അച്ഛനെ തെരയുന്നു ആ പെണ്‍മക്കള്‍… തീരത്തും മോര്‍ച്ചറിയിലും

Wednesday 6 December 2017 10:25 am IST

തിരുവനന്തപുരം: ഒമ്പതാം ക്ലാസ്സുകാരി സ്റ്റെഫീന ബന്ധുക്കളോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലെത്തി അജ്ഞാത മൃതദേഹങ്ങള്‍ തെരയുകയാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റിലകപ്പെട്ട് കടലില്‍ കാണാതായ തന്റെ അച്ഛന്റെ മൃതശരീരം അക്കൂട്ടത്തിലുണ്ടോ എന്നറിയാന്‍.

ഈ സമയം സ്റ്റെഫീനയുടെ ജ്യേഷ്ഠത്തി പ്ലസ്‌വണ്ണിന് പഠിക്കുന്ന ഡെഫീന പൂന്തുറ തീരത്ത് നിന്ന് കടലമ്മയെ നോക്കി പ്രാര്‍ത്ഥിക്കുന്നുണ്ട്. അനുജത്തി തെരയുന്നവരുടെ കൂട്ടത്തില്‍ പ്രിയപ്പെട്ട അച്ഛന്‍ ഉണ്ടാകരുതേയെന്ന്. അനുജന്‍ സ്റ്റെഫിനാകട്ടെ കൂട്ടുകാരോടൊത്ത് പള്ളി അങ്കണത്തിലാണ്. അച്ഛനെക്കറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നുണ്ടോ എന്നറിയാന്‍.

പൂന്തുറ പള്ളിക്കു സമീപം നടത്തറയിലെ വാടക വീട്ടില്‍ കഴിഞ്ഞ ആറു ദിവസമായി ജലപാനം പോലുമില്ലാതെ കഴിയുകയാണ് ഇവരുടെ അമ്മ വിമല, തന്റെ പ്രിയപ്പെട്ടവന്‍ ഡെല്‍സനെയോര്‍ത്ത്. 30ന് രാവിലെ ഫൈബര്‍ വള്ളത്തില്‍ ബന്ധു ആരോഗ്യദാസിനോടൊപ്പം മീന്‍പിടിത്തത്തിന് പോയതാണ് ഡെല്‍സന്‍. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കാറ്റ് വീശിയടിച്ചു. ആ നിമിഷം മുതല്‍ കുടുംബം പ്രാര്‍ത്ഥനയിലാണ്. രണ്ടു ദിവസത്തിനു ശേഷം ബോട്ട് കടലില്‍ മുങ്ങിയതായി സ്ഥിരീകരിച്ചു. ആരോഗ്യദാസിന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍ ഡെല്‍സനെക്കുറിച്ച് ഇനിയും വിവരമില്ല.

ഏതു സമയവും തിരയെടുക്കാവുന്ന തീരത്തിനു സമീപത്താണ് ഇവരുടെ താമസം. ഏക വരുമാനം മത്സ്യബന്ധനത്തില്‍ നിന്ന് കിട്ടുന്നത് മാത്രം. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ കയറിയിറങ്ങാത്ത ഓഫീസുകള്‍ ഇല്ലെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ മാസം ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി അദാലത്തിലും പങ്കെടുത്തു. മന്ത്രി മെഴ്‌സിക്കുട്ടിയമ്മയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല.

മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോയ സ്റ്റെഫീന കണ്ട മൃതദേഹങ്ങളില്‍ അച്ഛനില്ലെന്ന് ഉറപ്പിച്ചു. പക്ഷെ അവിടെ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ പരതിയപ്പോള്‍ ഡെല്‍സന്റേതെന്നു തോന്നുന്ന ഒരു ടീഷര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് സ്റ്റെഫീനയുടെ രക്തം ഡിഎന്‍എ പരിശോനയ്ക്കായി എടുത്തിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.