ഇന്ന് മകരവിളക്ക് ;സംക്രമപൂജ പുലർച്ചെ 1.27ന്

Thursday 14 January 2016 9:52 pm IST

ശബരിമല: ശരണമന്ത്രമുഖരിതമായ തീർത്ഥാടന കാലത്തിന് പരിസമാപ്തികുറിച്ച് മകരസംക്രമപൂജയും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകരജ്യോതി ദർശനവും ഇന്ന് നടക്കും. സൂര്യൻ ദക്ഷിണായനത്തിൽനിന്നും ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന പുലർച്ചെ 1.27ന് മകരസംക്രമപൂജ നടത്തി രണ്ട് മണിക്ക് നടയടയ്ക്കും. തുടർന്ന് പതിവുപോലെ 3ന് നടതുറക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40നാണ്. തുടർന്ന് മകരനക്ഷത്രം ഉദിക്കുന്നതോടെ പൊന്നമ്പലമേട്ടിൽ കിഴക്കെ ചക്രവാളത്തിൽ മകരജ്യോതി തെളിയും. മകരവിളക്കിന് മുന്നോടിയായുളള പ്രാസാദശുദ്ധി, ബിംബശുദ്ധി ക്രിയകൾ ഇന്നലെ നടന്നു. ഇന്ന് മുതൽ 19വരെ തുടർച്ചയായി അഞ്ചുദിവസം എഴുന്നെള്ളത്ത് നടത്തും. മാളികപ്പുറത്തമ്മയെ ആനപ്പുറത്തേറ്റി പതിനെട്ടാംപടിയുടെ മുൻവശത്തുകൂടി ഒരു പ്രദക്ഷിണം വച്ച് തിരികെ മാളികപ്പുറത്തേക്ക് പോകും. അഞ്ചാം ദിവസമായ 19ന് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്ത് ശരംകുത്തിവരെ നീളും. തുടർന്ന് രാത്രി തിരിച്ചെത്തും. എന്നും ദീപാരാധനയ്ക്ക് ശേഷമായിരിക്കും എഴുന്നെള്ളത്ത് നടക്കുക. 20ന് രാത്രി 10ന് മാളികപ്പുറത്ത് ഗുരുതിപൂജ. അയ്യപ്പഭക്തന്മാരുടെ ദർശനം അന്ന് രാത്രി 10 മണിക്ക് അവസാനിക്കും. നെയ്യഭിഷേകം 19ന് രാവിലെ 9.30വരെ മാത്രമേ ഉണ്ടാകൂ. 21ന് രാവിലെ നടയടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.