ഔദ്യോഗിക വിഭാഗത്തില്‍ ഭിന്നത; ഡിവൈഎഫ്‌ഐയില്‍ വെട്ടിനിരത്തല്‍

Thursday 14 January 2016 9:08 pm IST

മാന്നാര്‍: സിപിഎം മാന്നാര്‍ ഏരിയ കമ്മറ്റിയില്‍ ഔദ്യോഗിക വിഭാഗത്തില്‍ ഭിന്നത രൂക്ഷമായതോടെ ഡിവൈഎഫ്‌ഐ ഭാരവാഹി പട്ടിക ജില്ലാ നേതാവ് വെട്ടി. ഡിവൈഎഫ്‌ഐ മാന്നാര്‍ ബ്ലോക്ക്‌സമ്മേളനത്തിലാണ് സിപിഎം ഔദ്യോഗിക വിഭാഗത്തിലെ ഭിന്നത പുറത്തു വന്നത്. സിപിഎം ഏരിയ സെക്രട്ടറി പി.ഡി. ശശിധരനെ പിന്തുണയ്ക്കുന്നതും ജില്ലാ കമ്മറ്റിയംഗം, ബുധനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വിശ്വംഭരപണിക്കരെ പിന്തുണയ്ക്കുന്നതുമായ രണ്ടു ചേരിയാണ് ഔദ്യോഗിക വിഭാഗത്തിലുള്ളത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയായി രാജേഷിനെയും പ്രസിഡന്റായി സഞ്ജുഖാനെയും നിശ്ചയിക്കാനാണ് ഏരിയ സെക്രട്ടറി തീരുമാനം എടുത്തത്. എന്നാല്‍ നിലവിലുള്ള പ്രസിഡന്റ് അന്‍വറും സെക്രട്ടറി അനീഷും തുടരട്ടെ എന്ന നിലപാടാണ് വിശ്വംഭരപണിക്കര്‍ സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടു. ജില്ലാ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിശ്വംഭരപണിക്കരുടെ നിര്‍ദ്ദേശം ബ്ലോക്ക് സമ്മേളനം അംഗീകരിച്ചു. തര്‍ക്കം പരിഹരിക്കാന്‍ രാജേഷിനെയും സഞ്ജുഖാനെയും ജില്ലാ സമ്മേളന പ്രതിനിധികളായി നിശ്ചയിച്ചു. എന്നാല്‍ ഈ തിരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ചെന്നിത്തല, തൃപ്പെരുന്തുറ, മാന്നാര്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. കഴിഞ്ഞ സിപിഎം സമ്മേളനങ്ങളിലും ഇവിടെ കടുത്ത വിഭാഗീയതയായിരുന്നു ഉടലെടുത്തത്. ഇതിനെ തുടര്‍ന്ന് ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. പിന്നീട് സമവായത്തിന്റെ പേരിലാണ് ശശിധരനെ ഏരിയ സെക്രട്ടറിയാക്കിയത്. പാര്‍ട്ടി വിലക്കിയിട്ടും വിഎസ് അച്യുതാനന്ദന്‍ മാന്നാറിലെത്തി പൊതുപരിപാടിയില്‍ പങ്കെടുത്തതിനോട് മൃദു സമീപനം സ്വകരിച്ചതോടെയാണ് ഔദ്യോഗിക വിഭാഗത്തിനുള്ളില്‍ ശശിധരനെതിരെ എതിര്‍പ്പുയര്‍ന്നത്. ഇതേ തുടര്‍ന്ന് നിരവധി തവണ ഇദ്ദേഹം സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്ന് ശശിധരനോട് അടുപ്പമുള്ളവര്‍ പറയുന്നു. സിപിഎമ്മില്‍ വിഎസ് വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള മാന്നാറില്‍ ഔദ്യോഗിക വിഭാഗത്തില്‍ ഭിന്നത ഉടലെടുത്തതോടെ സിപിഎം വലിയ പ്രതിസന്ധിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.