പുല്ലൂപ്പിക്കടവ്, കുറ്റ്യേരിക്കടവ് പാലങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

Monday 18 January 2016 10:55 pm IST

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ പുല്ലൂപ്പിക്കടവ്, തളിപ്പറമ്പ് മണ്ഡലത്തിലെ കുറ്റ്യേരിക്കടവ് പാലങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. രാവിലെ 10.30 ന് കുറ്റ്യേരിക്കടവില്‍ നടക്കുന്ന കുറ്റ്യേരിക്കടവ് പാലം ഉദ്ഘാടനച്ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം, ചുടല, വെള്ളാവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കുപ്പം പുഴയ്ക്ക് കുറുകെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലം ഈ പ്രദേശങ്ങളില്‍ നിന്നും പരിയാരം, കുറ്റ്യേരി ഭാഗങ്ങളിലും നിന്നുള്ളവര്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ്, പഞ്ചായത്ത് ഓഫീസ്, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, ഏഴിമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാഹചര്യമൊരുക്കും. 5 സ്പാനുകളിലായി 112 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ രണ്ടുവശങ്ങളിലും നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഇരുഭാഗത്തും അഞ്ചര മീറ്റര്‍ വീതിയില്‍ സമീപനറോഡുകളും പൂര്‍ത്തിയായിട്ടുണ്ട്. നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പിനെയും കണ്ണൂര്‍ കോര്‍പറേഷനിലെ പുല്ലൂപ്പിയെയും ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലത്തിന്റെ ഉദ്ഘാടനം 2 മണിക്ക് കെ എം ഷാജി എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. കണ്ണൂര്‍ കക്കാട്-പുല്ലൂപ്പി റോഡിനെയും കാട്ടാമ്പള്ളി-കണ്ണാടിപ്പറമ്പ്- മുണ്ടേരി റോഡിനെയും ബന്ധിപ്പിച്ച് കാട്ടാമ്പള്ളി പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ കണ്ണാടിപ്പറമ്പ്-മുണ്ടേരി നിവാസികള്‍ക്ക് കണ്ണൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. 10 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. 25.32 മീറ്റര്‍ നീളമുള്ള 7 സ്പാനും ഇതേ നീളത്തിലുള്ള ഒരു സിംഗിള്‍ സ്പാനും ചേര്‍ന്നതാണ് പാലം. ഒരേ സമയം രണ്ടുവരിയില്‍ വാഹനങ്ങള്‍ കടന്നുപോകാവുന്ന തരത്തില്‍ ഏഴര മീറ്റര്‍ വീതിയുണ്ട്. ഇരുവശങ്ങളിലുമായി 1120 മീറ്റര്‍ നീളത്തില്‍ സമീപനറോഡുകളും നിര്‍മിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊട്ടിയൂര്‍ പഞ്ചായത്തിന്റെ ഭാഗമായ മന്ദംചേരിയെയും പന്നിയാംമലയെയും ബന്ധിപ്പിച്ച് ബാവലിപ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച മന്ദംചേരി പാലത്തിന്റെ ഉദ്ഘാടനം നാലുമണിക്ക് അഡ്വ.സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി നിര്‍വഹിക്കും. പി.കെ.ശ്രീമതി എംപിയും മറ്റ് ജനപ്രതിനിധികളും സംബന്ധിക്കും. കൂത്തുപറമ്പ് മണ്ഡലത്തിലെ കതിരൂര്‍-നാദാപുരം റോഡില്‍ പാനൂര്‍ മുതല്‍ ചെറ്റക്കണ്ടി വരെ മെക്കാഡം ടാറിങ്ങിന്റെയും വില്ലേജ് റോഡുകളുടെയും പ്രവൃത്തി ഉദ്ഘാടനം അഞ്ച് മണിക്ക് കുന്നോത്തുപറമ്പ് പഞ്ചായത്ത് ഓഫീസിനു സമീപം മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.