ഫിഷറീസ് വകുപ്പ് പ്രവര്‍ത്തനം പരാജയമെന്ന് കോണ്‍. സംഘടന

Saturday 16 January 2016 10:09 am IST

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനം മത്സ്യത്തൊഴിലാളി മേഖലയില്‍ വികസനം നടത്തിയിട്ടില്ലെന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍പോലും യഥാസമയം നല്‍കാതെ മനപൂര്‍വ്വം അവഗണിക്കുകയാണെന്നും കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സം സ്ഥാന വൈസ് പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി പെന്‍ഷന്‍ കാലാകാലങ്ങളില്‍ മുപ്പതുശതമാനം പേര്‍ക്ക് ലഭിക്കുന്നില്ല. കുടിശിക തുക ഒരിക്കലും നല്‍കുന്നുമില്ല. സമ്പാദ്യ ആശ്വാസം, തണല്‍ പദ്ധതികളും ഇതുപോലെതന്നെയാണ്. മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി എട്ടുവര്‍ഷം കഴിഞ്ഞിട്ടും ലഭിക്കുന്നില്ല. വിവാഹം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം എന്നിവയ്ക്ക ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വലയുന്നു. ഇവര്‍ ആത്മഹത്യയുടെ വക്കിലാണ്. 75,000 രൂപയും പലിശയും എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ എട്ടുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തിയാക്കിയിട്ടില്ല. ഫിഷറീസ് മന്ത്രിയെ പലതവണ നേരില്‍കണ്ട് നിവേദനം നല്‍കിയിട്ടും ഇന്നുവരെയും ഫലമുണ്ടായില്ല. മന്ത്രി ഗ്രൂപ്പുരാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ഭാരവാഹികളായ എം.കെ. സുധാകരന്‍, കെ.വി. സോളമന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.