പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

Saturday 16 January 2016 10:06 pm IST

കണ്ണൂര്‍: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ എട്ടിന് ജില്ലാ ആശുപത്രിയില്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ അധ്യക്ഷത വഹിക്കും. ഇന്നു കൂടാതെ 21നും തുള്ളിമരുന്ന് നല്‍കും. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ അഞ്ചുവയസിനു താഴെയുള്ള 1,89,833 കുട്ടികളും അന്യസംസ്ഥാനകാരായ 813 കുട്ടികളുമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.കെ. ബേബി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍, സിഎച്ച്‌സികള്‍, പിഎച്ച്‌സികള്‍, കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗണ്‍വാടികള്‍, സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി തുള്ളിമരുന്ന് വിതരണത്തില്‍ 1,519 ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി പ്രത്യേക പരിശീലനം നേടിയ 7992 വോളണ്ടിയര്‍മാരും 523 സൂപ്പര്‍വൈസര്‍മാരും വാക്‌സിന്‍ വിതരണത്തിന് പങ്കാളികളാകും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 55 ട്രാന്‍സിറ്റ് ബൂത്തുകളും, 154 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. റോട്ടറി ഇന്റര്‍നാഷണല്‍, ഐഎംഎ, ഐഎപി തുടങ്ങിയ സംഘടനകളുടെ പൂര്‍ണ സഹകരണവും പള്‍സ് പോളിയോ പരിപാടിക്ക് ലഭിക്കുന്നുണ്ടെന്ന് ഡിഎംഒ പറഞ്ഞു. അഞ്ചു വയസിനുതാഴെയുള്ള എല്ലാകുട്ടികള്‍ക്കും ഒരേ ദിവസം തുള്ളിമരുന്ന് നല്‍കുമ്പോള്‍ കുട്ടികളുടെ കുടലിലുള്ള വാക്‌സിന്‍ വൈറസ് പെരുകുകയും മലവിസര്‍ജനത്തിലൂടെ രോഗമുണ്ടാക്കുന്ന വൈറസിനെ നശിപ്പിക്കുകയും രോഗാണു സംക്രമണം തടഞ്ഞ് പോളിയോ നിര്‍മാര്‍ജനം സാധ്യമാവുകയും ചെയ്യും. 2011 ജനുവരി 13ന് പശ്ചിമ ബംഗാളിലെ ഹൗറയില്‍നിന്നാണ് ഒടുവിലത്തെ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്തൊരിടത്തും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ 2000 ത്തില്‍ മലപ്പുറത്താണ് അവസാനമായി ഒരുകേസ് റിപ്പോര്‍ട്ട് ചെയ്തത്. 2014 ല്‍ ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പൂര്‍ണ പോളിയോ നിര്‍മാര്‍ജന രാജ്യമെന്ന സ്ഥാനം നിലനിര്‍ത്താനും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാനും പള്‍സ് പോളിയോ തുള്ളിമരുന്ന വിതരണത്തിലൂടെ കഴിയുമെന്നും ഡിഎംഒ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. പി.എം. ജ്യോതി, ഡോ. ടി.എസ്. സിദ്ദാര്‍ഥന്‍, കെ.സി. രാജീവന്‍, കെ.എന്‍. അജയ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.