അമ്പലപ്പുഴ ക്ഷേത്രത്തില്‍ പന്ത്രണ്ട് കളഭ മഹോത്സവം ഇന്നു മുതല്‍

Thursday 14 January 2016 8:16 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മകരം ഒന്നുമുതല്‍ ആരംഭിക്കുന്ന പന്ത്രണ്ട് കളഭമഹോത്സവവും ശങ്കരനാരായണ കലോത്സവത്തിനും, മഹോത്സവത്തിനും ഇന്ന് തുടക്കം കുറിക്കും. 26 ന് സമാപിക്കും. ദിവസേന രാവിലെ 11ന് കളഭാഭിഷേക ദര്‍ശനം ഉച്ചക്ക് 12 മുതല്‍ പ്രസാദമൂട്ട് തുടങ്ങിയവ നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമുള്ള വിളക്കാചാരവും അത്താഴശ്രീബലിയ്ക്ക് മുന്‍പായി നടക്കുന്ന വിളക്കെഴുന്നള്ളിപ്പുമാണ് മുഖ്യചടങ്ങുകള്‍. അതോടൊപ്പം വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പത്താം കളഭത്തിനാണ് ശങ്കരനാരായണ സംഗീതോത്സവത്തിന് തുടക്കം. മകരച്ചൂടില്‍ കളഭച്ചാര്‍ത്തണിഞ്ഞ് നില്‍ക്കുന്ന ഭഗവാനെ കാണുന്നത് കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്. ചന്ദനമുട്ടി അരച്ചെടുത്ത് പച്ച കര്‍പ്പൂരവും ഗോരോചനവും കുങ്കുമപ്പൂവും ചേര്‍ത്താണ് കളഭകൂട്ട് തയ്യാറാക്കുന്നത്. കളഭം ദേവന് അഭിഷേകം ചെയ്ത് നിവേദ്യം സമര്‍പ്പിച്ച ശേഷം അഭിഷേകം ചെയ്ത കളഭം ഭക്തര്‍ക്ക് വിതരണം ചെയ്യും. ദേവന്റെയും ജനങ്ങളുടെയും പാപമാലിന്യങ്ങള്‍ അകന്നു പോകുന്നതിന് സഹായകമാകുന്ന കളഭ ദര്‍ശനം കണ്ട് തൊഴുവാനായി ദിവസേന നിരവധി ഭക്തരാണ് എത്തുന്നത്. കളഭ ദര്‍ശനം നടത്തുന്ന ഭക്തര്‍ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പും കാണണമെന്നാണ്. ഇങ്ങനെ കാണുന്ന ഭക്തര്‍ക്ക് മുറജപവും ലക്ഷദീപവും കണ്ട് തൊഴുമ്പോഴുള്ള സാഫല്യമൊ സായൂജ്യവുമാണ് ലഭിക്കുന്നതെന്നാണ് വിശ്വാസം. സ്ത്രീകള്‍ക്ക് മംഗല്യഭാഗ്യം ഉണ്ടാവുന്നതിനും മംഗല്യവതികള്‍ക്ക് ഐശ്വര്യ പൂര്‍ണ്ണമായ കുടുംബജീവിതം ഉണ്ടാകുന്നതിനും പന്ത്രണ്ട് കളഭ ദിവങ്ങളിലെ ക്ഷേത്രദര്‍ശനം വഴിയൊരുക്കുമെന്നാണ് വിശ്വാസം. സന്ധ്യക്ക് നടക്കുന്ന വിളക്കാചാരത്തിലും രാത്രിയിലെ വിളക്കെഴുന്നള്ളിപ്പ് കാണുന്നതിനും നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും നാളെമുതല്‍ ഭക്തജനത്തിരക്കേറും. 16ന് 9.30ന് തിരുവാതിര, 10ന് ഭക്തിഗാനമേള, 17ന് 9.30ന് ഗോഊട്ട്, 1ന് ഭക്തിഗാനമേള, 4ന് സംഗീതാര്‍ച്ചന, 6.30ന് നൃത്തസന്ധ്യ, 18ന് 10ന് ഭക്തിഗാനസുധ, 12ന് സ്വരമഴ, 19ന് 8.30ന് പ്രഭാഷണം, 10ന് ഭജന്‍സ്, 20ന് രാ ത്രി 10ന് വയലിന്‍ കച്ചേരി, 12ന് വയലിന്‍ സോളോ, 21ന് 9ന് പ്രഭാഷണം, 22ന് 8ന് പ്ര ഭാഷണം 9.30ന് സംഗീതസദസ്സ്, 11.30ന് സ്‌പെഷ്യല്‍ പഞ്ചാരിമേളം, 12ന് ഭക്തിഗാനതരംഗിണി, 23ന് 11.30ന് നൃത്തനൃത്യങ്ങള്‍ 4ന് ദേവ സ്വം ബോര്‍ഡംഗങ്ങള്‍ ക്ക് സ്വീകരണം, 25ന് 2ന് ശങ്കരനാരായണ സംഗീതോത്സവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.