പോലീസ് ചമഞ്ഞ് തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍

Monday 18 January 2016 9:19 pm IST

കൊല്ലം: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കേരളാ പോലീസിലെ എസ്‌ഐയും സിവില്‍ പോലീസ് ഓഫീസറും ചമഞ്ഞ് ഇരുപത്തഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ രണ്ട് പേരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കളീക്കത്തറ തെക്കതില്‍ സച്ചു എന്ന് വിളിക്കുന്ന സജിത് (28), ചവറ കരിത്തുറ തൈക്കൂട്ടത്തില്‍ വീട്ടില്‍ പോള്‍ മാര്‍ട്ടിന്‍ (37) എന്നിവരെയാണ് പിടികൂടിയത്. മാസങ്ങളായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലെ രാത്രിയാത്രക്കാരെ കാക്കിപാന്റ്‌സും മഫ്ടി ഷര്‍ട്ടും ധരിച്ച് മോട്ടോര്‍ സൈക്കിളില്‍ എത്തുന്ന പോലീസുകാര്‍ ദേഹോപദ്രവം ഏല്‍പിച്ച് കവര്‍ച്ച നടത്തിയ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കവര്‍ച്ചക്കാരെ പിടിക്കുവാന്‍നിയോഗിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നടത്തിയ തീവ്രഅന്വേഷണത്തിന്റെ ഫലമായിട്ടാണ് നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ രാത്രിയാത്രക്കാരായ രണ്ടുപേരെ തല അടിച്ച് പൊട്ടിച്ച് കവര്‍ച്ച നടത്തി ശക്തികുളങ്ങര ഭാഗത്തേക്ക് കടന്ന് കളഞ്ഞ കവര്‍ച്ചസംഘത്തെ, പരിക്കേറ്റവരില്‍ നിന്നും കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പിടികൂടിയത്. സിആര്‍പിഎഫിലെ സബ് ഇന്‍സ്‌പെക്ടറുടെ യൂണിഫോം ധരിച്ച് എടുത്ത തന്റെ ഫോട്ടോ സ്മാര്‍ട്ട്‌ഫോണില്‍ വാള്‍പേപ്പറായി ഉപയോഗിച്ച ശേഷം രാത്രിയാത്രക്കാരെ ഈ ഫോട്ടോ കാണിച്ച് പോലീസാണെന്ന് പറഞ്ഞശേഷമാണ് ദേഹോപദ്രവം എല്‍പ്പിച്ച് കവര്‍ച്ച നടത്തിയത്. തൃശൂരില്‍ നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രക്കായി പോയ എട്ടംഗ സംഘത്തില്‍ നിന്നും 12 മൊബൈല്‍ഫോണും 15,000 രൂപയും കവര്‍ച്ച ചെയ്ത കേസ്, പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കരുനാഗപ്പള്ളി സ്വദേശിയായ ഉണ്ണികൃഷ്ണന്‍ എന്ന ആളിന്റെ പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്, ആലപ്പുഴ വള്ളികുന്നം തളിരാടി സ്വദേശി ബിജുകുമാറിന്റെ ഹോണ്ടാ യുണികോണ്‍ മോട്ടോര്‍ സൈക്കിള്‍ കവര്‍ന്ന കേസ്, കൊല്ലം റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും രണ്ടുമോട്ടോര്‍ സൈക്കിള്‍ കവര്‍ന്ന കേസ് ഉള്‍പ്പടെ 25 ഓളം കേസുകള്‍ ചെയ്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ രീതിയില്‍ മുടിവെട്ടി കാക്കി പാന്റ്‌സും ഷൂസും ധരിച്ചാണ് പ്രതികള്‍ മോഷണം നടത്തി വരുന്നത്. അറസ്റ്റിലായ സച്ചു ഇതിന് മുമ്പ് 30 കേസുകളിലായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചവറ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.