ബാര്‍ കോഴ: മാണിയെ രക്ഷിക്കാന്‍ മലക്കം മറിഞ്ഞ് സുകേശന്‍

Saturday 16 January 2016 10:52 pm IST

തിരുവനന്തപുരം: ബാര്‍കോഴക്കേസ്സില്‍ കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നലകി വിജിലന്‍സ് എസ്പി സുകേശന്റെ പുനരന്വേഷണ റിപ്പോര്‍ട്ട്. ആദ്യത്തെ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ നിന്നു മലക്കം മറിഞ്ഞാണ് പുനരന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ ബാര്‍ ഉടമകള്‍ കെട്ടിച്ചമച്ചതാണെന്നും ബിജു രമേശ് നല്കിയ സിഡി വിശ്വസനീയമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങള്‍ ബാര്‍ ഉടമകള്‍ക്കുണ്ടായ നഷ്ടത്തെ തുടര്‍ന്ന് കെട്ടിച്ചമച്ചതാണ്. ബാര്‍ ലൈസന്‍സ് പുതുക്കാതിരുന്നതോടെ 509.59 കോടി രൂപ ബാര്‍ ഉടമകള്‍ക്ക് നഷ്ടമായി. ബിജു രമേശിനു മാത്രം ഒമ്പതു ബാറുകളുണ്ട്. ലൈസന്‍സ് റദ്ദായതോടെ ലാഭ ഇനത്തില്‍ ലഭിക്കേണ്ട 37.22 കോടി രൂപ നഷ്ടമായി. ഇതേ തുടര്‍ന്ന് ബിജു രമേശിന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ചതാണ് ബാര്‍കോഴ. കോഴയ്ക്ക് വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. സാക്ഷികളുടെ മൊബൈല്‍ സംഭാഷണം വിശദമായി അന്ന് പരിശോധിച്ചിരുന്നില്ല. മന്ത്രി മാണിക്ക് കോഴനല്കി എന്ന് പറയുന്ന സ്ഥലവും കോഴ നല്കാന്‍ പോയവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ടവറും തമ്മില്‍ വ്യത്യാസമുണ്ട്. 2014 മാര്‍ച്ച് 22നാണ് മാണിയുടെ പാലായിലെ വസതിയില്‍ വച്ച് സജു ഡൊമനിക്, ജേക്കബ് കുര്യന് പണം നല്കി എന്നാണ് പറയുന്നത്. അന്ന് സജു ഉച്ചക്ക് 12.30ന് പാലാ മഹാറാണി ഹോട്ടലില്‍ പോയി കുഞ്ഞുമോന്റെ കൈയില്‍ നിന്നു പണംവാങ്ങി മാണിയുടെ വീട്ടില്‍ കൊണ്ടുപോയി കൈമാറി എന്നു പറയുന്നു. മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ സജു പൊന്‍കുന്നത്തായിരുന്നു. ഇതേ രീതിയില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ സാക്ഷിമൊഴിയിലും വൈരുദ്ധ്യമുണ്ട്. ബിജുരമേശ് നല്കിയ സിഡിയും വ്യാജമാണ്. ഫോണ്‍ മെമ്മറി കാര്‍ഡില്‍ നിന്നാണ് സംഭാഷണങ്ങള്‍ സിഡിയിലേക്ക് പകര്‍ത്തിയത്. മെമ്മറി കാര്‍ഡില്‍ നാല് ഫയലുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ദൈര്‍ഘ്യമേറിയ ഫയല്‍ മായ്ച്ചുകളഞ്ഞു. തിരുവനന്തപുത്ത് വച്ച് മാണിക്ക് പണം നല്കി എന്നു പറയുന്നതിന്റെ തലേ രാത്രി 8.30ന് ബാര്‍ ഉടമകള്‍ പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറി എന്നു പറയുന്ന പ്രധാന സാക്ഷിമൊഴിയും കളവാണ്. ഈ സമയത്തൊന്നും ബാര്‍ ഉടമകള്‍ പഴവങ്ങാടിയില്‍ എത്തിയിരുന്നില്ല. ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളി മൊഴി മാറ്റിപ്പറഞ്ഞ സമയത്തൊന്നും തുകകൈമാറാന്‍ വന്നു എന്നു പറയുന്ന ബാര്‍ ഉടമകളുടെ മൊബൈല്‍ ടവര്‍ ലൊക്കോഷനില്‍ ഇല്ല. ബാര്‍ ഉടമകള്‍ സ്വരൂപിച്ച പണം കേസ് നടത്തുന്നതിലേക്കുള്ള ലീഗല്‍ ഫണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.