സന്നിധാനത്ത് പടിപൂജ തുടങ്ങി; മാളികപ്പുറത്ത് ഗുരുതി 20 ന്

Saturday 16 January 2016 10:08 pm IST

പത്തനംതിട്ട: കലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജയ്ക്ക് തുടക്കമായി. ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പടിപൂജ നടന്നത്. ശബരിമല മേല്‍ശാന്തി എസ്. ഇ. ശങ്കരന്‍ നമ്പൂതിരി സഹകാര്‍മ്മികത്വം വഹിച്ചു. പതിനെട്ട് പടിയിലും ഓരോ ദേവതകള്‍ കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. ഓരോ പടിയിലേയും ദേവതാ സങ്കല്പം ചൊല്ലിയാണ് പടിപൂജ നടന്നത്. പൂജയുടെ സ്‌നാന ഘട്ടത്തില്‍ ഒറ്റക്കലശമാടി തന്ത്രി നിവേദ്യം സമ്മര്‍പ്പിച്ചു.തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും ശ്രീകോവിലിലെത്തി ഭഗവാന് നിവേദ്യം അര്‍പ്പിച്ചതോടെ പടിപൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. 19 വരെ എല്ലാദിവസവും ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടക്കും. മകരവിളക്ക് ദിനത്തില്‍ ആരംഭിച്ച മാളികപ്പുറത്തുനിന്നുമുള്ള എഴുന്നെള്ളത്ത് 19 വരെ നടക്കും. എല്ലാദിവസവും എഴുന്നെള്ളത്ത് പതിനെട്ടാംപടിയ്ക്ക് താഴെവരെയാണ്. 19ന് ശരംകുത്തിയിലേക്കാണ് എഴുന്നെള്ളത്ത്. ആനപ്പുറത്ത് തിടമ്പേറ്റിയുള്ള എഴുന്നെള്ളത്തിന് വാദ്യമേളവും, തീവെട്ടിയും, തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടിക്കൂറകളും അകമ്പടി സേവിക്കും. 18 ന് രാത്രിവരെ തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തിന് അവസരമുണ്ട്. 19ന് നടക്കുന്ന കളഭാഭിഷേകത്തിന് അശൂലംകാരണം പന്തളം രാജപ്രതിനിധി പങ്കെടുക്കില്ല. 20ന് രാത്രി 10ന് നട അടയ്ക്കുന്നതുവരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവൂ. 20ന് രാത്രി അത്താഴപൂജകഴിഞ്ഞ് നട അടച്ച ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ മലദൈവങ്ങള്‍ക്കായുള്ള ഗുരുതി നടക്കും. റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കാരണവരാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തികുറിച്ച് ശബരിമല നട 21ന് രാവിലെ അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.