ആന വിരണ്ടു; നഗരത്തില്‍ പരിഭ്രാന്തി

Thursday 14 January 2016 11:34 am IST

കോഴിക്കോട്: ആന വിരണ്ടതിനെ തുടര്‍ന്ന് നഗരം മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. വൈകീട്ട് ആറുമണിയോടെ വിരണ്ട ആനയെ തളയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. കോഴിക്കോട് തളി ക്ഷേത്രത്തില്‍ നിന്നും വളയനാട് ദേവീ ക്ഷേത്രത്തിലേക്ക് നാന്ദകം എഴുന്നെള്ളിക്കാന്‍ എത്തിക്കവേയാണ് അമ്പാടികണ്ണനെന്ന ആന വിരണ്ടത്. തുടര്‍ന്ന് പുതിയപാലം റോഡിലൂടെ ഓടിയ ആന പുതിയപാലം ജംഗ്ഷനില്‍ പള്ളിക്ക് സമീപം വെച്ച് എതിരെ വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ തകര്‍ത്തു. ആനയെ കണ്ട ഡ്രൈവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളിയുടെ ഗേറ്റും സമീപത്തെ കടയുടെ ബോര്‍ഡുകളും ആന നശിപ്പിച്ചിട്ടുണ്ട്. പള്ളിക്ക് സമീപം നിലയുറപ്പിച്ച ആനയെ തളക്കുന്നതിനായുള്ള ശ്രമങ്ങള്‍ രാത്രിയും തുടരുകയാണ്. റോഡിനിരുവശവും വടം കെട്ടിനിര്‍ത്തി അനുനയിപ്പിച്ച് ആനയെ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൃശ്ശൂരില്‍ നിന്നും എലിഫെന്റ് സ്‌ക്വാഡിനെ എത്തിച്ച് ആനയെ തളയ്ക്കാനാണ് ശ്രമം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരിയും പാപ്പാനും ആനയുടെ മുകളില്‍ നിന്ന് ചാടിയതിനാല്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ആന വിരണ്ടതുകാണാനെത്തിയവരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്. വേങ്ങരി പറമ്പില്‍ബസാര്‍ സ്വദേശി ജിജിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. നീരുവീഴ്ചയുടെ ചികിത്സയ്ക്ക് ശേഷം മൂന്ന് ദിവസം മുമ്പ് മാത്രമാണ് ആനയെ എഴുെന്നള്ളത്തിനായി എത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.