സ്ത്രീശക്തി ഉണരണം

Saturday 16 January 2016 7:31 pm IST

അമ്മയ്ക്ക് സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണമോ വേണ്ടയോ എന്ന തര്‍ക്കങ്ങള്‍ നടക്കുന്ന കാലമാണ് ഇത്. ഇതിനെക്കുറിച്ചല്ല ഇപ്പോള്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യം ഉറങ്ങുന്ന സ്ത്രീശക്തി ഉണരണം എന്നുള്ളതാണ്. ഈ ഉണര്‍വ് വികസിത രാജ്യങ്ങളിലെ സ്ത്രീകളില്‍ മാത്രം ഉണ്ടാകേണ്ടതല്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സ്ത്രീകളില്‍ ഈ ഉണര്‍വ് ഉണ്ടാകണം. ഭൗതികചിന്തയ്ക്കു പ്രാധാന്യം നല്കുന്ന രാജ്യങ്ങളിലെ സ്ത്രീകള്‍ ആത്മീയതയിലേക്കുയരണം. മതവും ആചാരവും അടിച്ചേല്‍പ്പിച്ച ഇടുങ്ങിയ ചട്ടക്കൂടില്‍ കഴിയുന്ന രാജ്യങ്ങളിലെ സ്ത്രീകള്‍ ആധുനിക ചിന്തയിലേക്ക് ഉണരണം. വിദ്യാഭ്യാസത്തിലൂടെയും ഭൗതികമായ വളര്‍ച്ചയിലൂടെയും സ്ത്രീയും അവള്‍ക്ക് ചുറ്റുമുള്ള സമൂഹവും ഉണരും, സംസ്‌കാരം വളരും എന്നു നാം കരുതി. എന്നാല്‍ ഈ വിശ്വസം തെറ്റാണെന്ന് കാലം നമ്മെ പഠിപ്പിച്ചു. കേവലം മതഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തതുകൊണ്ടുമാത്രം ഈ ഉണര്‍വ് ഉണ്ടാകുന്നില്ല. സ്ത്രീ ശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെങ്കില്‍ ആധുനിക വിദ്യാഭ്യാസവും പുരാതനവും സനാതനവുമായ ആത്മീയജ്ഞാനവും ഒന്നിക്കണം. ബാഹ്യമായ ഒരു ശക്തിക്കും സ്ത്രീയെയും അവള്‍ക്കു ജന്മസിദ്ധമായിട്ടുള്ള മാതൃത്വത്തെയും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. സ്ത്രീയെ ഉണര്‍ത്തേണ്ടത് അവള്‍തന്നെയാണ്. അതിനു തടസ്സം അവളുടെ മനസ്സാണ്. പോയകാല സമൂഹം സൃഷ്ടിച്ച നിയമങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീക്കെതിരെ ഇന്നും നിലനില്ക്കുന്നു. ചൂഷണം ചെയ്യാനും അടിച്ചമര്‍ത്താനും പുരുഷന്‍മാര്‍ കെട്ടിച്ചമച്ച പ്രാകൃതമായ സമ്പ്രദായങ്ങളും തുടരുന്നു. ഇവയെല്ലാംകൂടി സൃഷ്ടിച്ച ചിലന്തിവലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് സ്ത്രീയുടെ മനസ്സ്. സ്വന്തം മനസ്സ് അവളെ ഹിപ്‌നോട്ടൈസ് ചെയ്തിരിക്കുകയാണ്. ഈ കാന്തവലയത്തില്‍ നിന്നു പുറത്തുവരാന്‍ അവള്‍ അവളെത്തന്നെ സഹായിക്കണം. വലിയ മരങ്ങള്‍ പോലും തുമ്പിക്കൈകൊണ്ടു പിഴുതെടുക്കുവാന്‍ ശക്തിയുള്ള ആനയുടെ കാര്യം നോക്കുക. ആന കുട്ടിയായിരിക്കുമ്പോള്‍ അതിനെ വളരെ ബലമുള്ള വടമോ ചങ്ങലയോകൊണ്ടു മരത്തില്‍ കെട്ടിയിടുന്നു. വടം പൊട്ടിച്ച്, മരം മറിച്ചിട്ട് പോകാന്‍ അപ്പോള്‍ അതിന് ശക്തിയില്ല. കാട്ടില്‍ സ്വതന്ത്രനായി നടന്ന അവന്‍ കെട്ടു പൊട്ടിക്കാന്‍ ആവുന്നത്ര ശ്രമിക്കും. ഫലമില്ലെന്നു കാണുമ്പോള്‍ അതു ശ്രമം നിര്‍ത്തി ശാന്തനാവും. എന്നാല്‍ ആന വലുതാകുമ്പോള്‍ അതിനെ ചെറിയമരത്തില്‍പ്പോലും തളയ്ക്കും. വേണമെങ്കില്‍ മരം മറിച്ചിട്ട് ആനയ്ക്ക് സ്വതന്ത്രനാവാം. എന്നാല്‍ പഴയ അനുഭവം അതിന്റെ മനസ്സിനെ കണ്ടീഷന്‍ ചെയ്തിരിക്കുന്നു. മുന്‍വിധി കാരണം അത് സ്വതന്ത്രനാവാന്‍ ശ്രമിക്കുന്നില്ല. സ്ത്രീയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചിരിക്കുന്നു. അവളിലെ ആത്മശക്തി ഉണരാന്‍ നാം അനുവദിക്കില്ല. ആ മഹത്തായ ശക്തിയെ അണകെട്ടി തടഞ്ഞു നിര്‍ത്തുകയാണ് ഇന്നത്തെ സമൂഹം. സൃഷ്ടിക്കാനും പരിപാലിക്കാനുമുള്ള ശക്തിയും മാതൃത്വത്തിന്റെ പരിശുദ്ധിയും സ്ത്രീയ്ക്കും തുണയായുണ്ട്. സമൂഹത്തില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ പുരുഷനെക്കാളേറെ സ്ത്രീയെ ഇത് സഹായിക്കും. ഉയരങ്ങളിലെത്താന്‍ സ്ത്രീക്കു തടസ്സമായി നില്‍ക്കുന്നത് കഴിഞ്ഞകാലം സൃഷ്ടിച്ച വികലമായ സങ്കല്‍പ്പങ്ങളാണ്. സ്ത്രീയുടെ മനസ്സില്‍ ഭീതിയും ആശങ്കയും വളര്‍ത്തുന്ന നിഴലുകളാണിവ. നിഴല്‍ യാഥാര്‍ഥ്യമല്ല, മിഥ്യയാണ്. ഇപ്പോഴുണ്ടെന്നു കരുതുന്ന പരിമിതികള്‍ വെറും തോന്നലുകളാണ്. അതിനെ മറികടക്കാന്‍ സ്ത്രീക്കു ശക്തി ഉണ്ടാവണം. എങ്കില്‍ അവള്‍ സമസ്ത രംഗങ്ങളിലും മുന്നേറും. കായല്‍ കടക്കാന്‍ രണ്ടുമണിക്കൂറോളം ബോട്ടുയാത്ര വേണ്ടിയിരുന്നു. കഷ്ടിച്ച് അരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ബോട്ടു നിന്നു. പരിഭ്രാന്തിയോടെ െ്രെഡവര്‍ വിളിച്ചു പറഞ്ഞു. നമ്മള്‍ കുടുങ്ങി, ഡീസല്‍ തീര്‍ന്നു. ബോട്ടില്‍ ആവശ്യത്തിന് ഡീസല്‍ കരുതുവാന്‍ ഞാന്‍ മറന്നു. അടുത്തെങ്ങും മറ്റു ബോട്ടുകളും കാണുന്നില്ല. എന്തുചെയ്യണം ?എന്നറിയാതെ എല്ലാവരും പകച്ചു നിന്നു.അപ്പോള്‍ ആ പുരോഹിത മുന്നോട്ടു വന്ന് പറഞ്ഞു. വിഷമിക്കോണ്ട സഹോദരന്മാരെ. ഞാന്‍ പോയി ഡീസലുമായി വരാം. ഇത്രയും പറഞ്ഞ് അവര്‍ ഡീസല്‍ ക്യാനുമെടുത്ത്, ബോട്ടില്‍ നിന്നിറങ്ങി ജലനിരപ്പിലൂടെ കരയിലേക്കു നടക്കുവാന്‍ തുടങ്ങി. ഈ കാഴ്ചകണ്ട പുരോഹിതന്മാര്‍ സ്തബ്ധരായി നിന്നു പോയി. അതിനു ശേഷം പരിഹാസത്തോടെ അവര്‍ പറഞ്ഞു. കണ്ടില്ലേ, അവള്‍ക്കു നീന്താന്‍പോലും അറിയില്ല. അന്തര്‍ലീനമായ സത്ഗുണങ്ങള്‍ സ്ത്രീയും പുരുഷനും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുമല്ലോ? വൈദ്യുത പ്രവാഹത്തിന് പോസിറ്റീവും നെഗറ്റീവും പോളുകള്‍ ആവശ്യമായതുപോലെ ജീവിത പ്രവാഹം പൂര്‍ണമാകുവാന്‍ പുരുഷന് സ്ത്രീയുടെ ആവശ്യമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.