ചാത്തന്നൂര്‍: ചാത്തന്നൂരില്‍ തീപിടുത്തം. മൂന്ന് കടകള്‍ പൂര്‍ണ്ണമായും ഒരുകട ഭാഗികമായും കത്തിനശിച്ചു. ചാത്തന്നൂര്‍ പോസ്റ്റ് ഓഫീസിനു എതിര്‍വശത്ത് രണ്ടുമുറികളില്‍ പ്രവര്‍ത്തിക്കുന്ന തമ്പി അപ്പോള്‍സ്റ്ററി വര്‍ക്ക്സും അതിനു തൊട്ടു ചേര്‍ന്നുള്ള ടയര്‍ വര്‍ക്ക്ഷോപ്പുമാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇതിനോട് ചേര്‍ന്നുള്ള ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് കട ഭാഗികമായും കത്തി നശിച്ചു.
ഇന്നലെ രാവിലെ പത്തിനോടെയാണ് തീപിടിത്തമുണ്ടായത്. മറ്റു കടകളിലേക്കും തീയാളി പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മറ്റുകടകളിലെ സാധനങ്ങള്‍ മാറ്റുകയും പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് എത്തി അരമണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു.
ഇലക്ട്രിക് കടയില്‍ പണിക്ക് വേണ്ടി ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു എങ്കിലും കട തുറന്നിരുന്നതിനാലും സാധനങ്ങള്‍ വെളിയില്‍ മാറ്റിയതിനാലും കൂടുതല്‍ നാശനഷ്ടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: