റബ്ബര്‍, നാളികേര പ്രശ്‌നം ബിജെപി ഏറ്റെടുക്കും: കുമ്മനം

Thursday 14 January 2016 3:43 pm IST

തിരുവനന്തപുരം: റബ്ബറും നാളികേരവും നാണ്യവിളകളുമടക്കമുള്ള കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബിജെപി ശക്തമായ ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ അറിയിച്ചു. റബ്ബറിന് ഭയാനകമാംവിധം വിലയിടിവാണ് സംഭവിച്ചിട്ടുള്ളത്. യുപിഎ ഭരണത്തിന്റെ നയവൈകല്യങ്ങളാണ് വിലയിടിവിന് കാരണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനും ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. ഭരണ-പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊലിപ്പിച്ച് കാലം കഴിക്കുകയാണ്. നാളികേരത്തിന്റെ സ്ഥിതിയും മറിച്ചല്ല. നെല്ല് ഉള്‍പ്പെടെ ഭക്ഷ്യധാന്യ കൃഷി തീര്‍ത്തും ഇല്ലാതാക്കി. കര്‍ഷകവൃത്തി ആദായകരമാക്കാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളൊന്നും ഫലപ്രദമല്ല. കൃഷി സംരക്ഷിക്കാനും കര്‍ഷകരെ സഹായിക്കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണ്. അതിന്റെ തെളിവാണ് ബുധനാഴ്ച പ്രഖ്യാപിച്ച വിള ഇന്‍ഷ്വറന്‍സ് പദ്ധതി. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ പദ്ധതി പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. വിളനാശമോ പ്രകൃതി ദുരന്തമോ ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് തുക പൂര്‍ണമായി ലഭിക്കുന്നതാണ് പ്രധാനമന്ത്രി ഫസല്‍ ബീമായോജന. 9,500 കോടി രൂപയാണ് ആദ്യപടിയായി കേന്ദ്രം നീക്കിവച്ചിട്ടുള്ളത്. കേരളത്തിലെ മുഴുവന്‍ വിളകളും പദ്ധതിക്ക് കീഴില്‍ വരുന്നത് വളരെ ആശ്വാസകരമാണ്. ഇന്‍ഷുറന്‍സ് തുകയുടെ രണ്ടുശതമാനമേ കര്‍ഷകന്‍ അടയ്‌ക്കേണ്ടതുള്ളു. ബാക്കി പ്രീമിയം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. സബ്‌സിഡിക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടുമില്ല. ഈ പദ്ധതി കേരളത്തിന് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ബിജെപി മുന്‍കൈ എടുക്കുമെന്നും കുമ്മനം പറഞ്ഞു. കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ തീര്‍ത്തും അവഗണിച്ച ഇടത്-വലത് സര്‍ക്കാരുകളാണ് കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത്. വ്യവസായ സംരംഭകരെ സഹായിക്കുന്നതിനുപകരം ദ്രോഹിക്കുന്ന രാഷ്ട്രീയ ശൈലിയാണ് കാലങ്ങളായി കേരളത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. അതിന് കാതലായ മാറ്റം വന്നേ പറ്റൂ. വികസന സൗഹൃദ സന്ദേശങ്ങളുമായി ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ ഇക്കാലമത്രയും വികസന ശത്രുത ശൈലിയാക്കിയതിന് സിപിഎം ജനങ്ങളോട് മാപ്പുപറയണമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.