റിട്ടേണ്‍ ഓഫ് ദ ഡ്രാഗണ്‍

Sunday 7 February 2016 3:31 pm IST

രാജപ്പന്‍ സരോജ്കുമാറാകാന്‍ നവരസം പഠിക്കാന്‍ പോയപോലെയാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പരനാറിയന്‍ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവുമായ സാക്ഷാല്‍ പിണറായി വിജയന്‍ ഇപ്പോള്‍ മനുഷ്യനാകാന്‍ പാടുപെടുന്നത്. വിരട്ടലും ഭീഷണിയും അധിക്ഷേപവാക്കുകളുമല്ലാതെ ഒപ്പമുള്ളവരോട് പോലും നല്ലതൊന്നും പറഞ്ഞ് നാളിതുവരെ നമ്മള്‍ കേട്ടിട്ടില്ല. തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും വാര്‍ത്തകള്‍ എഴുതുന്ന പത്രാധിപരെ തെമ്മാടികള്‍ തെരുവില്‍ നിന്ന് തെറിവിളിക്കും മട്ടില്‍ പൊതുവേദിയില്‍ അഭിസംബോധന ചെയ്യുക, പാര്‍ട്ടിക്കെതിരെ മിണ്ടിയാല്‍ മതമേധാവികളെ നികൃഷ്ടജീവിയെന്ന് അപമാനിക്കുക, അധിക്ഷേപവും ധിക്കാരവും സഹിക്കാതെ പാര്‍ട്ടി വിട്ടുപോയവരെ കുലംകുത്തികളെന്ന് വിളിക്കുക, മുന്നണി വിട്ടുപോയി തങ്ങള്‍ക്കെതിരെ മത്സരിക്കുന്നവരെ നാറി, പരനാറി, പരമ നാറി എന്നിങ്ങനെ വായില്‍ തോന്നിയതെല്ലാം വിളിക്കുക... പിണറായി വിജയന്‍ എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ഭാഷാപടുത്വത്തിന് ഉദാഹരണങ്ങള്‍ ഏറെയാണ്. വാക്കിലും നോട്ടത്തിലും ഒരു ക്വട്ടേഷന്‍ തലവന്റെ എല്ലാ ലക്ഷണവുമുണ്ട് സഖാവിന് എന്ന് പാര്‍ട്ടിക്കുള്ളിലും അഭിപ്രായമുണ്ട്. ഇപ്പറഞ്ഞ മെനകെട്ട ലക്ഷണങ്ങളൊക്കെ ഒന്ന് മാറ്റിയെടുക്കാനാകണം ഇപ്പോള്‍ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചു തുടങ്ങിയിരിക്കുന്നു. വയസ് എഴുപത്തൊന്നായി. 1998 മുതല്‍ 2015 വരെ പതിനേഴ് കൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നെ പിബി അംഗമായി തുടരുന്നു. ഇക്കാലത്തിനിടയില്‍ പത്ത് മാലോകരെ കണ്ടാല്‍ തലക്കനംകൊണ്ട് തിരിഞ്ഞുനോക്കാതിരുന്ന നേതാവാണ് ഇപ്പോള്‍ ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുകയാണ്. അപ്പോള്‍ പിന്നെ സരോജ്കുമാറിനെ പോലെ നവരസം പഠിച്ചെടുക്കുകയേ തരമുള്ളൂ. അതിന് മാലിന്യമൊഴുകുന്ന തോട്ടരികില്‍ പോയിനിന്ന് വിഷാദഗാനം പാടണം. ജനങ്ങള്‍ അനുഭവിക്കുന്ന തീരാ ദുരിതത്തിന് നാട് ഭരിക്കുന്നവരെ തെറി വിളിക്കണം. മോദിയും ആര്‍എസ്എസുകാരും കൂടിയാണ് കേരളത്തിലെ തോട്ടിറമ്പിലൊക്കെ മാലിന്യങ്ങള്‍ കുന്നുകൂട്ടുന്നതെന്ന് സമര്‍ത്ഥിക്കണം. ഇതുവരെയുള്ളതൊന്നും പോരാ, നവകേരളം തന്നെ സൃഷ്ടിക്കണം. അമ്മാതിരിയൊരു കേരളം കെട്ടിയുണ്ടാക്കുന്നതിന് മുന്‍പ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കാണണം. അവരുടെയും ആശ്രിതരുടെയും കണ്ണീരൊപ്പണം.... സഖാവ് ആകെ തിരക്കിലാണ്. ഇനി മൂന്ന് മാസം