കുട്ടനാട്ടിലെ ജലാശയങ്ങളില്‍ പോളകള്‍ നിറഞ്ഞു

Friday 15 January 2016 8:19 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ ജലാശയങ്ങളില്‍ പോളകള്‍ നിറഞ്ഞു. ഇതിനാല്‍ കുടിവെള്ളത്തിനു വലിയ ക്ഷാമം നേരിടുക മാത്രമല്ല ജലാശയങ്ങളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത വിധം മലിനമായിരിക്കുകയുമാണ്. ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന പോളയുടെ നിര്‍മാര്‍ജ്ജനത്തിനു യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനജീവിതം ദുസ്സഹമാകും. പോള നീക്കം ചെയ്യുന്നതിന് ഉന്നത തല യോഗം വിളിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. കുട്ടനാട്ടിലെ തോടുകളിലും കനാലുകളിലും പോളകള്‍ നിറഞ്ഞതു മൂലം ഉണ്ടായിരിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. കുട്ടനാട്ടിലെ നിറഞ്ഞു കവിഞ്ഞ പോള വാരുന്നതിനുവേണ്ടിയുള്ള ജനങ്ങളുടെ വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എംപി പരിഹാരമാര്‍ഗം തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടിയന്തരമായി യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. 13-ാം ധനകാര്യ കമ്മീഷന്റെ സഹായത്തോടുകൂടി കുട്ടനാട്ടില്‍ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യാന്‍ ജലവിഭവ വകുപ്പ് മന്ത്രി, എംപി, എംഎല്‍എ, വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ എന്നിവരുടെ യോഗവും ഉടനെ ചേരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പാടശേഖരങ്ങളുടെ ബണ്ട് നിര്‍മ്മാണം, റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍ നിലങ്ങളുടെ ബണ്ട് നിര്‍മ്മാണം, എസി കനാല്‍, തണ്ണീര്‍മുക്കംബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയുടെ നവീകരണത്തിനുവേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്നിവ വിലയിരുത്തുതിന് വേണ്ടി കുട്ടനാട് പ്രോസ്പിരിറ്റി കൗണ്‍സില്‍ ഈ മാസം തന്നെ വിളിച്ച് ചേര്‍ക്കണമെന്ന് കൊടിക്കുന്നില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.