യുവതികള്‍ ആറാട്ട് ദിവസം പമ്പയിലെത്തുന്നത് ഒഴിവാക്കണം: പ്രയാര്‍

Monday 18 January 2016 10:29 pm IST

പത്തനംതിട്ട: പമ്പയില്‍ ശബരിമല അയ്യപ്പന്റെ ആറാട്ട് നടക്കുന്ന ദിവസം പത്തുവയസ്സിന് മുകളിലും അന്‍പത് വയസ്സിന് താഴെയുമുള്ള സ്ത്രീകള്‍ ആറാട്ട് ദര്‍ശനത്തിന് പമ്പയിലെത്തരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആചാരങ്ങളും അനുഷ്ഠാനങ്ങളും മുന്‍നിര്‍ത്തി ഉത്തരവാദിത്തം നിറവേറ്റും. ആയിരത്താണ്ടുകളായി ഭക്തര്‍ അനുഷ്ഠിച്ചുവരുന്ന ആചാരനുഷ്ഠാനങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ആചാരാനുഷ്ഠാനങ്ങളുടെമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കാന്‍ ദൈവാനുഗ്രമുണ്ടാകാന്‍ പ്രാര്‍ത്ഥനാസഭകള്‍ സംഘടിപ്പിക്കും. അതോടൊപ്പം നിയമപരമായ നടപടികള്‍ സ്വീകരിക്കാനും ദേവസ്വം ബോര്‍ഡ് തയ്യാറാണ്. തിരുവാഭരണം അണിഞ്ഞ അയ്യപ്പനെ സ്ത്രീകളടക്കമുള്ളവര്‍ക്ക് ദര്‍ശിക്കുന്നതിന് 22 ന് പെരുനാട് അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ സൗകര്യമുണ്ട്. പമ്പയില്‍ ബലിതര്‍പ്പണം നടത്താന്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് അവസരമൊരുക്കും. വൃശ്ചിക മാസത്തിലെ കറുത്തവാവ് ദിവസം നടത്തുന്ന ദശരഥ ജഡായു ബലിതര്‍പ്പണ ചടങ്ങില്‍ ഇതിനവസരമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.