറ്റു പൂജകളും വാദ്യവും ഉണ്ടായിരുന്നില്ല. തിരുവാഭരണങ്ങളടങ്ങിയ പ്രധാന പേടകം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും, പൂജാപാത്രങ്ങളടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും, കൊടിപ്പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി. ഘോഷയാത്രക്ക് അയ്യപ്പ സേവാസംഘം ഓഫീസിനു മുന്‍പില്‍ ക്ഷേത്ര ഉപദേശകസമിതി, ഭക്തജനസമിതി, പന്തളം നഗരസഭ, മണികണ്ഠനാല്‍ത്തറയില്‍ അയ്യപ്പസേവാ സംഘവും അയ്യപ്പസേവാ സമാജവും സ്വീകരണം നല്‍കി. ഘോഷയാത്ര കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി കുളനട ദേവി ക്ഷേത്ര സന്നിധിയില്‍ എത്തി.വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനം ഇല്ലാത്തതിനാല്‍ വലിയ ഭക്തജനതിരക്കാണ് കുളനട ദേവി ക്ഷേത്രത്തില്‍ ഉണ്ടായത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജപ്രതിനിധി ഇല്ലാതെ തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.