മാണിക്കേസ്: കോടതിയില്‍ വിജിലന്‍സ് കുരുങ്ങും; കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്‌നം

Thursday 14 January 2016 8:23 pm IST

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിജിലന്‍സിനെ പ്രതിക്കൂട്ടിലാക്കും. മാണിക്കെതിരെ തെളിവുണ്ടെന്നാണ് ആദ്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പുതിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് മലക്കം മറിഞ്ഞ് മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. ഈ മലക്കം മറിച്ചില്‍ വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിജി, കോടതിയില്‍ നന്നെ ബുദ്ധിമുട്ടേണ്ടിവരും. മാണിയുടെ പാലായിലെയും തിരുവനന്തപുരത്തെയും വസതികളില്‍ ബാറുടമകള്‍ പണം എത്തിച്ചുവെന്നതിന് തെളിവുകള്‍ ഉണ്ടെന്നായിരുന്നു വിജി. എസ്പി സുകേശന്‍ മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് മാണിക്ക് മന്ത്രിസ്ഥാനം “രാജിവയ്‌ക്കേണ്ടിവന്നതും. ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ വിജിലന്‍സ് മേധാവി ഇടപെട്ടതും വിവാദമായി. അന്നത്തെ വിജി. ഡയറക്ടര്‍ വില്‍സണ്‍. എം. പോളിന്റെ ഇടപെടല്‍ കോടതിയുടെ ശ്രദ്ധയിലും വന്നിരുന്നു. മന്ത്രിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടന്നുവെന്ന സംശയം ശക്തമായതിനെത്തുടര്‍ന്നാണ് പുനരനേ്വഷണം നടത്താന്‍ വിജി. കോടതി ജഡ്ജി ജോണ്‍. കെ. ഇല്ലിക്കാടന്‍ ഉത്തരവിട്ടത്. എന്നാല്‍ പുനരന്വേഷണം നടത്തിയിട്ടും തെളിവു ലഭിച്ചില്ലെന്നും ബാറുടമകളുടെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്നുമാണ് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം സ്വഭാവികമായും കോടതി ചൂണ്ടിക്കാട്ടും. ഇത് വിശദീകരിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിഷമിക്കുകയും ചെയ്യും. അതിനിടെ പുതിയ റിപ്പോര്‍ട്ടിന്റെ മറവില്‍ മാണിയെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ശക്തമായിട്ടുമുണ്ട്. മാണിയെ വീണ്ടും മന്ത്രിയാക്കിയാല്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേരളകോണ്‍ഗ്രസിനെ തണുപ്പിക്കാം. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, മാണി കുറ്റവിമുക്തനായി മടങ്ങിവന്നെന്ന് പ്രചരിപ്പിക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു.വിജിലന്‍സിനെ ക്കൊണ്ടു തന്നെ കടിച്ച വിഷമിറക്കിക്കുകയെന്ന തന്ത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. മാണിയെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തില്‍ വലിയ എതിര്‍പ്പ് കോണ്‍ഗ്രസിനുള്ളിലും ചില ഘടകകക്ഷികള്‍ക്കുള്ളിലും ഉണ്ട്. അവ വരും ദിവസങ്ങളില്‍ മറനീക്കും. വിജി. റിപ്പോര്‍ട്ടില്‍ മാത്രമേ മാണിക്ക് ക്ലീന്‍ ചിറ്റു നല്‍കിയിട്ടുള്ളു. കോടതിയുടെ അന്തിമ തീരുമാനം വന്നിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടാനാണ് ഇവരുടെ ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളും ഇക്കാര്യം ശക്തമായി ഉന്നയിക്കും. മാണിയെ വീണ്ടും മന്ത്രിയാക്കിയാല്‍ തെരഞ്ഞെടുപ്പ് പ്രതികൂലമാകുമെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു.മാണിക്ക് ഒരു നീതി, ബാബുവിന് മറ്റൊരു നീതിയെന്ന വാദം മുന്നണിയില്‍ ശക്തമാണ്. മാണിയെ വീണ്ടും മന്ത്രിയാക്കിയാല്‍ ഇൗ ചര്‍ച്ച അവസാനിപ്പിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.