അഹങ്കാരത്തെ കളയണം

Thursday 14 January 2016 7:30 pm IST

ഈശ്വരനെ ഉള്‍ക്കൊണ്ടു എന്നാണ് നമ്മള്‍ചെയ്യുന്ന ഒരു നല്ല കാര്യം, ഈശ്വരനിലേക്കുള്ള ഒരടിവെക്കലാണ്. അതോടെ മറ്റുള്ള സദ്ഗുണങ്ങള്‍ വന്നു കൊള്ളും. പക്ഷേ,തുടക്കത്തില്‍ ഒരു നല്ല ഗുണമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണം. എങ്കിലേ, ഇതു സാധ്യമാകൂ. ഈശ്വരന്‍ എപ്പോഴും നമ്മില്‍ കൃപചൊരിയുമെങ്കിലും, അതു നമുക്കു പ്രയോജനപ്പെടണമെങ്കില്‍, അല്പം പ്രയത്‌നം നമ്മില്‍ നിന്നു കൂടിയുണ്ടാകണം. ഈശ്വരന്‍ കനിഞ്ഞാലും, അതു സ്വീകരിക്കുവാനുള്ള മനസ്സ് നമ്മിലില്ലെങ്കില്‍ പ്രയോജനമില്ല. പകല്‍ നേരം മുറിയുടെ വാതിലുകളും ജനലകളും അടച്ചിട്ടശേഷം 'എനിക്കുമാത്രം സൂര്യപ്രകാശം തരുന്നില്ല' എന്നു പറഞ്ഞിട്ടു കാര്യമില്ല. സൂര്യന്റെ പ്രകാശം എവിടെയുമുണ്ട്. അതു കിട്ടാന്‍ വാതിലുകള്‍ തുറന്നാല്‍ മാത്രം മതി. അതുപോലെ ഈശ്വരന്റെ കൃപലഭിക്കാന്‍ നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കണം. അതിനാല്‍ ഈശ്വരന്റെ കൃപയേക്കാള്‍ ഉപരി, ആദ്യം നമ്മുടെ മനസ്സിന്റെ കൃപ നമുക്കു കിട്ടണം. അവിടുന്ന് കൃപാലുവാണ്. നമ്മുടെ മനസ്സിന്റെ കൃപയില്ലായ്മയാണ് അവിടുത്തെ കൃപ ഉള്‍ക്കൊള്ളുന്നതിന് തടസ്സമായി നില്‍ക്കുനത്. ഒരാള്‍, നമുക്ക് ഒരു വസ്തു തരുവാനായി നീട്ടുന്ന സമയം, നമ്മള്‍ അഹങ്കാരത്തോടെ നിന്നാല്‍ ' 'ഓ,ഇവര്‍ ഇത്ര അഹങ്കാരിയാണല്ലോ, ഇവനിതുകൊടുക്കണ്ട, മറ്റാര്‍ക്കങ്കിലും നല്‍കാം' എന്ന് വിചാരിച്ച് അതു തിരിച്ചെടുക്കും. അവിടെ ആത്മകൃപ നമുക്ക് ലഭിക്കാതെപോയി. ഒരു സാധനം ഒരാള്‍ നല്‍കാന്‍ ഭാവിച്ചെങ്കിലും നമ്മിലെ അഹങ്കാരം കാരണം അതു നഷ്ടമായി. നമുക്കു ലഭിക്കേണ്ടതായ കൃപ, നമ്മുടെ മനസ്സ് സജ്ജമാകാതിരിക്കുന്നതു കാരണം സ്വീകരിക്കാനായില്ല. ചില അവസരങ്ങളില്‍ നമ്മുടെ വിവേക ബുദ്ധി പറയും, 'ഇങ്ങനെ ചെയ്യൂ' എന്ന് . പക്ഷേ, നമ്മുടെ മനസ്സ് സമ്മതിക്കില്ല. ബുദ്ധി പറയും, 'നീ വിനയം കാത്തിരിക്കൂ' എന്ന് അപ്പോള്‍ മനസ്സു പറയും, ഇല്ല, അങ്ങനെ വിനയം കാണിച്ചാല്‍ ശരിയാവില്ല. അവന്റെ മുന്നില്‍ എനിക്കു തല കുനിക്കുവാന്‍ പറ്റില്ല എന്ന്. ഫലമോ, നേടാമായിരുന്ന വസ്തുക്കള്‍ നഷ്ടമാകും. സാധിക്കാമായിരുന്ന കാര്യങ്ങള്‍ നടക്കാതെ പോകും. അതില്‍ ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്ക് ആത്മകൃപയാണ് ആവശ്യം. ഒരു ചുവട് ഈശ്വരനിലേക്ക് വെക്കുക. അതിനായി അഹങ്കാരം ഇല്ലാതെയാവണം. അതിനാണ് അമ്മ എപ്പോഴും പറയാറുള്ളത്. 'മക്കളേ, ഒരു തുടക്കക്കാരനായിരിക്കൂ' എന്ന്. ഒരു തുടക്കക്കാരന്‍ എന്നഭാവം നമ്മുടെ അഹങ്കാരത്തിന്റെ പത്തികളെ ഒതുക്കിവെക്കും. തുടക്കക്കാരനായിരിക്കുക എന്നാല്‍ എന്നും പുരോഗതിയില്ലാതെ ഇരിക്കുക എന്നതല്ല സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ജോലിചെയ്യുമ്പോള്‍ എങ്ങനെ നീങ്ങണം എന്നു സംശയം തോന്നും. ഓരോന്നിനും അതിന്റെതായ ധര്‍മമുണ്ട്. അതനുസരിച്ചു തന്നെ നീങ്ങണം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.