കഷ്ടിയാണ്. നാട്ടിലാകെ കഷ്ടപ്പെടുന്നവരെക്കുറിച്ച് ഇപ്പോഴാണ് ചിന്തിക്കാന്‍ നേരം കിട്ടിയത്. ഇത്രയും കാലം കുലംകുത്തികളെക്കുറിച്ചും നികൃഷ്ടജീവികളെക്കുറിച്ചും പരനാറികളെക്കുറിച്ചുമായിരുന്നു ചിന്ത. അവരെയൊക്കെ ഇല്ലാതാക്കാനുള്ള ക്വട്ടേഷന്‍ പണി ഏറ്റെടുത്ത് നടത്തിയവരെ തെരഞ്ഞ് പിടിച്ച് സ്ഥാനാര്‍ത്ഥികളാക്കി പഞ്ചായത്തും കോര്‍പ്പറേഷനുമൊക്കെ ഭരിക്കാന്‍ ഏല്‍പിച്ചിട്ടുണ്ട്. എപ്പോള്‍ കഞ്ഞി കുടിക്കാന്‍ ഇരുന്നാലും പാറ്റയുമായെത്തിയിരുന്ന വേലിയ്ക്കകത്ത് അച്യുതാനന്ദനെയാണ് ഇപ്പോഴും ഭയം. നവകേരളത്തിന്റെ പുറപ്പാട് തുടങ്ങിത്തീരുന്നതിന് മുന്‍പ് എവിടെയൊക്കെയാണ് കാരണവര്‍ എടങ്ങേറുണ്ടാക്കുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് വാക്കും പ്രവര്‍ത്തിയും കുറച്ചുകാലത്തേക്കെങ്കിലും നന്നായിരിക്കണമെന്ന് പിണറായിക്ക് ആഗ്രഹമുണ്ട്. അതിന് വേണ്ടിയാണ് യാത്ര തുടങ്ങുംമുമ്പ് പാര്‍ട്ടിക്ക് ഹറാമാണെങ്കിലും യോഗയും ധ്യാനവുമൊക്കെ കൂടാന്‍ തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും കൊള്ളരുതായ്മകളില്‍ പൊറുതിമുട്ടിയ പൊതുജനം കണ്ണുംപൂട്ടി ഇക്കുറി അരിവാള്‍ ചുറ്റികയില്‍ വോട്ടുകുത്തുമെന്നാണ് കരുതിയിരുന്നത്. അതിനിടയിലാണ് നരേന്ദ്രമോദിയും സംഘവും കേന്ദ്രം പിടിച്ചത്. കേരളത്തിലടക്കം ബിജെപിക്കാര്‍ രണ്ടും കല്‍പിച്ചാണ്. ചെങ്കൊടി വിട്ട് സഖാക്കളൊന്നടങ്കം പല മേഖലകളിലും ബിജെപിയില്‍ ചേക്കേറിക്കഴിഞ്ഞു. നേമവും നെയ്യാറ്റിന്‍കരയും അരുവിക്കരയിലുമെല്ലാം രാജേട്ടന്‍ മാജിക്കാണെന്ന് ആശ്വസിച്ചിരുന്നതാണിതുവരെ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ അന്തരീക്ഷം മാറി. ഇപ്പോള്‍ ഒരു രാജേട്ടന്റെ സ്ഥാനത്ത് രണ്ടായി ബിജെപിക്ക് രാജേട്ടന്‍മാര്‍. നെഞ്ചുംവിരിച്ച് അവര്‍ ചോദിക്കുന്നത് ജനങ്ങള്‍ കേള്‍ക്കുന്നുമുണ്ട്... ഈ രാജേട്ടന്മാര്‍ക്ക് ബദല്‍ ആരുണ്ടെന്ന ചോദ്യം. അതൊരു വലിയ ചോദ്യം തന്നെയാണ്. അധികാരവും രാഷ്ട്രീയവും തൊഴിലാക്കി നടന്നതിന് ജനം കണക്ക് പറയിക്കാന്‍ പോകുന്നുവെന്ന ഭീതിയും ഇപ്പോള്‍ പിണറായിക്കുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് തന്നെ ജനങ്ങളെ രക്ഷിക്കാന്‍ ജനരക്ഷായാത്ര നടത്തേണ്ടുന്ന അത്ര ഗതികേടിലാണ് കേരളത്തിലെ ഭരണം. ടൈറ്റാനിയവും സോളാറും ഭൂമിതട്ടിപ്പും മുതല്‍ പെണ്‍വാണിഭം വരെയുള്ള സകലമാനതൊട്ടിത്തരങ്ങളും കയ്യിലിട്ട് അമ്മാനമാടാന്‍ പരുവത്തിന് കണ്‍മുന്നില്‍ കൊണ്ടുത്തന്ന ഒരു സര്‍ക്കാരിനെതിരെ മര്യാദയ്ക്ക് ഒന്ന് പ്രതിഷേധിക്കാതെ രാപ്പകല്‍ ഒത്തുതീര്‍പ്പ് നടത്തി രമിക്കുന്നതിനിടയിലൂടെ ഈ ബിജെപിക്കാര്‍ ഇങ്ങനെകേറി