പെപ്പ്‌ലൈനില്‍ ചോര്‍ച്ച ജല വിതരണം നിലച്ചു

Sunday 17 January 2016 9:28 pm IST

എടത്വാ: നീരേറ്റുപുറം ജലശുദ്ധീകരണ ശാലയില്‍ നിന്ന് പുറപ്പെടുന്ന പൈപ്പ് ലൈനില്‍ ചോര്‍ച്ച. തലവടി, എടത്വാ പഞ്ചായത്തില്‍ ഇതോടെ ശുദ്ധജല വിതരണം നിലച്ചു. തലവടി പഞ്ചായത്തിന് സമീപം വാര്യത്ത് കലുങ്കിന്റെ കിഴക്കേകരയിലാണ് പൈപ്പ് ലൈന്‍ കൂട്ടിയോജിപ്പിക്കുന്ന ഭാഗത്ത് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ച അടയ്ക്കാന്‍ വേണ്ടി കുഴിയെടുത്തെങ്കിലും ഇതുവരെ പൈപ്പ് നന്നാക്കിയിട്ടില്ല. ഒരാഴ്ചയോളമായി ഈ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങി. ചോര്‍ച്ച പ്രധാന ലൈനില്‍ ആയതിനാല്‍ വാല്‍വ് പൂട്ടിയിട്ടിരിക്കുന്നതാണ് ജലവിതരണത്തെ ബാധിച്ചത്. വിതരണ സമയത്തുപോലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന തലവടിയില്‍ വാല്‍വ് പൂട്ടിയതോടെ ഗ്രാമീണര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ജലവിതരണ സമയത്ത് ഉള്‍പ്രദേശത്തുള്ളവര്‍ പ്രധാന പാതയിലെ പൊതു ടാപ്പില്‍ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. നദികളിലേയും തോടുകളിലേയും ജലം ഉപയോഗ ശൂന്യമാണന്നിരിക്കേ പൈപ്പില്‍ നിന്ന് ലഭിക്കുന്ന ശുദ്ധജലമാണ് നാട്ടുകാരുടെ ഏകാശ്രയം. കോഴിമുക്ക്, കേളമംഗലം, തകഴി ഗവ. ഹോസ്പിറ്റലിന് സമീപം എന്നിവിടെ സ്ഥാപിച്ച കുഴല്‍കിണറില്‍ നിന്നാണ് ജലവിതരണം നടത്തുന്നത്. ഇത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ പറ്റാത്തതരത്തില്‍ മാലിന്യം നിറഞ്ഞതാണ്. അടിയന്തരമായി പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.