ഗോകര്‍ണേശനെ വണങ്ങി തപസ്യ സാഗരതീരയാത്രയ്ക്ക് ഭാവോജ്ജ്വല സമാപനം

Sunday 17 January 2016 11:30 pm IST

ഗോകര്‍ണം: അതിരുകള്‍ ഭേദിച്ച സാംസ്‌കാരിക ഏകതയുടെ മഹാസന്ദേശമുയര്‍ത്തി തപസ്യ കലാസാഹിത്യവേദിയുടെ സാഗരതീരയാത്രയ്ക്ക് ഭവോജ്ജ്വലസമാപനം. ഗോകര്‍ണേശന് ജലാഭിഷേകം നടത്തി ഭാഷയും ഭൂമിയും സംസ്‌കാരവും കാത്തുരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് സഹ്യസാനുയാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളുമായി തപസ്യ തീര്‍ത്ഥയാത്രാസംഘം മടങ്ങി. ഇന്നലെ ഉടുപ്പിയിലെ സമുജ്ജ്വല സ്വീകരണത്തോടെയായിരുന്നു യാത്രയുടെ തുടക്കം. കോതേശ്വരത്തും കുന്താപുരത്തും വലിയ ജനക്കൂട്ടം യാത്രാസംഘത്തെ വരവേല്‍ക്കാന്‍ കാത്തുനിന്നു. മഹാദേവസ്പര്‍ശം കൊണ്ട് പാവനമായ മുരുഡേശ്വരത്ത് ഭക്തിയില്‍ കുതിര്‍ന്ന വരവേല്‍പായിരുന്നു ലഭിച്ചത്. അമ്മമാരടക്കം ആയിരങ്ങള്‍ മുരുഡേശ്വരത്തെ സ്വീകരണയോഗത്തില്‍ പങ്കുകൊണ്ടു. കന്യാകുമാരിയില്‍ മഹാദേവി പാര്‍വതി അനുഷ്ഠിച്ച ഘോരതപസ്സിന്റെ ഫലശ്രുതിയാണ് കാലാതിവര്‍ത്തിയായ ദര്‍ശനവും പേറി ഗോകര്‍ണേശനെത്തേടിയുള്ള മലയാളത്തിന്റെ തീര്‍ത്ഥയാത്രയെന്ന് പരിപാടിയില്‍ സംസാരിച്ച യക്ഷഗാന കലാകാരന്‍ സുബ്രഹ്മണ്യഹള്ള പറഞ്ഞു. വിവിധമേഖലകളില്‍ പ്രശസ്തരായ രാംചന്ദ്, അനന്തപത്മനാഭന്‍, രമേശ് നായിക്ക്, രാജേഷ് കാവേരി തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. അനുഷ്ഠാന കലാകാരന്മാരെ യാത്രാസംഘം ആദരിച്ചു. ശിരാലിയിലെ ശ്രീശങ്കരാശ്രമത്തില്‍ സ്വാമി സദ്യോജാത യാത്രാസംഘത്തെ വരവേറ്റു. ആദിശങ്കരന്റെ ജന്മനാട്ടില്‍ നിന്ന് അദ്വൈതത്തിന്റെ പൊരുളുമായെത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്രയെ വരവേല്‍ക്കുന്നത് നാടിന്റെ പുണ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷാസംസ്ഥാനങ്ങള്‍ എന്ന ഭരണാധികാര വിവേചനമല്ല സാംസ്‌കാരിക ദേശീയത എന്ന ഏകത്വമാണ് ഇന്നാട്ടിലെ ഓരോതരി മണ്ണിനെയും പവിത്രമാക്കിത്തീര്‍ക്കുന്നതെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. എന്റെ ഭാഷ എന്റെ ഭൂമി എന്റെ സംസ്‌കാരം എന്ന യാത്രയുടെ മുദ്രാവാക്യത്തിന്റെ അകക്കാമ്പ് ഋഗ്വേദ മന്ത്രമാണ്. അഭിമാനത്തോടെ ഓരോ പൗരനും അവനവന്റെ ജന്മദേശത്തെ ഉയര്‍ത്താനുള്ള ദൗത്യത്തിലേര്‍പ്പെടണമെന്ന ആഹ്വാനമാണ് യാത്ര മുന്നോട്ടുവെക്കുന്നത്. പ്രപഞ്ചരക്ഷയ്ക്കാണ് പ്രകൃതിയും മനുഷ്യനും. ചൂഷണമല്ല പരിപാലനമാണ് മനുഷ്യന്റെ ദൗത്യമെന്നും എന്നത്തെയും തലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കേണ്ടതാണ് സാംസ്‌കാരികമൂല്യങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹോന്നാനഗരയിലും കുമ്മട്ടയിലും ചരിത്രശേഷിപ്പുകള്‍ തൊട്ടുവണങ്ങിയാണ് യാത്രാസംഘം ഗോകര്‍ണത്തേക്ക് എത്തിയത്. ഗോകര്‍ണേശനെ വണങ്ങി ജലാഭിഷേകം ചെയ്തതിന് ശേഷമായിരുന്നു സമ്മേളനം. സംസ്‌കാര്‍ഭാരതി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി പ.രാ. കൃഷ്ണമൂര്‍ത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ട് പിന്നിടുന്ന തപസ്യ കലാസാഹിത്യവേദിയുടെ സാംസ്‌കാരിക തീര്‍ത്ഥയാത്ര നാടിനും സംസ്‌കൃതിക്കും വേണ്ടി തപസ്സനുഷ്ഠിച്ചവരുടെ പാത പിന്തുടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക ജീവിതം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ് ഭാഷയുടെയും ഭൂമിയുടെയും സംസ്‌കാരത്തിന്റെയും മേലുള്ള കടന്നുകയറ്റം. ഇതു മൂന്നും പരസ്പര പൂരകങ്ങളാണെന്നും ഇവയെപ്പറ്റിയുള്ള അഭിമാനം സമൂഹത്തില്‍ വളര്‍ത്തുകയാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. ജനുവരി 31ന് ആരംഭിക്കാന്‍ പോകുന്ന സഹ്യസാനുയാത്ര കയ്യേറ്റത്തിന്റെയും കടന്നുകയറ്റത്തിന്റെയും ഭീഷണമായ സാഹചര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്ന് പ്രൊഫ.പിജി. ഹരിദാസ് പറഞ്ഞു. പശ്ചിമഘട്ട മലനിരകളും അവയുടെ സംസ്‌കൃതിയും സംരക്ഷിക്കാനുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ തപസാണ് സഹ്യസാനുയാത്രയെന്നും ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുള്ള മലയോരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആ യാത്ര ഗ്രാമപൈതൃകങ്ങളെ ഉണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കര്‍ണാടകത്തിലെ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുത്തു. സംസ്‌കാര്‍ഭാരതി ക്ഷേത്രീയ കാര്യദര്‍ശി കെ. ലക്ഷ്മിനാരായണന്‍, കര്‍ണാടക സംസ്ഥാനസെക്രട്ടറി പി.വി. ചന്ദ്രശേഖരഷെട്ടി, തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ടി. പത്മനാഭന്‍നായര്‍, സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, സമിതിയംഗങ്ങളായ ഡോ. ബാലകൃഷ്ണന്‍ കൊളവയല്‍, പി.എന്‍. ബാലകൃഷ്ണന്‍, പി.ജി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും യാത്രാസംഘത്തിലുണ്ടായിരുന്നു. സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ രണ്ടാംഘട്ടമായ സഹ്യസാനുയാത്ര 31ന് മൂകാംബികയില്‍ സംഗീതാര്‍ച്ചനയോടെ ആരംഭിക്കും. ഫെബ്രുവരി 17ന് നാഗര്‍കോവിലില്‍ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.