പള്‍സ് പോളിയോ മിഷന് 1725 ബൂത്തുകള്‍

Friday 15 January 2016 10:48 am IST

കൊല്ലം: മറ്റന്നാള്‍ ജില്ലയില്‍ നടക്കുന്ന ദേശീയ പോളിയോ നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞ പരിപാടിക്കായി 1725 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 21ന് രണ്ടാം ഘട്ടവും നടക്കും. പോളിയോ എന്ന മാരകരോഗത്തെ ഇല്ലാതാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമാണ് ഇന്നുരോഗം കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയില്‍ 2011 ജനുവരിയില്‍ പശ്ചിമബംഗാളിലാണ് അവസാനമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ന് രോഗം ഭീഷണിയായി നില്‍ക്കുന്നത് മൈഗ്രന്റ് പോപ്പുലേഷനിലാണ്. കൊല്ലം ജില്ലയില്‍ ഇത് 11866 ആണ്. അതില്‍ അഞ്ചുവയസില്‍ താഴെയുള്ള 502 കുട്ടികളുണ്ട്. ഈ കുട്ടികള്‍ക്കെല്ലാം അന്നേദിവസം വാക്‌സിന്‍ നല്‍കുവാനും പദ്ധതിയുണ്ടെന്ന് ഡിഎംഒ അറിയിച്ചു. 1995ലാണ് പള്‍സ് പോളിയോ പരിപാടി ഇന്ത്യയില്‍ ആരംഭിച്ചത്. ജില്ലയില്‍ 5 വയസില്‍ താഴെയുള്ള 199236 കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ അംഗന്‍വാടികള്‍,പ്രൈവറ്റ് ആശുപത്രികള്‍, പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രമാക്കി സജ്ജമാക്കിയിട്ടുള്ളതാണ് 1725 ബൂത്തുകളും. ഓരോ ബൂത്തിലും രണ്ട് വാളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ഉണ്ടാകും. 3554 വാളണ്ടിയര്‍മാരാണ് നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്. അന്നേദിവസം വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് ഭവനങ്ങള്‍ സന്ദര്‍ശിച്ച് പോളിയോ തുള്ളി മരുന്ന് നല്‍കും. വാക്‌സിന്‍ നല്‍കുന്ന കുട്ടികളുടെ കൈയില്‍ തെളിവായി മഷി പുരട്ടും. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പോളിയോബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതല ഉദ്ഘാടനം 17ന് രാവിലെ എട്ടിന് കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ നടക്കും. മേയര്‍ വി.രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സ, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ജയന്‍ തുടങ്ങിയവര്‍ തുള്ളിമരുന്ന് നല്‍കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.കെ.ഹഫീസ്, ഡോ.സൈജുഹമീദ്, ഡോ.സബീനാ സുന്ദരേശ്, ഡോ.മനോജ് മണി, ഡോ.വി.ശശിധരന്‍പിള്ള, ഡോ.ഗംഗാ ജയപ്രകാശ്, ജോര്‍ജ്ജ് എബ്രഹാം, ജോര്‍ജ്ജ് പട്ടത്താനം തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.