തപസ്യയുടെ സാഗരതീര യാത്രയ്ക്ക് ഉജ്ജ്വല സമാപനം

Friday 15 January 2016 11:02 pm IST

വീരബലിദാനി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന സമാപന സമ്മേളനം തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: എന്റെ മണ്ണ്, എന്റെ ഭാഷ, എന്റെ സംസ്‌കാരം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തപസ്യ കലാസാഹിത്യ വേദി കന്യാകുമാരിയില്‍ നിന്നും ഗോകര്‍ണ്ണത്തേക്ക് ആരംഭിച്ച സാംസ്‌കാരിക തീര്‍ത്ഥയാത്രക്ക് കാസര്‍കോട് ജില്ലയിലെ പരവനടുക്കത്ത് ഉജ്വല സമാപനം. കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിന് ശേഷം കാസര്‍കോട് ജില്ലയില്‍ പ്രവേശിച്ച യാത്രയ്ക്ക് ഇന്നലെ രാവിലെ 9 മണിക്ക് തൃക്കരിപ്പൂര്‍ ബസ്സ്സ്റ്റാന്റ് പരിസരത്ത് വന്‍ സ്വീകരണം നല്‍കി.

തുടര്‍ന്ന് മഹാകവി കുട്ടമത്ത് ഭവനം സന്ദര്‍ശിച്ച സാഗരതീരയാത്ര ചെറുവത്തൂര്‍ ടൗണ്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കല്‍ കോട്ട, പാലക്കുന്ന് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പരവനടുക്കത്തെത്തി. ജില്ലയിലെ സമാപന വേദിയായ പരവനടുക്കത്ത് പ്രൗഢോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പരവനടുക്കം കുട്ടമത്ത്.എ.ശ്രീധരന്‍മാസ്റ്റര്‍ സ്മൃതിനഗറില്‍ (വീരബലിദാനി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ സ്മൃതി മണ്ഡപത്തില്‍) തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും യാത്രാംഗവുമായ പ്രൊഫ.പി.ജി.ഹരിദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം വിശ്വവിഭാഗ് സംയോജകന്‍ എന്‍.ഹരീന്ദ്രന്‍മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

സ്വാഗതസംഘം ചെയര്‍മാന്‍ മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.ദാമോദരന്‍ മാസ്റ്റര്‍ (കായികം, സാംസ്‌കാരികം), ഡോ.മേലത്ത് ചന്ദ്രശേഖരന്‍നായര്‍ (ഗ്രന്ഥകര്‍ത്താവ്), ഉസ്താദ് ഹസ്സന്‍ഭായ് (സംഗീതം), വി.കണ്ണന്‍ (കോല്‍ക്കളി), പി.രാഘവന്‍ നായര്‍ (കിണര്‍ നിര്‍മ്മാണം), സേതുരാമന്‍ പെരുമലയന്‍ (അനുഷ്ഠാന കല), കുല്‍സു അബ്ദുള്ള (രംഗശില്‍പം) എന്നിവരെ ആദരിച്ചു. ജി.കെ.പിള്ളയുടെ മഷിപ്പച്ച എന്ന കഥാസമാഹാരം, ചാരുലത, മേലത്തിന്റെ മഴയക്ഷരങ്ങള്‍ കവിതാ സമാഹാരങ്ങള്‍ എന്നിവ പ്രകാശനം ചെയ്തു. യഥാക്രമം പുസ്തകങ്ങള്‍ റിട്ടയേര്‍ഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വി.കുഞ്ഞപ്പന്‍, ജി.എച്ച്.എസ്.എസ്. ചെമ്മനാട് പ്രിന്‍സിപ്പള്‍ ജയരാജ് കോടോത്ത് എന്നിവര്‍ എറ്റുവാങ്ങി. തപസ്യ ശംഭുനാട് യുണിറ്റ് സെക്രട്ടറി എന്‍.പി.പവിത്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.