അപകടം കണ്ടു; രക്ഷാപ്രവർത്തനത്തിന് നടുറോഡിൽ സ്മൃതി ഇറാനി

Thursday 14 January 2016 10:03 pm IST

കൈത്താങ്ങായി സ്മൃതി: തിരുവനന്തപുരത്ത് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍
കിടക്കുകയായിരുന്ന യുവതിയെ സമാശ്വസിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി

തിരുവനന്തപുരം: റോഡപകടത്തിൽ പരിക്കേറ്റ് കിടന്ന ശ്രീലത റാണിക്ക് മനസിലായില്ല തന്നെ താങ്ങിപിടിച്ചിരിക്കുന്ന വനിതയെ. നല്ല പരിചയമുള്ള മുഖം. വേദനയ്ക്കിടയിലും തന്നെ ആശ്വസിപ്പിക്കുന്നതാര് എന്ന ചിന്തയിലായിരുന്നു അവർ. നിരവധി പോലീസുമാരും ഓടിയെത്തിയതോടെ കൂടുതൽ ഭയന്ന ശ്രീലതയ്ക്ക് പിന്നീടാണ് മനസിലായത് തന്നെ സാന്ത്വനിപ്പിക്കുന്ന കരങ്ങൾ രാജ്യം മുഴുവൻ അറിയുന്ന വിവിഐപിയുടേതാണെന്ന്. കേന്ദ്രമന്ത്രിയാണ് നടുറോഡിൽ തന്നെ താങ്ങിപിടിച്ചിരിക്കുന്നതെന്ന് അപ്പോഴാണറിയുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ആ വിവിഐപിയെന്ന്.

ഇന്നലെ രാവിലെ നെടുമങ്ങാട് പഴകുറ്റിയിലായിരുന്നു സംഭവം. ഐസറിന്റെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തുനിന്ന് വിതുരയിലേക്ക് പോകുകയായിരുന്നു മന്ത്രി. അകമ്പടിയായി ഏതാനും പോലീസ് വാഹനങ്ങളും. പരിപാടിയിൽ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനവും പുറകിലായിയുണ്ട്.

പഴകുറ്റിയിലെത്തിയപ്പോഴാണ് വാൻ തട്ടി സ്‌കൂട്ടർ മറിയുന്നത് സ്മൃതി ഇറാനി കണ്ടത്. ഇതിനകം തന്നെ 100 മീറ്ററോളം മുന്നോട്ടുപോയ തന്റെ വാഹനം തിരിച്ചുവിടാൻ മന്ത്രി ആവശ്യപ്പെട്ടു. തിരിച്ച് അപകടസ്ഥലത്തെത്തിയ സ്മൃതി വാഹനത്തിൽ നിന്ന് ഇറങ്ങി പരുക്കേറ്റു കിടന്ന ശ്രീലതയെ താങ്ങിപ്പിടിച്ച് ആശ്വസിപ്പിച്ച് വേഗം ആശുപത്രിയിലെത്തിക്കാൻ കുടെയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു.ഇതിനിടെ തന്റെ വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. മുഖ്യമന്ത്രി എത്തും മുമ്പേ ശ്രീലതയെ ആശുപത്രിയിലെത്തിച്ചിരുന്നു. വഴിയിലെ താമസംമൂലം വിതുരയിൽ പരിപാടിക്കെത്താൻ അരമണിക്കൂർ വൈകി.
പ്രസംഗത്തിനിടയിൽ ഐസറിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സ്മൃതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. റോഡിന്റെ പ്രയാസം യാത്രാമധ്യേ ബോധ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി റോഡ് വികസനത്തിന് ശ്രമിക്കുമെന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.