തപസ്യ സാഗരതീര യാത്ര ഇന്ന് ഗോകര്‍ണ്ണത്ത് സമാപിക്കും

Saturday 16 January 2016 9:07 pm IST

ഉഡുപ്പി: തപസ്യ കലാസാഹിത്യവേദി സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ ആദ്യഘട്ടമായ സാഗരതീരയാത്ര ഇന്ന് ഗോകര്‍ണത്ത് സമാപിക്കും. ഇന്നലെ കാസര്‍കോട്ടു നിന്ന് പുറപ്പെട്ട യാത്ര ഉഡുപ്പിയിലെ മഹാസമ്മേളനത്തോടെയാണ് സമാപിച്ചത്. സമ്മേളനം സംസ്‌കാര്‍ഭാരതി കര്‍ണാടക സംസ്ഥാന സെക്രട്ടറി വി. ചന്ദ്രശേഖരഷെട്ടി ഉദ്ഘാടനം ചെയ്തു. സംസ്‌കാര്‍ഭാരതി ക്ഷേത്രീയ കാര്യദര്‍ശി കെ. ലക്ഷ്മിനാരായണന്‍, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ്, ആര്‍എസ്എസ് മംഗലാപുരം വിഭാഗ് കാര്യവാഹ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. കന്യാകുമാരിയില്‍ നിന്ന് ജനുവരി മൂന്നിന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സാഗരതീരയാത്ര പന്ത്രണ്ട് ദിവസം പിന്നിട്ടാണ് ഗോകര്‍ണത്ത് സമാപിക്കുന്നത്. എന്റെ ഭാഷ എന്റെ ഭൂമി എന്റെ സംസ്‌കാരം എന്ന മുദ്രാവാക്യമുയര്‍ത്തിയ യാത്രയ്ക്ക് കേരളത്തിലുടനീളം ആവേശകരമായ വരവേല്‍പാണ് ലഭിച്ചതെന്ന് തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പിജി. ഹരിദാസ് പറഞ്ഞു. വിവിധ ജില്ലകളിലായി 120 സമ്മേളനങ്ങളിലാണ് യാത്രയ്ക്ക് സ്വീകരണം ലഭിച്ചത്. 200ലേറെ മഹത്‌വ്യക്തിത്വങ്ങളെ ആദരിക്കാനും മണ്‍മറഞ്ഞ പ്രതിഭകളുടെ സ്മൃതികേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. സമൂഹത്തിനാകെ മാര്‍ഗദര്‍ശികളായിരുന്ന മഹാത്മാക്കളുടെ ഓര്‍മ്മകളെ അനാദരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന അധികാരകേന്ദ്രങ്ങളുടെ നിലപാട് ഈ യാത്രയിലൂടെ തപസ്യ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്ന് പ്രൊഫ. ഹരിദാസ് ചൂണ്ടിക്കാട്ടി. കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമികളുടെയും കരുനാഗപ്പള്ളിയില്‍ ഡോ.വി.വി. വേലുക്കുട്ടി അരയന്റെയും പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് നാരായണമേനോന്റെയും വലപ്പാട്ട് കുഞ്ഞുണ്ണി മാഷിന്റെയും സ്മരണകള്‍ അവഗണിക്കപ്പെടുക മാത്രമല്ല അപമാനിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം അപമാനങ്ങള്‍ക്കെതിരെ ആ ഗ്രാമങ്ങളില്‍ നിന്ന് തന്നെ ചെറുത്തുനില്‍പ്പുയരേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തപസ്യയുടെ സാഗരതീരയാത്രയില്‍ മണ്ണിനെയും ഭാഷയെയും സംസ്‌കാരത്തെയും ഉപാസിക്കുന്ന അതിപ്രശസ്തരുടെ വലിയ നിരതന്നെ അണിനിരന്നു. മഹാകവിയും തപസ്യ സംസ്ഥാന അദ്ധ്യക്ഷനുമായ എസ്. രമേശന്‍നായര്‍, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എന്നിവര്‍ നയിച്ച യാത്രയുടെ വിവിധ സമ്മേളനങ്ങളില്‍ മഹാകവി അക്കിത്തം, ഗുരു ചേമഞ്ചേരി, എം.എ. കൃഷ്ണന്‍, കഥാകൃത്ത് എസ്.വി. വേണുഗോപന്‍ നായര്‍, കവി പി. നാരായണക്കുറുപ്പ്, പ്രൊഫ.വി. മധുസൂദനന്‍ നായര്‍, എം. ലീലാവതി, എം.കെ. സാനു, ചെമ്മനം ചാക്കോ, പാപ്പുക്കുട്ടിഭാഗവതര്‍, എന്‍.കെ. ദേശം, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ബോളിവുഡ് താരം മുകേഷ് ഖന്ന, നടന്‍ മധു, വേണുജി, സംവിധായകന്‍ വിജി തമ്പി, സിദ്ദിഖ്, കൊല്ലം തുളസി, കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനന്‍, കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍, തോന്നയ്ക്കല്‍ പീതാംബരന്‍, കലാമണ്ഡലം വിസി ഡോ.പി.എന്‍. സുരേഷ്, ഇഞ്ചക്കാട് ബാലചന്ദ്രന്‍, മനുഷ്യാവകാശപ്രവര്‍ത്തക സിന്ധു പുഴയ്ക്കല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. യാത്ര ഇന്ന് കോതേശ്വരം, കുന്താപുരം, ബൈന്തൂര്‍, ബടക്കല്‍, ശിരാലി, മുരുടേശ്വരം, ഹോന്നാനഗര, കുമ്മട്ട വഴി വൈകിട്ട് ഗോകര്‍ണേശ്വര ദര്‍ശനത്തോടെ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.