ഹിന്ദുക്കള്‍ രാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെട്ട ജനത: കെ.പി. ശശികല ടീച്ചര്‍

Monday 18 January 2016 10:36 pm IST

പാലാ: രാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെട്ട ജനതയാണ് ഹിന്ദുക്കളെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഇതിനെതിരെ രാഷ്ട്രീയമായിത്തന്നെ പ്രതികരിക്കണമെന്ന് അവര്‍ പറഞ്ഞു. മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് ഒരു ചര്‍ച്ച പോലും നടത്താന്‍ കഴിയാത്ത ഭാരതത്തില്‍ ആചാരാനുഷ്ഠാനങ്ങളിലെ അവസാന വാക്ക് കോടതിയുടെതാവുന്നത് എങ്ങനെയെന്ന് ടീച്ചര്‍ ചോദിച്ചു. കേരളത്തിലുടനീളം ഒരു ഹിന്ദു ഉണര്‍വ്വ് ഇന്ന് ദൃശ്യമാകുന്നുണ്ട്. ഈ മാറ്റത്തെ ചൂഷണം ചെയ്യാന്‍ രണ്ട് മുന്നണികളും ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കെ.പി. ശശികല നിര്‍വ്വഹിച്ചു. ഹിന്ദുമഹാസംഗമം ചെയര്‍മാന്‍ വി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. ചിദംബരനാഥ് സ്മാരക വീര മാരുതി പുരസ്‌കാരം അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസമനുഷ്ടിച്ച ആര്‍എസ്എസ് മുന്‍ പ്രചാരകനും പ്രമുഖ സംഘാടകനുമായ വൈക്കം ഗോപകുമാറിന് സരസമ്മ ചിദംബരനാഥ് സമ്മാനിച്ചു. ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ നാരായണന്‍ നമ്പൂതിരി, പി.ആര്‍. ശ്രീകുമാര്‍, ബിജു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് നാരായണ കൈമളിനെ ചടങ്ങില്‍ ആദരിച്ചു. ഡോ. പി.സി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രമേഹമുക്ത ഭാരതം യോഗ പഠനക്ലാസ്, ബ്രഹ്മചാരി അശോകന്റെ നേതൃത്വത്തില്‍ മഹാസര്‍വ്വൈശ്വര്യ പൂജ എന്നിവയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.