അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണങ്ങളില്‍ വന്‍ ക്രമക്കേട് : കുമ്മനം

Saturday 16 January 2016 4:58 pm IST

തിരുവനന്തപുരം : പാലം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ വന്‍തോതിലുള്ള ക്രമക്കേടാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പച്ചാളം റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണത്തില്‍ ലാഭം വന്ന 13 കോടിരൂപ അവിടെ സ്ഥലം വിട്ടുകൊടുത്തവരുടെ പുനരധിവാസ പാക്കേജിനായി ഉപയോഗിക്കണമെന്നും നാളിതുവരെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച തുകയെക്കാള്‍ കുറഞ്ഞ ചെലവിലാണ് പച്ചാളം റെയില്‍വേ മേല്‍പ്പാലം ഡിഎംആര്‍സി പൂര്‍ത്തിയാക്കിയത്. 52.70 കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചത്. എന്നാല്‍ 39.50 കോടി രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാക്കി തുക ഡിഎംആര്‍സി സര്‍ക്കാരിനെ തിരിച്ചേല്‍പ്പിച്ചു. ഈ രംഗത്തെ ക്രമക്കേടിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും കുമ്മനം പറഞ്ഞു മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം സ്വകാര്യ കോണ്‍ട്രാക്ടറെ ഏല്‍പ്പിക്കാനായിരുന്നു സര്‍ക്കാരിനു താല്‍പര്യം. യഥാര്‍ത്ഥ ചെലവിനേക്കാള്‍ വലിയ തുകയ്ക്കാണ് കരാറുകള്‍ നല്‍കുന്നത്. അതനുസരിച്ചുള്ള എസ്റ്റിമേറ്റ്ാണ് തയ്യാറാക്കിയത്. കരാറുകാര്‍ക്ക് വന്‍ലാഭം ഉണ്ടാക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കരാറുകാര്‍ നിശ്ചിത സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ തുക അധികമായി വാങ്ങുന്നതാണ് കേരളത്തില്‍ പതിവ്. കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ടീയനേതാക്കളും അടങ്ങുന്ന സംഘമാണ് ഇതിനു പിന്നില്‍. ഇ ശ്രീധരന് കൊച്ചി മെട്രോയുടെ ചുമതല നല്‍കാതിരിക്കാന്‍ ശ്രമിച്ചതും ഇവരാണെന്ന് കുമ്മനം ആരോപിച്ചു. ലാവ്‌ലിന്‍ കേസ് വിചാരണയ്ക്ക് മുമ്പ് അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന ഹൈക്കോടതിയുടെ സംശയം അര്‍ത്ഥവത്താണെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. രണ്ടു വര്‍ഷമായി ജനങ്ങള്‍ ഉയര്‍ത്തിയ സംശയമാണിത്. വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ സിപിഎമ്മിലെ തന്നെ വലിയൊരു വിഭാഗത്തിന് ബോധ്യപ്പെട്ടതാണ് ലാവ്‌ലിന്‍ അഴിമതി. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ പ്രതിപക്ഷനേതാവ് ഉയര്‍ത്തിയത്ര വാദങ്ങള്‍ മറുപക്ഷത്തിനിന്നു പോലും ഉണ്ടായിട്ടില്ല. സിബിഐ കോടതി കേസവസാനിപ്പിച്ചപ്പോള്‍പോലും അച്യുതാനന്ദന്‍ അത്ഭുതപ്പെട്ടതാണ് നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിച്ച് ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തിയ ഒത്തുകളിയാണ് കേസ് അവസാനിപ്പിക്കുന്നതിലേക്കെത്തിയത്. അതിന് യുപിഎ സര്‍ക്കാരിലെ പ്രബലനായ കാബിനറ്റ് മന്ത്രിയുടെ കൈ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ലാവ്‌ലിന്‍ കേസ് അവസാനിപ്പിച്ചതിന്റെ നന്ദി സൂചകമായാണ് സോളാര്‍-ബാര്‍ കോഴക്കേസുകള്‍ക്കെതിരെ ശക്തമായ സമരത്തിന് സിപിഎം മുന്നിട്ടിറങ്ങാതിരുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി അവസാനിച്ചിട്ടില്ല. സിപിഎം നിയന്ത്രിക്കുന്ന സ്വരലയയും കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരും ചേര്‍ന്നാണ് ഗുലാം അലിക്ക് വേദിയൊരുക്കിയത്. പാട്ടില്‍ തുടങ്ങിയ ഈ ഐക്യം പാര്‍ട്ടികളുടെ പരസ്യമായതോ രഹസ്യമായതോ ആയ സഖ്യത്തില്‍ കലാശിച്ചാലും അത്ഭുതപ്പെടാനില്ല. നേമം ഉപതെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും അത് കണ്ടതാണെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.