ദ്വിദിന സന്ദര്‍ശനത്തിനായി സുഷമാ സ്വരാജ് ടെല്‍ അവീവിലെത്തി

Sunday 17 January 2016 10:58 am IST

ടെല്‍ അവീവ്: ദ്വിദിന ഇസ്രയേല്‍, പലസ്തീന്‍ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ടെല്‍ അവീവിലെത്തി.ഇസ്രയേലിലേക്കുള്ള സുഷമയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്. വിദേശകാര്യ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും സുഷമയെ അനുഗമിക്കുന്നുണ്ട്. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മന്ത്രി ആദ്യം പലസ്തീനാണ് സന്ദര്‍ശിക്കുക. ഭീകരവാദ വിരുദ്ധമേഖലയിലും പ്രതിരോധ വിഭാഗത്തിലുമുള്ള സഹകരണമാണ് സന്ദര്‍ശന ലക്ഷ്യം. പലസ്തീന്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം റാമല്ലയിലെ പലസ്തീന്‍ ഡിജിറ്റല്‍ ലേണിങ് ആന്‍ഡ് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനം സുഷമാ സ്വരാജ് നിര്‍വ്വഹിക്കും. തുടര്‍ന്ന് വൈകീട്ടോടെ ഇസ്രായേലിലേക്ക് യാത്ര തിരിക്കും. 18ന് ഇസ്രയേല്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും. പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് വീണ്ടും ഭാരത വിദേശകാര്യ മന്ത്രി ഇസ്രയേലില്‍ എത്തുന്നത്. പോയവര്‍ഷം സുരക്ഷാ, പ്രതിരോധം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ ശക്തിപ്പെടുത്താനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുമാണ് സന്ദര്‍ശനം നടത്തുന്നത്. ഐഎസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സുഷമ വിലയിരുത്തും. പലസ്തീന്‍ നേതൃത്വവുമായും സംഭാഷണം നടത്തും. റമള്ളായിലെ പലസ്തീന്‍ ഡിജിറ്റല്‍ ലേണിംഗ് ആന്‍ഡ് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും സുഷമ നിര്‍വഹിക്കും. കഴിഞ്ഞ ഒക്ടോബറില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇസ്രായേലും, പലസ്തീനും സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഭാരതം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രേയേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് മന്ത്രി സുഷമാ സ്വരാജിന്റെ സന്ദര്‍ശനം. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഭാരത പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഇസ്രയേല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലാകും ഇന്ത്യയുമായി സഹകരിച്ച് ഇസ്രയേല്‍ നിക്ഷേപം നടത്തുകയെന്നും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.