വരുന്നൂ, പഞ്ചായത്തുകള്‍ക്കും ഐഎസ്ഒ !

Friday 15 January 2016 10:16 pm IST

കോഴിക്കോട്: അടച്ചാക്ഷേപിക്കപ്പെടുന്ന പഞ്ചായത്തുകള്‍ക്ക് ശാപമോക്ഷമുണ്ടാകുമോ? തീര്‍ച്ചയില്ല. എങ്കിലും അങ്ങിനെയുള്ള സ്വപ്‌നം വകുപ്പ് മന്ത്രാലയങ്ങളില്‍ ചിലര്‍ കണ്ടുതുടങ്ങി. ഒത്താല്‍ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റോടെ മികവിന്റെ കേന്ദ്രങ്ങളാകും! 2016-17 വര്‍ഷത്തെ പദ്ധതി പ്രഖ്യാപനത്തില്‍ പഞ്ചായത്തുകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതിന് പ്രോജക്ട് വെക്കാനാണ് ആലോചന. കഴിഞ്ഞ ദിവസം ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല സംയുക്ത സമിതി യോഗത്തിലാണ് ഈ തീരുമാനം. നിര്‍ബന്ധമായും  നിര്‍ദ്ദേശം പാലിച്ചിരിക്കണം. ഒപ്പം അംഗന്‍വാടികളും ആശുപത്രികളും ഈ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടിയുണ്ടാകണം. പഞ്ചായത്ത് ഡയറക്ടറേറ്റും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും ഐഎസ്ഒ അംഗീകാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കും. നിലവില്‍ കെടുകാര്യസ്ഥതയുടെ പര്യായമാണ് പഞ്ചായത്തുകള്‍. ഒരു കാര്യത്തിലും ഇടപാടുകാരായ സാധാരണ ജനങ്ങള്‍ക്ക് തൃപ്തിയില്ലാത്ത സാഹചര്യം. ഈ അവസ്ഥ മാറ്റാനുളള ശ്രമത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. മികച്ച സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള അന്തര്‍ദേശീയ അംഗീകാരമാണ് ഐഎസ്ഒ. വിശ്വാസ്യത, ഉത്തരവാദിത്വം എന്നിവയോടൊപ്പം ഉയര്‍ന്ന ഉല്‍പാദനക്ഷമത, പിഴവുകളില്ലാത്ത ഇടപെടല്‍ തുടങ്ങിയവയും ഐഎസ്ഒക്കുള്ള മാനദണ്ഡങ്ങളാണ്. ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഗുണമേന്മയുള്ള സ്ഥാപനങ്ങള്‍ക്കേ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. കാത്തിരിക്കാം, നമ്മുടെ പഞ്ചായത്തുകളും അങ്ങിനെയൊന്നാകുമോയെന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.