വളരുമെന്ന് വിചാരിച്ചതല്ല. ഇപ്പോള്‍ പ്ലീനം മുതല്‍ പഠനകോണ്‍ഗ്രസ് വരെയുള്ള എല്ലാ സമ്മേളനങ്ങളും ചര്‍ച്ച ചെയ്യുന്നത് ബിജെപിക്കാരെ വളര്‍ത്തിയതാരെന്ന വിഷയമാണ്. ഇതങ്ങ് വളര്‍ന്നുകേറിയ നിലയ്ക്കാണ് അവന്മാരെ കൈകാര്യം ചെയ്യാന്‍ പി. ജയരാജനെ ഏല്‍പിച്ചത്. ആര്‍എസ്എസുകാരെ കൈകാര്യം ചെയ്യുന്നതില്‍ മിടുക്ക് ഏറെ തെളിയിച്ചതാണ് ആ വിദ്വാന്‍. അടിയും വെട്ടും കൊലയും ഒന്നും ഏല്‍ക്കാതെ വന്നപ്പോഴാണ് ശ്രീകൃഷ്ണജയന്തിക്ക് ഓണാഘോഷവും ചെഗുവേരയുടെ ചിത്രം വെച്ച് ഗണേശോത്സവവും അയ്യപ്പന്മാര്‍ക്ക് അന്നദാനവും അമ്പലങ്ങള്‍ക്ക് ഊട്ടുപുരയും ഒടുവില്‍ യോഗയുമൊക്കെ പാര്‍ട്ടി പ്രയോഗിച്ചത്. അത് ആകെക്കൂടി അലമ്പായി. ഇപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ ലാല്‍സലാം മാറ്റി നമസ്‌തേ പറയാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണൂരില്‍ സമാധാനത്തിന് ആര്‍എസ്എസുകാര്‍ മുന്നിട്ടിറങ്ങിയതോടെ രക്തസാക്ഷിവാണിഭത്തിനുള്ള അവസരവും അടയുകയാണ്. സിബിഐക്കാരാണെങ്കില്‍ ജയരാജനെ പിടികൂടിയേ അടങ്ങൂ എന്ന മട്ടിലാണ്. അത് സംഭവിച്ചാല്‍ പിന്നെ പാര്‍ട്ടി ഭയക്കുന്ന ആ സമാധാനം കണ്ണൂരില്‍ എളുപ്പത്തിലാവുകയും ചെയ്യും. കൊന്നും കൊടുത്തും തെറിവിളിച്ചും പുലഭ്യം പറഞ്ഞും വളര്‍ന്നുകയറിയതാണ് പിണറായി വിജയന്‍ ഈ പാര്‍ട്ടിയില്‍. പാര്‍യിലെ കുട്ടികള്‍ സ്വാശ്രയകോളേജിനെതിരെ സമരം ചെയ്ത് അടിയും വെടിയും കൊള്ളുമ്പോള്‍ സ്വന്തം കുട്ടികളെ മുന്തിയ സ്വശ്രയത്തിലയച്ച് ഭാവി സുരക്ഷിതമാക്കിയതാണ്. ഇനിയൊരു മോഹമേ ഉള്ളൂ. അത് ആ കസേരയാണ്. ഒരിക്കലെങ്കിലും അതിലൊന്നിരിക്കണം. അതിന് ഏത് വേഷവും കെട്ടുന്ന പരുവത്തിലാണ്. നരേന്ദ്രമോദി സ്വച്ഛ്ഭാരത് എന്നും പറഞ്ഞ് ചൂലുമായി നിരത്തിലിറങ്ങിയപ്പോള്‍ പിണറായി ചവറ് കോരാനിറങ്ങിയത് വെറുതെയല്ല. മഴക്കുഴി തോണ്ടലും ജൈവ പച്ചക്കറിക്കൃഷിയുമൊക്കെ തട്ടിക്കൂട്ടിയതിന് പിന്നിലും പ്രാഞ്ചിയേട്ടന്റെ ആ പത്മശ്രീ മോഹം തന്നെ. മുഖമൊന്ന് മാറ്റണം. വിരിയാത്ത രസങ്ങളൊക്കെ ഒന്ന് വിരിയിച്ചെടുക്കണം. പ്രയാസമാണ്. ആകെയുള്ള ആശ്വാസം പി.എം. മനോജാണ്. എന്ത് കള്ളവും ഒരുളുപ്പുമില്ലാതെ ആരുടെ മുന്നിലും ഇരുന്ന് വിളമ്പാന്‍ ഇത്രയേറെ മിടുക്കുള്ള ഒരു സഖാവിനെ വേറെ കിട്ടില്ല. ഹിറ്റ്‌ലര്‍ക്ക് ഗീബത്സ് പോലെയൊരു ഉരുപ്പടി. പറയുന്ന കള്ളത്തിന് ആധികാരികമായി തെളിവുണ്ടാക്കുന്നതിലും മിടുക്കനാണ് കക്ഷിയെന്ന് പലരും പറയുന്നു. തൊലിക്കട്ടിയാണെങ്കില്‍ പറയുകയും വേണ്ട. ഇമ്മാതിരി ഒരു പത്ത് സഖാക്കളെ കിട്ടിയാല്‍ പിന്നെ പിണറായി വിജയനാരാ മോന്‍. ഡിങ്കനല്ലേ ഡിങ്കന്‍!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.