അംഗീകാരത്തിന്റെ നിറവില്‍ മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂള്‍

Saturday 16 January 2016 10:08 pm IST

കണ്ണൂര്‍: ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ മികച്ച സ്‌കൂളായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂള്‍. വിഎസ്എസ്‌സി ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് അധ്യാപകനായ പി.സുരേഷിന് ലഭിച്ചത് സ്‌കൂളിന് ഇരട്ടിമധുരമായി. ഒക്‌ടോബര്‍ 4 മുതല്‍ 10 വരെ നടത്തിയ 26 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സ്‌കൂളിന് അവാര്‍ഡ് ലഭിച്ചത്. ഈ കാലയളവില്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട 50 പുസ്തകങ്ങളുടെ 16 ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനവും ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, ബഹിരാകാശ യാത്രകള്‍, ഹബിള്‍ ടെലസ്‌കോപ്പിന്റെ കണ്ടെത്തലുകള്‍, വിവിധ ജ്യോതിശാസ്ത്രജ്ഞര്‍ തുടങ്ങിയ വിവരങ്ങളും 2002 മുതല്‍ 2015 ഒക്‌ടോബര്‍ 30 വരെ വിവിധ പത്രങ്ങളില്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച വാര്‍ത്തകളും ഉള്‍പ്പെടുത്തി 7 ദിവസത്തെ ശാസ്ത്ര പ്രദര്‍ശനവും സ്‌കൂളില്‍ ഒരുക്കിയിരുന്നു. മുണ്ടേരി സ്‌കൂളിനോടൊപ്പം മറ്റു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പ്രദര്‍ശനം ഏറെ വിജ്ഞാനപ്രദമായി. ബഹിരാകാശം, റോക്കറ്റുകളുടെ ആവിര്‍ഭാവം, ആകാശത്തെ കണ്ടെത്തലുകള്‍ എന്നിവയെക്കുറിച്ച് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞനായ പി വി ബാലഗംഗാധരന്റെ ക്ലാസും വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായി. വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ കലണ്ടര്‍ പഠനത്തിലൂടെ കലണ്ടറുകളിലൂടെ ആകാശഗോളങ്ങളെ നിരീക്ഷിക്കുന്ന വിധവും ജന്മനക്ഷത്രം, തിഥി, രാശി, നാഴിക തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രസത്യങ്ങളും പഠിപ്പിച്ചു. ബഹിരാകാശകേന്ദ്രത്തിലെ ജീവിതം, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍, ബഹിരാകാശപേടകത്തിന്റെ വിക്ഷേപണവും തിരിച്ചുവരവും, സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സിഡി പ്രദര്‍ശനവും ആകര്‍ഷണീയമായി. എല്‍.പി, യു.പി ക്ലാസ്സുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ കൈയെഴുത്ത് മാസികകളും പിറന്നു. ഇവയുടെ നിര്‍മാണത്തിനിടയില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ റഫര്‍ ചെയ്യുന്നതിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം നേടി. ഉപഗ്രഹമാതൃകയുടെ നിര്‍മാണം, റോക്കറ്റ് നിര്‍മ്മാണം, 15 ചുമര്‍ചിത്ര മാസികകളുടെ നിര്‍മാണം, ജ്യോതി ശാസ്ത്ര ക്വിസ്സ് മത്സരം എന്നിങ്ങനെ ഒരാഴ്ചക്കാലം അറിവിന്റെ ഉത്സവക്കാഴ്ചകളാണ് സ്‌കൂളില്‍ നിറഞ്ഞുനിന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുതിയ തലമുറയില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും അന്ധവിശ്വാസങ്ങളെ അകറ്റുന്നതിനും സഹായകമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നു. അതോടൊപ്പം പതിവുശൈലിയില്‍ എന്‍ജിനീയറിങ്-മെഡിക്കല്‍ മേഖലകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതിനു പകരം കുട്ടികള്‍ക്ക് ആസ്‌ട്രോ ഫിസിക്‌സില്‍ താത്പര്യം വളര്‍ത്തുന്നതിനും ഇത് വഴിതെളിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.