യുണൈറ്റഡിന് സമനില

Thursday 14 January 2016 2:44 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. ഇന്നലെ പുലര്‍ച്ചെ സമാപിച്ച കളിയില്‍ ന്യൂകാസില്‍ യുണൈറ്റഡാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. ആറ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ട് തവണ മുന്നിട്ടുനിന്നശേഷമാണ് മാഞ്ചസ്റ്റര്‍ സമനിലകൊണ്ട് തൃപ്തിപ്പെട്ടത്. 90-ാം മിനിറ്റില്‍ പോള്‍ ഡ്യുമ്മറ്റ് നേടിയ ഗോളാണ് ന്യൂകാസിലിന് സമനില നേടിക്കൊടുത്തത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും യുണൈറ്റഡിനേക്കാള്‍ മുന്നിട്ടുനിന്നത് ന്യൂകാസിലായിരുന്നുവെങ്കിലും മികച്ച ആക്രമണ ഫുട്‌ബോളാണ് ഇരുടീമുകളും നടത്തിയത്. ഒമ്പതാം മിനിറ്റില്‍ യുണൈറ്റഡ് ലീഡ് നേടി. പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം റൂണിയാണ് ലക്ഷ്യം കണ്ടത്. ഫെല്ലാനിയുടെ ഹെഡ്ഡര്‍ ബോക്‌സിനുള്ളില്‍ വച്ച് ന്യൂകാസില്‍ താരം ചാന്‍സല്‍ മെംബ കൈകൊണ്ട് തടുത്തതിനാണ് പെനാല്‍റ്റി. കിക്കെടുത്ത റൂണി ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. ലീഡ് നേടിയതോടെ യുണൈറ്റഡ് ആക്രമണം കനപ്പിച്ചു. എന്നാല്‍ റൂണിയും ഫെല്ലാനിയും അവസരങ്ങള്‍ നശിപ്പിച്ചു കളഞ്ഞു. ഇതിനിടെ ന്യൂകാസില്‍ താരങ്ങളും ചില മുന്നേറ്റങ്ങളുമായി യുണൈറ്റഡ് പ്രതിരോധത്തെ കീറിമുറിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 38-ാം മിനിറ്റില്‍ യുണൈറ്റഡ് ലീഡ് ഉയര്‍ത്തി. റൂണി നല്‍കിയ പാസ് സ്വീകരിച്ച് ഏറെക്കുറെ ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്ന് ജെസെ ലിന്‍ഗാര്‍ഡ് പായിച്ച വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. 42-ാം മിനിറ്റില്‍ ന്യൂകാസില്‍ ഒരു ഗോള്‍ മടക്കി. അലക്‌സാണ്ടര്‍ മിട്രോവിക്ക് ഹെഡ്ഡറിലൂടെ നല്‍കിയ പാസ് ജോര്‍ജിനിയോ വിനാല്‍ഡം വലംകാലന്‍ ഷോട്ടിലൂടെ യുണൈറ്റഡ് വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 2-1ന് യുണൈറ്റഡിന് സ്വന്തം. രണ്ടാം പകുതിയില്‍ സമനിലഗോളിനായി ന്യൂകാസിലാണ് ഉണര്‍ന്നുകളിച്ചത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 67-ാം മിനിറ്റില്‍ സമനില പിടിക്കുകയും ചെയ്തു. അവര്‍ക്ക് ലഭിച്ച പെനാല്‍റ്റി അലക്‌സാണ്ടര്‍ മിട്രോവിക്ക് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 79-ാം മിനിറ്റില്‍ വെയ്ന്‍ റൂണി ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ന്യൂകാസില്‍ വലയില്‍ കയറിയതോടെ 3-2ന് അവര്‍ മുന്നിലെത്തി. പിന്നീട് നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് പോള്‍ ഡ്യുമ്മറ്റ് പായിച്ച ഷോട്ട് യുണൈറ്റഡ് വല കുലുക്കിയതോടെ വിലപ്പെട്ട സമനിലയും അവര്‍ക്ക് സ്വന്തമായി. മറ്റൊരു മത്സരത്തില്‍ വെസ്റ്റ്ഹാം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബേണ്‍സ്മൗത്തിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു വെസ്റ്റ്ഹാമിന്റെ വിജയം. വിജയികള്‍ക്ക് വേണ്ടി എന്നര്‍ വലന്‍സിയ രണ്ട് ഗോളുകള്‍ നേടി. 17-ാം മിനിറ്റില്‍ ഹാരി ആര്‍ട്ടറിലൂടെ ബേണ്‍സ്മൗത്ത് ലീഡ് നേടി. എന്നാല്‍ 67-ാം മിനിറ്റില്‍ പെയറ്റിലൂടെ വെസ്റ്റ് ഹാം സമനില നേടുകയും ചെയ്തു. പിന്നീട് 74, 84 മിനിറ്റുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍. വിജയത്തോടെ വെസ്റ്റ്ഹാം 21 കൡകളില്‍ നിന്ന് 35 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ന്യൂകാസിലുമായി സമനില പാലിക്കേണ്ടിവന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 34 പോയിന്റുമായി ഒരു സ്ഥാനം താഴോട്ടിറങ്ങി ആറാമതായി. മറ്റൊരു കളിയില്‍ ആസ്റ്റണ്‍ വില്ല 58-ാം മിനിറ്റില്‍ ലെസ്‌കോട്ട് നേടിയ ഏക ഗോളിന് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.