ഗെയില്‍ പൈപ്പ് ലൈന്‍: സര്‍വ്വേ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

Thursday 14 January 2016 10:45 pm IST

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കേരളത്തിലെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ എറണാകുളം ജില്ലയില്‍ കമ്മീഷന്‍ ചെയ്യുകയും 50 കിലോമീറ്ററോളം നീളത്തില്‍ പൈപ്പ്‌ലൈന്‍ ഇടുകയും 13 ഉപയോക്താക്കള്‍ക്ക് വാതക വിതരണം നടത്തുകയും ചെയ്ത്‌വരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഭൂവുപയോഗ അവകാശത്തിനുള്ള പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള രണ്ടാംഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. മുമ്പത്തെ അപേക്ഷിച്ച് കൂടുതല്‍ ജനപിന്തുണയോടെയാണ് രണ്ടാംഘട്ട നടപടികള്‍ പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. മലപ്പുറത്ത് ചിലയിടങ്ങളില്‍ നേരത്തെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കണ്ണൂരിലെ സര്‍വ്വെ നടപടികള്‍ അവസാനഘട്ടത്തിലാണ്. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ വൈകാതെ പ്രവൃത്തി ആരംഭിക്കും. സര്‍വ്വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ പൈപ്പ്‌ലൈന്‍ ഇടുന്നതിനായുള്ള ജോലികളും ഉടന്‍ തുടങ്ങും. നാളെയുടെ ഇന്ധനമായ പ്രകൃതി വാതകത്തിന്റെ ലഭ്യതയും സാന്നിദ്ധ്യവും ഉറപ്പുവരുത്തുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ വര്‍ദ്ധിച്ച പൊതുജന സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏതാനും ചിലരുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തിവെച്ച പദ്ധതി ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. കൂടുതല്‍ ജനപിന്തുണയോടെയാണ് പ്രകൃതിവാതകം മുന്നോട്ടുവെക്കുന്ന സാധ്യതകളും ഇവയുടെ സുരക്ഷയെ സംബന്ധിച്ച അവബോധവുമാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് പുത്തന്‍ ഉണര്‍വേകാന്‍ കാരണം. കോഴിക്കോടെയും മലപ്പുറത്തെയും പൊതുജനങ്ങളുടെ സഹകരണത്തോടെ കൃത്യസമയത്ത് തന്നെ പദ്ധതി കേരളത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശത്തുനിന്ന് കപ്പല്‍ മാര്‍ഗംകൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ എത്തുന്ന പ്രകൃതി വാതകം ദേശീയ വാതക ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യാ ലിമിറ്റഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 37000 കോടിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. ഇതിന്റെ അടിസ്ഥാനത്തില്‍ 2012ല്‍ ഗെയില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പുകള്‍ കാരണം 2013ല്‍ നിര്‍ത്തിവെച്ചു. 2015ല്‍ പദ്ധതി പുനരാരംഭിക്കുമ്പോള്‍ മുമ്പത്തെ അപേക്ഷിച്ച് പൊതുജനങ്ങളുടെ സമീപനത്തില്‍ വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും പിന്തുണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നു. കൊച്ചിയില്‍ നിന്ന് കൂറ്റനാട് എത്തി കോയമ്പത്തൂര്‍ വഴി ബംഗലുരുവിലേക്കും കോഴിക്കോട് വഴി മംഗലാപുരത്തേക്കും നീളുന്ന പൈപ്പ് ലൈനിന്റെ 505 കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ പരിധിയില്‍ വരിക. ഇതില്‍ എറണാകുളത്തും തൃശൂരും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. കാസര്‍കോടും പാലക്കാടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ചെറിയ എതര്‍പ്പുകള്‍ നേരിട്ട കോഴിക്കോട് മലപ്പുറം ജില്ലകളിലും ഉടന്‍ തന്നെ മുന്നൊരുക്കുങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൊച്ചി കൂറ്റനാട്-മംഗലൂരു-ബാംഗലൂരു പൈപ്പ്‌ലൈനിന്റെ (കെകെഎംപിബിഎല്‍) ആദ്യഘട്ടം രണ്ടുവര്‍ഷം മുന്‍പുതന്നെ എറണാകുളത്ത് പൂര്‍ത്തിയായിരുന്നു. 50 കിലോ മീറ്ററോളം ഭാരമുള്ള ഈ പൈപ്പ്‌ലൈന്‍ വഴി ഇപ്പോള്‍ 11 കമ്പനികള്‍ക്ക് ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി പ്രകൃതി വാതകം ലഭിക്കുന്നുണ്ട്. ഈ മാസംതന്നെ പുതിയ രണ്ടു കമ്പനികള്‍ക്കു കൂടി ഈ സേവനം ലഭിക്കും. മലിനീകരണമുണ്ടാക്കാത്ത ഇന്ധനശ്രോതസ് എന്ന നിലയില്‍ ലോകം മുഴുവന്‍ പ്രകൃതിവാതകത്തെ അംഗീകരിക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ദൈനംദിന ഇടപെടലുകള്‍ നടത്തുന്ന ഒട്ടുമിക്ക മേഖലകളിലും പ്രകൃതി വാതകം ഉപയോഗിക്കാന്‍ സാധിക്കും. പൈപ്പ് ലൈനിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉപയോഗാവകാശം മാത്രമാണ് ഗെയിലിന് ഉണ്ടാവുക. ഉടമസ്ഥാവകാശം സ്ഥലമുടമയ്ക്കുതന്നെ ആയിരിക്കും. അതേ സമയം എറ്റെടുക്കുന്ന സ്ഥലത്തിന് രണ്ടു തരത്തിലുള്ളനഷ്ടപരിപാരം ഗെയില്‍ നല്‍കും. സ്ഥലത്തിന്റെ ന്യായവിലയുടെ പകുതിയാണ് ഒന്ന്. സ്ഥലത്ത് നിലവിലുള്ള കൃഷിയുടെയും മരങ്ങളുടെയും നഷ്ടപരിഹാരമാണ് മറ്റൊന്ന്. അതതു ജില്ലകളിലെ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരായിരിക്കും സ്ഥലമുടമകളുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാര തുക നിശ്ചയിക്കുക. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുവാനുള്ള ഗെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ചീഫ് മാനേജര്‍ ജ്യോതികുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.