ജീവനക്കാരോട് ദേവസ്വംബോര്‍ഡ് അനീതി കാട്ടുന്നതായി ആക്ഷേപം

Friday 15 January 2016 10:06 pm IST

ശബരിമല: താത്ക്കാലിക ജീവനക്കാരോട് ദേവസ്വംബോര്‍ഡ് അനീതി കാട്ടുന്നതായി ആക്ഷേപം. തീര്‍ത്ഥാടന കാലത്ത് ശബരിമലയിലെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന താത്ക്കാലിക ജീവനക്കാരാണ് ആക്ഷേപവുമായി രംഗത്തെത്തിയിട്ടുള്ളത്. വേതനം എത്രയെന്ന് പറയാതെ നിയമനം നടത്തി കുറഞ്ഞകൂലിയില്‍ തങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം ആഫീസില്‍നിന്നും പത്രപ്പരസ്യം നല്‍കിയാണ് താത്ക്കാലിക ജീവനക്കാരെ നിയമിച്ചത്. അപേക്ഷകരെ നേരില്‍വിളിച്ച് നടത്തിയ ഇ ന്റര്‍വ്യൂവില്‍പോലും ജീവനക്കാരുടെ വേതനം എത്രയെന്ന് പറഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസക്കാലമായി ഇവിടെ ജോലിനോക്കുന്ന ഇവര്‍ക്ക് തങ്ങളുടെ വേതനം എത്രരൂപയെന്ന് ഇതുവരെ അറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍ സന്നിധാനത്ത് ജോലിനോക്കുന്നതിന് ഇടയില്‍ രോഗം ബാധിച്ചിതിനാല്‍ ജോലിചെയ്യാന്‍ കഴിയാതെ നാട്ടിലേക്ക് തിരികെപ്പോയ തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ അതേനിരക്കില്‍ പ്രതിദിനം 300 രൂയാണ് ശമ്പളമായി നല്‍കിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ ജീവനക്കാര്‍ക്ക് പ്രതിദിനം 300 രൂപയാണ് വേതനമായി നല്‍കിവരുന്നത്. സ്ഥിരം തൊഴിലാളികള്‍ക്ക് കാലാനുസൃതമായി ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കുന്ന ബോര്‍ഡ് താത്ക്കാലിക ജീവനക്കാരോട് വിവേചനം കാട്ടുന്നുവെന്നാണ് ഇവരുടെ ആരോപണം. വെള്ളനിവേദ്യം. അപ്പം, അരവണ, ചുക്കുവെള്ളം, തിരുമുറ്റം, അരിവാരല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ആയിരത്തോളം താത്ക്കാലിക ജീവനക്കാരാണ് പണിയെടുക്കുന്നത്. വേതനവര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് എല്ലാവര്‍ഷവും തീര്‍ത്ഥാടനകാലത്ത് അധികൃതര്‍ പ്രഖ്യാപനം നടത്തുമെങ്കിലും നടപടി ഉണ്ടാവാറില്ല. തീര്‍ത്ഥാടന കാലത്തിന്റെ ആരംഭത്തില്‍ ജീവനക്കാര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഈ വര്‍ഷംതന്നെ വേതനവര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നതാണ്. ജീവിതച്ചിലവുകള്‍ ഏറിയ ഇക്കാലയളവില്‍ കാലാനുസൃതമായ വേതനം നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.