നവകേരള മാര്‍ച്ചിന് നിറം മങ്ങിയ തുടക്കം

Friday 15 January 2016 11:30 pm IST

കാസര്‍കോട്: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കാര്യത്തില്‍ മനസ്സ് തുറക്കാതെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൗനം തുടരുകയാണ്.  വിഎസിന്റെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞ് മാറി. നവ കേരള മാര്‍ച്ചുമായി തല്‍ക്കാലം സഹകരിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ വിഎസ് ഇന്നലെ കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വിഎസ് എന്തു നിലപാട് സ്വീകരിക്കുമെന്ന ആശങ്ക പാര്‍ട്ടി കേന്ദ്രങ്ങളിലുണ്ട്. വിഎസ് കാണിക്കുന്ന ഈ മൗനം സിപിഎമ്മില്‍ വരാന്‍ പോകുന്ന വലിയ പൊട്ടിത്തെറികള്‍ക്കുള്ള മുന്നൊരുക്കമാണെന്ന് പിണറായി വിരുദ്ധര്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. പിണറായിക്കെതിരെ വളരെ ശക്തമായി ഉപയോഗിക്കാവുന്ന ആയുധമായ ലാവ്‌ലിന്‍ കേസില്‍ വിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നത് നവകേരള മാര്‍ച്ച് തുടങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രതിരേധത്തിലാക്കുകയാണ്. ഉദ്ഘാടന വേദിയില്‍ ഉണ്ടായെങ്കിലും പിണറായിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിനൊപ്പം എത്രനാള്‍ വിഎസ് ഉണ്ടാകുമെന്ന്  പ്രവചിക്കാനാവില്ല. ലാവ്‌ലിന്‍ കേസു മൂലം കുഴഞ്ഞു മറിഞ്ഞ അന്തരീക്ഷത്തിലാണ് പിണറായി ജാഥ തുടങ്ങിയത്.  പാര്‍ട്ടിക്കൊപ്പമാണ് താനെന്ന് വിഎസെന്ന് വരുത്തി തീര്‍ക്കുന്നുണ്ടെങ്കിലും പിണറായിക്ക് നായകസ്ഥാനം കല്‍പിച്ച് ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിച്ചുള്ള നവകേരള മാര്‍ച്ചിനോട് മാനസികമായ അകല്‍ച്ച വിഎസ് കാണിക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേദിയില്‍ പോലും പ്രസംഗിക്കാന്‍ കാസര്‍കോട് വരാതിരുന്ന വിഎസിന്റെ ഇന്നലത്തെ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ മാനം രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നുണ്ട്. കാരണം വിഎസിനെതിരായി എന്ത് നീക്കം പാര്‍ട്ടിക്കകത്ത് നടക്കുമ്പോഴും ആദ്യ എതിര്‍ ശബ്ദം ഉയരുന്നത് കാസര്‍കോട് നിന്നായിരിക്കും. ഇത് നന്നായി പലപ്പോഴും സിപിഎം തിരിച്ചറിഞ്ഞതാണ്. വിഎസിനെ പങ്കെടുപ്പിക്കുക വഴി ജില്ലയിലെ വിഎസ് പക്ഷക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം കൂടിയാണ് പിണറായി പക്ഷം നടത്തിയത്. പക്ഷെ വിഎസിന്റെ സന്ദര്‍ശനത്തോടെ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കുകയാണ് ചെയ്തിരിക്കു ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.