അമ്പലപ്പുഴ: കളഭനാളില്‍ ഗോക്കളെ ഊട്ടാന്‍ സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍. മൂന്നാം കളഭദിനമായ ഇന്ന് രാവിലെ ഒന്‍പതിനാണ് അമ്പലപ്പുഴയിലെ എസ്ബിടി ജീവനക്കാര്‍ ക്ഷേത്രത്തില്‍ ഗോപൂജയും ഗോ ഊട്ടും സംഘടിപ്പിക്കുന്നത്. കൊടിമരച്ചുവട്ടില്‍ ഗോപൂജ നടത്തിയശേഷം കിളിര്‍പ്പിച്ച നവധാന്യങ്ങളും പഴവും കരുപ്പെട്ടിയും ഇളംപുല്ലും ഗോശാലയില്‍ എത്തിച്ച് ഗോക്കളെ ഊട്ടും. ക്ഷേത്രാരംഭം മുതല്‍തന്നെ പ്രഥമ പ്രാധാന്യം ഗോക്കള്ക്കാണ്. കണ്ണനു പ്രിയപ്പെട്ടവര്‍ എന്ന നിലയില്‍ പാല്പായസം നിവേദിക്കുന്നതിനു മുമ്പായി ഗോക്കള്‍ക്ക് പുല്ലും വെള്ളവും നല്‍കിയോ എന്ന് മേല്‍ശാന്തി കൊടിമരച്ചുവട്ടില്‍ വന്ന് ചോദിക്കുന്ന ചടങ്ങ് നിലനിന്നിരുന്ന ക്ഷേത്രം എന്ന നിലയ്ക്കുമാണ് ബാങ്ക് ജീവനക്കാര്‍ ഗോപൂജയും ഗോ ഊട്ടും നടത്താന്‍ തയ്യാറായത്. വൈകിട്ട് നെയ്യുപയോഗിച്ച് ചുറ്റുവിളക്കും തെളിയിക്കും. ചടങ്ങുകള്‍ക്ക് ചീഫ് മാനേജര്‍ ജി. ഗീതാകുമാരി, റിട്ട. ചീഫ് മാനേജര്‍ രാജഗോപാല പണിക്കര്‍, കണ്‍വീനര്‍ കീര്‍ത്തി കെ. പിള്ള, ആര്. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: