സാനിയ-ഹിംഗിസ് സഖ്യത്തിന് ചരിത്രനേട്ടം

Thursday 14 January 2016 7:54 pm IST

സിഡ്‌നി: ഇന്ത്യയുടെ സാനിയ മിര്‍സ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ലോക റെക്കോര്‍ഡ്. വനിത ഡബിള്‍സില്‍ തുടര്‍ച്ചയായി 29 മത്സരങ്ങള്‍ വിജയിച്ചാണ് ഇരുവരും റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 1994-ല്‍ പ്യൂര്‍ട്ടോറിക്കയുടെ ജിഗി ഫെര്‍ണാണ്ടസ്-ബലാറസിന്റെ നടാഷ സ്വെരേവ സഖ്യം സ്വന്തമാക്കിയ തുടര്‍ച്ചയായ 28 ജയങ്ങളെന്ന റെക്കോര്‍ഡാണ് സാനിയ-ഹിംഗിസ് സഖ്യം മറികടന്നത്. ബുധനാഴ്ച ചൈനയുടെ ചെന്‍ ലിയാങ്–ഷുവായ് പെങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സാനിയ സഖ്യം സെമിയില്‍ കടന്നത്. ഇതോടെ തുടര്‍ച്ചയായ വിജയങ്ങളില്‍ ഇവര്‍ നിലവിലുള്ള റെക്കോര്‍ഡിനൊപ്പം എത്തിയത്. എന്നാല്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഡബിള്‍സ് മത്സരങ്ങള്‍ വിജയിച്ച ഡബിള്‍സ് ജോഡികള്‍ മാര്‍ട്ടിന നവരത്തിലോവയും പാംഷിവറുമാണ്. 1983-85 കാലഘട്ടത്തില്‍ തുടര്‍ച്ചയായ 109 മത്സരങ്ങളിലാണ് മാര്‍ട്ടിന-പാം ഷിവര്‍ സഖ്യം വിജയിച്ചത്. സിഡ്‌നി ഓപ്പണ്‍ ഫൈനലിലെത്തിയതോടെയാണ് സാനിയ-ഹിംഗിസ് സഖ്യം പുതിയ റെക്കോര്‍ഡിന് അവകാശികളായത്. സെമിയില്‍ യെറോസ്ലാവ ഷെവധോവ-റാലുക്ക ഒലാറു സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു സാനിയ-ഹിംഗിസ് സഖ്യം വിജയിച്ചുകയറിയത്. സ്‌കോര്‍: 4-6, 6-3, 10-8. ആദ്യ സെറ്റ് നഷ്ടമായശേഷമായിരുന്നു ഇന്തോ-സ്വിസ് ജോഡിയുടെ വിജയക്കുതിപ്പ്. മത്സരം ഒരു മണിക്കൂറും 31 മിനിറ്റും നീണ്ടുനിന്നു. ഫൈനലിലും വിജയിച്ചാല്‍ ഈ വര്‍ഷത്തെ രണ്ടാം കിരീടമാണ് സാനിയ-ഹിംഗിസ് അക്കൗണ്ടിലെത്തുക. ഇന്ത്യന്‍വെല്‍സ്, മിയാമി, ചാള്‍സ്ടണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഗ്വാങ്ഷു ഓപ്പണ്‍, വുഹാന്‍ ഓപ്പണ്‍, ബീജിംഗ്് ഓപ്പണ്‍, 2015ലെ ഡബ്ല്യൂടിഒ ഫൈനല്‍സ്, ബ്രിസ്‌ബെന്‍ ഓപ്പണ്‍ എന്നീ കിരീടങ്ങളാണ് സാനിയ- ഹിംഗിസ് സഖ്യം ഇതുവരെ നേടിയത്. മത്സരത്തില്‍ ഒരവസരവും നല്‍കാതെയാണ് ഇരുവരും ജയിച്ചുകയറിയത്. വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ (11395 പോയ്ന്റ്) ഒന്നാമതും ഹിംഗിസ് (11355 പോയന്റ്) രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്തുളള ബെഥാനി സാന്‍ഡ്‌സിന് 7450 പോയന്റ് മാത്രമാണുള്ളത്. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ഗിയ സഖ്യം സെമിയിലെത്തി. ഓസ്‌ട്രേലിയന്‍ ജോഡികളായ സാം ഗ്രോത്ത്-ജോണ്‍ പീര്‍സ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ സഖ്യം സെമിയിലെത്തിയത്. സ്‌കോര്‍: 6-2, 6-4.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.