ന്യൂദല്‍ഹി: ബിജെപിയുടേയും ബിഡിജെഎസിന്റെയും സംസ്ഥാന നേതൃത്വം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍ ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ അമിത്ഷായുമായി ചര്‍ച്ച ചെയ്തെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ക്കെതിരായ ജനവികാരം ഫലപ്രദമായി ഉപയോഗിച്ച് ബിജെപി വന്‍മുന്നേറ്റം നടത്തുമെന്ന് അമിത് ഷായുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കുമ്മനം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സഖ്യം, സീറ്റ് വിഭജനം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ബിജെപി-ബിഡിജെഎസ് നേതൃത്വങ്ങള്‍ തമ്മില്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും കുമ്മനം പറഞ്ഞു.
സമാന മനസ്കരായ നിരവധി സമുദായ സംഘടനങ്ങളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് വിതരണം തുടരുകയാണെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി സംസഥാന തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ വി.മുരളീധരന്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍, എസ്.ഗുരുമൂര്‍ത്തി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: